ദുൽഖറിന്റെ പോക്ക് ഇപ്പോൾ വേറെ ലെവൽ അല്ലേ, അതിന് പിന്നിലെ കാരണം അതാവും!, എന്റെ ഇൻസ്പിരേഷനാണ്: പെപ്പെ
മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു നടൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രത്തിൽ പെപ്പെ എന്ന കഥാപാത്രമായാണ് ആന്റണി എത്തിയത്.
ആ സിനിമയും ആന്റണിയുടെ കഥാപാത്രവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വെള്ളിത്തിരയിൽ എത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ആന്റണി വർഗീസ് മലയാളികള്‍ക്ക് ഇന്നും പെപ്പെ തന്നെ ആണ്. ആ പേരും കഥാപാത്രവും അത്രമേൽ ആഴത്തിലാണ് സിനിമാ പ്രേമികളുടെ മനസ്സിൽ പതിഞ്ഞത്.

അങ്കമാലി ഡയറീസിന് ശേഷം പെപ്പെയുടേതായി പുറത്തിറങ്ങിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായി മാറിയിരുന്നു. അടുത്തിടെയായി നിരവധി ചിത്രങ്ങളാണ് നടന്റേതായി പുറത്തിറങ്ങിയത്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, ഓ മേരി ലൈല, പൂവൻ തുടങ്ങിയവയാണ് ഒടുവിൽ പുറത്തിറങ്ങിയത്.
ആക്ഷൻ സിനിമകളിലൊക്കെ തിളങ്ങുന്ന പെപ്പെ പതിയെ എല്ലാത്തരം സിനിമകളിലേക്കും തിരിയുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. വരും വർഷങ്ങളിൽ നടനെന്ന നിലയിൽ കൂടുതൽ മെച്ചപ്പെടണം എന്ന് പറയുകയാണ് ആന്റണിയിപ്പോൾ. എന്നാൽ താൻ കരിയർ പ്ലാനിങ് തുടങ്ങിയിട്ടില്ലെന്നും അങ്ങനെ ചിന്തയുണ്ടെന്നും അക്കാര്യത്തിൽ ദുൽഖർ സൽമാൻ ആണ് തന്റെ ഇൻസ്പിരേഷൻ എന്നും പറയുകയാണ് നടൻ.

കരിയർ പ്ലാനിങ്ങിനെക്കുറിച്ച് പറയുമ്പോൾ മലയാള സിനിമയിൽ തന്റെ ഇൻസ്പിരേഷൻ ദുൽഖർ സൽമാനാണെന്ന് ആന്റണി പറഞ്ഞത്. കൃത്യമായ പ്ലാനിങ്ങോടെയായിരിക്കും ദുൽഖർ സിനിമ ചെയ്യുന്നതെന്നും അതുകൊണ്ടാണ് ഈ ലെവലിലേക്ക് വന്നതെന്നും ആന്റണി പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ പുതിയ അഭിമുഖത്തിലാണ് പെപ്പെയുടെ പരാമർശം.

'ഞാൻ കരിയർ പ്ലാനിങ് തുടങ്ങിയിട്ടില്ല. അങ്ങനെയുള്ള ചിന്തകളൊക്കെ ഉണ്ട്. കരിയർ പ്ലാനിങിനെ കുറിച്ച് പറയുകയാണെങ്കിൽ മലയാളത്തിലെ എന്റെ ഇൻസ്പിരേഷൻ ദുൽഖർ സൽമാനാണ്. അദ്ദേഹം പോകുന്ന പോക്ക് ഇപ്പോൾ വേറെ ലെവലല്ലെ. പുള്ളിയുടെ പോക്കിന് പിന്നിൽ ഉറപ്പായിട്ടും പ്ലാനിങ് ഉണ്ടായിരിക്കും,'
ഇപ്പോൾ ഹിന്ദിയിൽ അഭിനയിക്കുന്നുണ്ട്, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി എല്ലാ ഭാഷയിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. അഭിനയിക്കുന്ന ഭാഷകളിലെല്ലാം പടങ്ങൾ സൂപ്പർ ഹിറ്റുമാണ്. പ്ലാനിങ് കൊണ്ട് മാത്രമായിരിക്കും അങ്ങനെ. അതുമാത്രമല്ല, അദ്ദേഹത്തിന് നല്ല കഴിവുമുണ്ട്,' ആന്റണി പറഞ്ഞു.

2023 ൽ പുറത്തിറങ്ങുന്ന തന്റെ എല്ലാ പടങ്ങളും നന്നായി ഓടണം എന്നതാണ് തന്റെ ഏക പ്രതീക്ഷയെന്നും. താൻ ഇപ്പോൾ ഇരിക്കുന്ന അവസ്ഥയിൽ നിന്നും കുറച്ചുകൂടെ ഉയർച്ചയിലേക്ക് പോകണമെന്ന ആഗ്രഹവും ആന്റണി പങ്കുവച്ചു. 2022 ൽ സിക്സ് പാക്ക് ഉണ്ടാക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. ഈ വർഷവും അങ്ങനെയുള്ള ആഗ്രഹമുണ്ടെന്നും ആന്റണി പറഞ്ഞു.

അതേസമയം, പൂവൻ ആണ് ആന്റണി വർഗീസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ, നഹാസ് ഹിദായത്തിന്റെ ആർഡിഎക്‌സ് തുടങ്ങിയവയാണ് പെപ്പെയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ദുൽഖർ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











