ഞങ്ങള്‍ നേരിട്ട വിഷമത്തിന് അപ്പന്റേം അമ്മയുടേയും ജീവിതത്തിന്റെ വിലയുണ്ട്: പെപ്പെയുടെ സഹോദരി
നടന്‍ ആന്റണി വര്‍ഗ്ഗീസ് പെപ്പെയ്‌ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് നടത്തിയ ആരോപണവും അതിന് പെപ്പെ നല്‍കിയ മറുപടിയുമൊക്കെ ചര്‍ച്ചയായി മാറുകയാണ്. പെപ്പെ സിനിമ ചെയ്യാനായി അഡ്വാന്‍സ് വാങ്ങി പെങ്ങളുടെ കല്യാണം നടത്തിയെന്നും എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. പിന്നാലെ പത്രസമ്മേളനത്തിലൂടെ പെപ്പെ മറുപടി നല്‍കുകയായിരുന്നു.
താന്‍ പണം തിരികെ നല്‍കി ഒരു വര്‍ഷം കഴിഞ്ഞായിരുന്നു പെങ്ങളുടെ കല്യാണം നടന്നതെന്ന് വ്യക്തമാക്കി. പണം കൈമാറിയതിന്റേയും പെങ്ങളുടെ കല്യാണത്തിന്റേയും തിയ്യതികളും പെപ്പെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പെപ്പെയുടെ സഹോദരി അഞ്ജലി വര്‍ഗ്ഗീസ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താര സഹോദരിയുടെ പ്രതികരണം.

തങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ചേട്ടന്‍ നല്‍കിയതെന്നാണ് അഞ്ജലി പറയുന്നത്. തങ്ങളുടെ വിഷമത്തിന് അപ്പന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നും സഹോദരി പറയുന്നു. ''രണ്ടു ദിവസത്തോളം ഞങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടന്‍ പറഞ്ഞത്.... ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്'' എന്നായിരുന്നു അഞ്ജലി കുറിച്ചത്.
സഹോദരിയുടെ കുറിപ്പ് പെപ്പെ തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. ്അതേസമയം സംഭവത്തില്‍ ജൂഡ് ആന്തണി ജോസഫ് മാപ്പ് ചോദിച്ചിരുന്നു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് മാപ്പ് ചോദിച്ചത്. താന്‍ പറഞ്ഞത് ഭയങ്കര ചീപ്പായിപ്പോയെന്നും ഉള്ളില്‍ ദേഷ്യമില്ലെന്നും ജൂഡ് പറഞ്ഞു.
''ഞാനങ്ങനെ വായിലെ നാവ് കൊണ്ട് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. മിനിഞ്ഞാന്ന് ഒരു അഭിമുഖത്തില്‍ പാവം പെപ്പയെ പറഞ്ഞിരുന്നു. അതിന്റെ കുറ്റബോധത്തിലാണ് ഞാന്‍ ഇരിക്കുന്നത്. അവന്‍ പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയ്ക്ക് അഡ്വാന്‍സ് വാങ്ങിയ കാശിനാണെന്ന് പറഞ്ഞു. സത്യമാണോന്ന് പോലും എനിക്കറിയാത്ത കാര്യമായിരുന്നു'' എന്നായിരുന്നു ജൂഡിന്റെ പ്രതികരണം.
''അവന്റെ പെങ്ങളുടെ കല്യാണം നടന്നിരുന്നു ആ സമയത്ത്. അപ്പോള്‍ ഞാന്‍ കരുതി ആ കാശു കൊണ്ടാണെന്ന്. എന്നിട്ട് ആ കാശ് നിര്‍മ്മാതാവിന് തിരിച്ചു കൊടുത്തത്. പറഞ്ഞ ടോണും മാറിപ്പോയി, പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്റെ പെങ്ങള്‍ക്കും കുടുംബത്തിനുമൊക്കെ ഒരുപാട് വിഷമമായിട്ടുണ്ടാകും. ഉറപ്പായിട്ടും ആയിട്ടുണ്ടാകും. ഞാന്‍ അവരോട് മാപ്പ് പറയുകയാണ്'' എന്നും ജൂഡ് പറഞ്ഞിരുന്നു.

അതേസമയം താന്‍ പെപ്പെയെ ഫോണ്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ ഫോണില്‍ കിട്ടിയില്ലെന്നും ജൂഡ് പറയുന്നുണ്ട്. ഞാനാ നിര്‍മ്മാതാവിനെ മാത്രമാണ് ഓര്‍ത്തത്. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും പിള്ളേരുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് ഓര്‍ത്തപ്പോള്‍ അത്രയെങ്കിലും ഞാന്‍ പറയണ്ടേ എന്ന് ഓര്‍ത്ത് പറഞ്ഞതാണ്. ഉള്ളിലില്ലാത്ത ദേഷ്യമായിരുന്നു പുറത്ത് വന്നത്. എനിക്കൊരു ദേഷ്യവുമുണ്ടായിരുന്നില്ല. ഭയങ്കര ചീപ്പായിപ്പോയി, മോശമായിപ്പോയി എന്നും ജൂഡ് പറഞ്ഞിരുന്നു.
ജൂഡേട്ടന്‍ പറഞ്ഞ നിര്‍മ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി27 ന്. പിന്നെ എന്റെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18 നു. ഒരു വര്ഷം മുന്‍പേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാന്‍ പെങ്ങളളുടെ കല്യാണം നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു പെപ്പെയുടെ പ്രതികരണം. തന്റെ അമ്മ ജൂഡിനെതിരെ പരാതി നല്‍കുമെന്നും പെപ്പെ അറിയിച്ചിരുന്നു.


Click it and Unblock the Notifications











