പലരും തെറ്റായ ഉദ്ദേശത്തോടെ സമീപിച്ചു, അവരെയെല്ലാം നേരിട്ടത് അങ്ങനെ; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് അനു ഇമ്മാനുവൽ
മലയാള സിനിമയിൽ നിന്ന് അന്യഭാഷയിലേക്ക് പോയി നേട്ടം കൊയ്ത നിരവധി നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അനു ഇമ്മാനുവൽ. ബാല താരമായാണ് അനു ഇമ്മാനുവൽ സിനിമയിലേക്ക് എത്തുന്നത്. ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ജയറാമിന്റെ മകളായിട്ടാണ് താരം എത്തിയത്. പിന്നീട് നിവിൻ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയുമായി.
ഇതിനു ശേഷം മലയാളത്തിൽ കണ്ടിട്ടില്ലെങ്കിലും തെലുങ്ക്, തമിഴ് ഭാഷകളിൽ നിന്ന് നിരവധി അവസരങ്ങളാണ് അനുവിനെ തേടി എത്തിയത്. ഇന്ന് തെലുങ്കിലെ ഏറ്റവും തിരക്കുള്ള യുവനായികയാണ് അനു ഇമ്മാനുവല്‍. ഇടയ്ക്ക് തമിഴിലും താരം അഭിനയിച്ചിരുന്നെങ്കിലും തെലുങ്കിലാണ് കൂടുതൽ സജീവം. നാനി നായകനായെത്തിയ മജ്നു ആയിരുന്നു അനുവിന്റെ ആദ്യ തെലുങ്ക് ചിത്രം.

തമിഴിൽ മിഷ്കിൻ സംവിധാനം ചെയ്ത വിശാൽ നായകനായ തുപ്പരിവാലനിലും ശിവ കാർത്തികേയൻ നായകനായ നമ്മ വീട്ടു പിള്ളെ എന്ന ചിത്രത്തിലുമാണ് അനു അഭിനയിച്ചത്. രണ്ടിലേയും പ്രകടനം ഏറെ ശ്രദ്ധനേടി. സോഷ്യൽ മീഡിയയിലും സജീവമായ അനുവിന് മലയാളത്തിൽ നിന്നും ആരാധകരുണ്ട്. മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ ലഭിച്ചാൽ മടങ്ങിയെത്തും എന്നാണ് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ അനു ഇമ്മാനുവൽ പറഞ്ഞത്.
മോഡലിങ്ങിൽ സജീവമായ അനു, ഗ്ലാമറസ് വേഷങ്ങൾ ഉൾപ്പെടെ ചെയ്താണ് തെലുങ്കിൽ തിളങ്ങി നിൽക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴിലെ സൂപ്പർ ഹിറ്റായ പ്യാർ പ്രേമ കാദലിന്റെ തെലുങ്ക് റീമേക്കായ ഉർവശിവോ രാക്ഷശിവോ എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ രാവണാസുര എന്ന സിനിമയിൽ രവി തേജയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങളിലും അനു അഭിനയിച്ചു. ഏത് വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു മുന്നോട്ട് പോവുകയാണ് താരമിപ്പോൾ. അതിനിടെ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചവരെ മറികടന്ന് സിനിമയിൽ സജീവമായി നിൽക്കുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനു ഇമ്മാനുവൽ.

മറ്റു പല നടിമാർക്കും ഉണ്ടായിട്ടുള്ളത് പോലെ പലരും തെറ്റായ രീതിയിൽ തന്നെ സമീപിച്ചിട്ടുണ്ടെന്ന് അനു ഇമ്മാനുവൽ തുറന്നു പറഞ്ഞു. ചിലർ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് പറഞ്ഞു. എന്നാൽ അതിനെയൊന്നും ഭയത്തോടെ കാണാതെ വീട്ടുകാരുടെ പിന്തുണയോടെ അതെല്ലാം കൈകാര്യം ചെയ്യുകയാണ് ചെയ്തത്. അത്തരമൊരു സമയത്ത് അതിനെയെല്ലാം ഒറ്റയ്ക്ക് നേരിടുന്നതിനേക്കാൾ കുടുംബത്തിന്റെ പിന്തുണയോടെ അവ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നും അനു പറയുന്നു.
കുടുംബാംഗങ്ങൾക്ക് മാത്രമേ ആ സമയത്ത് നമ്മളെ സഹായിക്കാൻ കഴിയൂ. സ്ത്രീകൾ മുന്നോട്ട് വരരുതെന്ന് കരുതുന്ന ചില വികൃത സ്വഭാവക്കാരെ സ്ത്രീകൾ ഭയപ്പെടേണ്ട കാര്യമില്ല, അതേ സമയം അവർക്കെതിരെ പ്രതികരിക്കാൻ ധൈര്യത്തോടെ മുന്നോട്ട് വരുകയാണ് വേണ്ടതെന്നും അനു ഇമ്മാനുവൽ വ്യക്തമാക്കി. എന്നാൽ ഏത് ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് അത്തരമൊരു മോശം അനുഭവം ഉണ്ടായതെന്ന് പറയാൻ അനു ഇമ്മാനുവൽ തയ്യാറായില്ല.
അതേസമയം ജപ്പാൻ എന്ന തമിഴ് സിനിമയാണ് അനു ഇമ്മാനുവലിന്റേതായി അണിയറയിൽ ഉള്ളത്. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയും തെലുങ്ക് താരം സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തിയുടെ നായികയായാണ് അനു ഇമ്മാനുവൽ എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീരിൽ പുരോഗമിക്കുകയാണ്. കാർത്തിയുടെ പിറന്നാളിന് പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.


Click it and Unblock the Notifications











