മമ്മൂക്കയെ കുറിച്ച് ഞാൻ അന്ന് കള്ളം പറഞ്ഞു, ഇഷ്ടം കൊണ്ടാണ്; പിന്നീട് അതുപോലെ തന്നെ നടന്നു: അനു സിത്താര
ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് അനു സിത്താര. കാവ്യ മാധവന് ശേഷം മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാൻസർ കൂടിയാണ് താരം. 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
എന്നാൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് അനു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൂടുതൽ അവസരങ്ങൾ അനുവിനെ തേടി എത്തുകയായിരുന്നു. 25-ലധികം സിനിമകളുമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് അനു ഇപ്പോൾ. വാതിലാണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു താരം. അതിനിടെ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് അനു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് അനു സിത്താര. മുൻപ് പല തവണ ഇതേക്കുറിച്ച് നടി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് താൻ പറഞ്ഞിട്ടുള്ള കള്ളങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അനു ഇപ്പോൾ. മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞതെന്ന് താരം പറയുന്നു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അനു ഇക്കാര്യം പറഞ്ഞത്.
'മമ്മൂക്കയെ ചെറുപ്പത്തിലെ എനിക്കിഷ്ടമാണ്. ചെറുപ്പത്തിലേ എന്റെ ഇഷ്ട നടൻ ആരാണെന്ന് ചോദിച്ചാൽ ഞാൻ മമ്മൂക്ക എന്നെ പറയാറുള്ളൂ. എനിക്കിപ്പോഴും ഓർമയുണ്ട്, കുട്ടിക്കാലത്ത് മമ്മിക്ക് പ്രോഗ്രാംസ് ഉണ്ടാകാറുണ്ട്. മമ്മി ഡാൻസറാണ്. അപ്പോൾ അതൊക്കെ കഴിഞ്ഞ്, മദ്രാസിലൊക്കെ പോയി തിരിച്ചുവരുമ്പോൾ അടുത്തുള്ള വീട്ടുകാരെന്നോട് വിശേഷങ്ങൾ ചോദിക്കും. ഞാൻ ചുമ്മാ പറയും മമ്മൂക്കയെ കണ്ടു. മമ്മൂക്കയെ ഞാൻ കണ്ടിട്ട് ഞെട്ടിപ്പോയി. മമ്മൂക്ക കറുത്ത കാറിൽ നിന്ന് ഇറങ്ങി വന്നു എന്നൊക്കെ,'
'ചുമ്മാ ആഗ്രഹം കൊണ്ടുള്ള കള്ളം പറച്ചിലാണ്. അന്നേ ഇഷ്ടമാണ് അദ്ദേഹത്തെ. സിനിമകൾ കണ്ടിട്ടാണോ പേഴ്സണാലിറ്റി കൊണ്ടാണോ ഒന്നും അറിയില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണ് മമ്മൂക്കയെ. മമ്മുക്കയുടെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടില്ല. പക്ഷേ ഇഷ്ടപ്പെട്ട ഒത്തിരി സിനിമകളുണ്ട്. അതിന് ഇന്ന റീസൺ എന്നൊന്നും പറയാൻ എനിക്ക് അറിയില്ല. സിനിമകളും മമ്മൂക്കയുടെ ക്യാരക്ടറും എല്ലാംകൊണ്ടും എനിക്ക് ഇഷ്ടമാണ്. അത് മമ്മൂക്കയോട് തന്നെ നേരിട്ട് പറയാൻ പറ്റി എന്നതാണ് വലിയ ഭാഗ്യം', അനു സിത്താര പറയുന്നു.

'ആദ്യം ഞാൻ മമ്മൂക്കയെ മീറ്റ് ചെയ്യുന്നത് ചെന്നൈയിൽ വെച്ചിട്ടാണ്. വർഷങ്ങൾക്കു മുൻപേ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. അതിനു മുന്നേ മമ്മൂക്കയെ കാണണമെന്ന് എന്റെ ആഗ്രഹമാണ്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതി എന്നായിരുന്നു എന്റെ ആഗ്രഹം. മിണ്ടുകയൊന്നും വേണ്ട, മമ്മൂക്കയെ ഒന്ന് കണ്ടാൽ മാത്രം മതി. പക്ഷേ അതിൽ നിന്നൊക്കെ മാറി ഞാൻ ചെറുപ്പത്തിൽ കള്ളം പറയുന്ന പോലെ തന്നെയായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച,'
'ഞാൻ മമ്മുക്കയുടെ കാരവന് മുന്നിൽ വെയിറ്റ് ചെയ്തു നിൽക്കുകയാണ്. അദ്ദേഹം പതുക്കെ ഡോർ തുറക്കുന്നു. മമ്മൂക്ക ഇങ്ങനെ ചിരിച്ചു ഇരിക്കുന്നു. എന്റെ കള്ളത്തരം നടന്നപോലെയായി. നമ്മൾ പറയാറില്ലേ ചില കാര്യങ്ങൾ നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ നടക്കുമെന്ന്. ചെന്നൈയിൽ പേരൻപിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. അതുകൊണ്ട് തന്നെ എനിക്ക് ആ സിനിമ വളരെ പ്രിയപ്പെട്ടതാണ്,' അനു സിത്താര പറഞ്ഞു.


Click it and Unblock the Notifications











