ഞാന്‍ അച്ഛന്റെ രാജകുമാരിയായിരുന്നു, അച്ഛന്‍ പോയതോടെ ശൂന്യതയായി; ആ സ്ഥാനം പതിയെ ഏറ്റെടുത്തു
തന്റെ അഭിനയ മികവു കൊണ്ട് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് അനുമോള്‍. അകം, ഇവന്‍ മേഘരൂപന്‍, ഞാന്‍, വെടിവഴിപാട്, ചായില്യം തുടങ്ങിയ സിനിമകളിലൂടെയാണ് അനുമോള്‍ കയ്യടി നേടുന്നത്. സിനിമാ താരമായിരിക്കുമ്പോഴും തനി നാട്ടിന്‍പുറത്തുകാരിയാണ് അനുമോള്‍. അനുവിന്റെ സോഷ്യല്‍ മീഡിയയില്‍ തന്റെ ഗ്രാമം നിറഞ്ഞു നില്‍ക്കുന്നത് കാണാം.
ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അനുമോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ മനസ് തുറന്നത്. താന്‍ അച്ഛന്റെ രാജകുമാരിയാണെന്നാണ് അനുമോള്‍ പറയുന്നത്. അനുമോള്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛ്ന്‍ മരിക്കുന്നത്. പിന്നീടങ്ങോട്ടുള്ള തന്റേയും അമ്മയുടേയും അനിയത്തിയുടേയും ജീവിതത്തെക്കുറിച്ചും അച്ഛന്റെ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നതിനെക്കുറിച്ചും ്അനുമോള്‍ സംസാരിക്കുന്നുണ്ട്.

അച്ഛന്‍ ജീവിച്ചിരുന്ന സമയത്ത് ഞങ്ങള്‍ തിയറ്ററില്‍ പോയി സിനിമ കാണുന്ന പതിവുണ്ടായിരുന്നു. കമ്മീഷണര്‍ ആണ് അച്ഛനൊപ്പം അവസാനം പോയി കണ്ടസിനിമ എന്ന് പറഞ്ഞുകേട്ട അറിവുണ്ട്. അച്ഛന്‍ ഹൃദയാഘാതം വന്നാണ് മരിച്ചത്. എനിക്ക് അച്ഛനോടായിരുന്നു കൂടുതല്‍ അടുപ്പം. ഞാന്‍ അച്ഛന്റെ രാജകുമാരിയായിരുന്നു. അച്ഛന്‍ എന്റെ ഹീറോയുമെന്നാണ് അനുമോള്‍ പറയുന്നത്.
ഒരു കടയില്‍ പോയി ഏതെങ്കിലും ചെരിപ്പ് ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ആ നിറത്തിലും ആ പാറ്റേണിലുമുള്ള എല്ലാ ചെരിപ്പും വാങ്ങിച്ചു തരും. അച്ഛന്റെ ചെറിയ വിജയങ്ങളൊക്കെ വലിയ രീതിയില്‍ ആഘോഷിച്ചു. വീട്ടിലെ ജീപ്പിന്റെ മുകളില്‍ എന്നെ ഇരുത്തി നാട്ടിലൂടെ കറങ്ങും. അച്ഛന്‍ പോയ ആദ്യത്തെ നാല് വര്‍ഷത്തോളം വലിയ ശൂന്യതയായിരുന്നു. അച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് ദിവസേന ഒട്ടേറെ ആളുകള്‍ വീട്ടില്‍ വന്നു പോയിരുന്നു. പെട്ടെന്ന് ആരും വരാനില്ലാതായെന്നും താരം പറയുന്നു.
''ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ മുതല്‍ ഞാന്‍ എല്ലാ കാര്യങ്ങളും തനിച്ച് ചെയ്തു തുടങ്ങി. അമ്മ എന്നെ ബാങ്കിലേക്കും പോസ്റ്റ് ഓഫീസിലേക്കും കടകളിലേക്കുമൊക്കെ വിടും. അമ്മ തരുന്ന എഴുത്ത് ഞാന്‍ അവിടെ കൊണ്ടു കൊടുക്കും. അച്ഛന്റെ സ്ഥാനം പതിയെ ഞാന്‍ ഏറ്റെടുത്തു. എല്ലാം അമ്മ എന്നെക്കൊണ്ട് ചെയ്യിച്ചു. അമ്മ പറയും, എനിക്ക് പുറത്തു പോകാന്‍ അറിയില്ല. ഒന്നും ചെയ്യാന്‍ അറിയില്ല'' അനുമോള്‍ പറയുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ അമ്മയുടേയും അനിയത്തിയുടേയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. വളരുന്ന കാലത്ത് ഞാന്‍ നിരന്തരം കേട്ടിരുന്നത് അച്ഛനില്ലാത്ത കുട്ടികളാണ് വേഗം കല്യാണം കഴിപ്പിച്ചയക്കണം എന്ന പല്ലവിയാണ്. കല്യാണാലോചന വരുമ്പോള്‍ പഠിത്തം കഴിയട്ടെ എന്ന് പറയാന്‍ വേണ്ടി ഏറ്റവും കാലയളവുള്ള കോഴ്‌സ് എന്ന തരത്തിലാണ് എന്‍ജിനീയറിംഗ് തിരഞ്ഞെടുത്തത്. അച്ഛന്‍ പോകുമ്പോള്‍ ഞങ്ങള്‍ സാമ്പത്തികമായി സുരക്ഷിതരായിരുന്നു. നാട്ടില്‍ കുറേ സ്ഥലങ്ങളും കടമുറികളും കൃഷികളും ഉണ്ടായിരുന്നു. ഒരു സ്ഥലം വിറ്റാണ് എന്നെ കോളേജില്‍ ചേര്‍ത്തതെന്നും അനുമോള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
തമിഴ് വെബ് സീരീസായ അയലിയാണ് അനുമോളെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. സി5ല്‍ പ്രദര്‍ശിപ്പിക്കുന്ന സീരീസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സീരീസില്‍ അനു തന്നെയായിരുന്നു ഡബ്ബ് ചെയ്തതും.


Click it and Unblock the Notifications