'എന്റെ അമ്മ മലയാളിയാണ്, അമ്മയില്ലെങ്കിൽ ഇന്ന് നിങ്ങൾ കാണുന്ന ഞാനില്ല'; പ്രണയവിവാഹത്തെ കുറിച്ചും ദേവയാനി!
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലൊക്കെ നിറഞ്ഞു നിന്നിരുന്ന നടിയാണ് ദേവയാനി. മലയാളത്തിലൂടെയാണ് കരിയർ തുടങ്ങുന്നതെങ്കിലും കൂടുതലും തമിഴ് സിനിമകളിലാണ് ദേവയാനി അഭിനയിച്ചത്. കുടുംബിനിയായ നായികാ വേഷങ്ങളിലാണ് ദേവയാനിയെ പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ളത്. അതിനാൽ തന്നെ കുടുംബ പ്രേക്ഷകർക്കൊക്കെ ഏറെ പ്രിയങ്കരിയാണ് നടി. ഇപ്പോഴും സിനിമകളിൽ സജീവമാണെങ്കിലും ദേവയാനി മലയാളത്തിൽ അഭിനയിച്ചിട്ട് വർഷങ്ങളായി.
എന്നാൽ ഇപ്പോഴിതാ, ആ ഇടവേള അവസാനിപ്പിച്ച് വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് ദേവയാനി. അനുരാഗം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. തന്റെ പ്രണയ വിവാഹം, അമ്മ നൽകിയ പിന്തുണ എന്നിവയെ കുറിച്ചെല്ലാം നടി സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

തമിഴ് സംവിധായകനായ രാജകുമാരനെയാണ് നടി വിവാഹം കഴിച്ചത്. 2001 ൽ ആയിരുന്നു നടിയുടെ വിവാഹം. ഇനിയ, പ്രിയങ്ക എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. തന്റേത് ഒരു സിംപിൾ കുട്ടി ലവ് സ്റ്റോറി ആണെന്നാണ് ദേവയാനി പറഞ്ഞത്. 'പ്രണയം എന്നത് എപ്പോഴും ഒരേ ഫീലിംഗ് ആണ്. എന്റെ ഭർത്താവ് ഒരു സംവിധായകനാണ്. സൂര്യവംശം എന്നൊരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ സിനിമയിൽ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു,'
'രണ്ടു മൂന്ന് വർഷം കഴിഞ്ഞ് അദ്ദേഹം ഒരു സിനിമ ചെയ്തു. അതിൽ എന്നെ നായികയാക്കി. വീണ്ടും അദ്ദേഹം എന്നെ വെച്ച് ഒരു സിനിമ ചെയ്തിരുന്നു. അതിനിടയിൽ ഞങ്ങൾക്കിടയിൽ സൗഹൃദം ഉണ്ടായി. ആ സൗഹൃദം പ്രണയമായി. അങ്ങനെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു,' എന്നാണ് പ്രണയ വിവാഹത്തെ കുറിച്ച് നടി പറഞ്ഞത്.
മലയാളത്തിൽ അഭിനയിച്ചപ്പോഴുള്ള ഭാഷ പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ നൽകുന്ന പിന്തുണയെ കുറിച്ചാണ് താരം പറഞ്ഞത്. 'എന്റെ അമ്മ മലയാളിയാണ്. അതുകൊണ്ട് എനിക്ക് പറഞ്ഞാൽ മനസിലാകും. ഞങ്ങൾ ജനിച്ചതും വളർന്നതുമൊക്കെ മുംബൈയിൽ ആയിരുന്നു. അതുകൊണ്ട് കൂടുതലും ഇംഗ്ലീഷും ഹിന്ദിയും ആയിരുന്നു വീട്ടിൽ. അമ്മയായിരുന്നു എന്റെ സപ്പോർട്ട്. മലയാളത്തിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ പിന്തുണച്ചത് അമ്മയാണ്,'
'ഡയലോഗ് ഒന്നും മനസിലായില്ലെങ്കിൽ അമ്മയോട് ചോദിക്കും. അമ്മയാണ് അർത്ഥമൊക്കെ പറഞ്ഞു തരുക. ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് അമ്മ കാരണമാണ്. ഞാൻ അത് അഭിമാനത്തോടെ പറയും. അമ്മ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്ന ദേവയാനി ആയിരുന്നിരിക്കില്ലെന്നും' ദേവയാനി പറഞ്ഞു.
മലയാളികൾക്ക് എന്നെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് ബാലേട്ടനിലൂടെയാണ്. എവിടെ പോയാലും ചോദിക്കുന്നത് ബാലേട്ടനെ കുറിച്ചാണ്. നരനും ആരാധകരുണ്ട്. വളരെ ചെറിയ വേഷമായിരുന്നെങ്കിലും എല്ലാവര്ക്കും അത് ഇഷ്ടപ്പെട്ടിരുന്നുവെന്നും ദേവയാനി കൂട്ടിച്ചേർത്തു.

അനുരാഗത്തിൽ പ്രധാന വേഷത്തിലാണ് ദേവയാനി എത്തുന്നത്. ഷീലയും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നടിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൂടിയാണ് ഈ സിനിമ ചെയ്യാനുള്ള കാരണമെന്ന് ദേവയാനി പറഞ്ഞു.
മുൻപ് മൈ സ്‌കൂൾ എന്നൊരു ചെറിയ ബജറ്റ് മലയാള സിനിമ ചെയ്തിരുന്നു. അതിൽ ഒരു സീനിൽ മധു സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അത് അറിഞ്ഞപ്പോൾ തന്റെ ഭർത്താവ് ആ സിനിമ എന്തായാലും ചെയ്യണം എന്ന് പറഞ്ഞയക്കുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ആ സിനിമ ചെയ്തതെന്നും ദേവയാനി പറഞ്ഞു.
പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചിത്രമാണ് അനുരാഗം. അശ്വിൻ ജോസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗൗതം മേനോൻ, ജോണി ആന്റണി, ഗൗരി ജി. കിഷൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications