അസിന് അവാർഡ് കിട്ടിയപ്പോൾ ഒരുപാട് കരഞ്ഞു: വൈറലായി അനുഷ്കയുടെ വെളിപ്പെടുത്തൽ
ബോളിവുഡ് നായികമാർ തമ്മിലുള്ള മത്സരം എല്ലാക്കാലത്തും ചർച്ചാ വിഷയമായിട്ടുള്ള ഒന്നാണ്. എത്ര വലിയ സ്ഥാനത്ത് എത്തി നിൽക്കുന്ന താരത്തിനും, മറ്റൊരു നടിയുടെ വളർച്ച സഹിക്കാവുന്നതിനും അപ്പുറത്താണ്. അങ്ങിനെയൊരു മത്സരത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മലയാളി താരമായ അസിനോട്, പ്രശസ്ത നടിയും, വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയ്ക്ക് ഉണ്ടായിരുന്ന കടുത്ത മത്സരത്തിന്റെ കഥയാണത്. അസിൻ മികച്ച പുതുമുഖത്തിനുള്ള അവാർഡ് നേടിയപ്പോൾ താൻ അനുഭവിച്ച വിഷമത്തെ കുറിച്ച് അനുഷ്ക തുറന്നു പറയുന്നത് വരെ എത്തി കാര്യങ്ങൾ.
ബോളിവുഡിന് 2008 വളരെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. നിരവധി പുതുമുഖങ്ങൾ ഹിന്ദി സിനിമയിൽ തങ്ങളുടെ അഭിനയ ജീവിതം ആരംഭിച്ച വർഷമാണത്. അനുഷ്ക ശർമ്മയും അസിനും ആ പട്ടികയിൽ ഇടം നേടിയ രണ്ട് പേരുകളായിരുന്നു. ഷാരൂഖ് ഖാനൊപ്പമുള്ള റബ് നേ ബനാ ദി ജോഡിയിലൂടെയാണ് അനുഷ്ക ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത സൗത്ത് ഇന്ത്യൻ താരമായ അസിൻ, ആമിർ ഖാനൊപ്പം ഗജിനി ഹിന്ദി പതിപ്പിലെ നായികയായി ഇൻഡസ്ട്രിയിൽ അരങ്ങേറി.

അനുഷ്ക ശർമ്മയുടെ റബ് നെ ബനാ ദി ജോടിയിലെ പ്രകടനം പ്രേക്ഷകരെ നന്നായി രസിപ്പിച്ചിരുന്നു. എന്നാൽ, കൽപ്പനയായി ഗജിനിയിൽ എത്തിയ അസിനാണ് ആ വർഷത്തെ താരമായി മാറിയത്. രണ്ട് അഭിനേതാക്കളും ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ടു സിനിമകളും പുറത്തിറങ്ങി ഒരു വർഷത്തിനുശേഷം, ഗജിനിയിലെ കൽപ്പനയെ അവതരിപ്പിച്ചതിന് അസിൻ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. അസിനോട് പരാജയപ്പെട്ടതിനെക്കുറിച്ച് അനുഷ്ക പറഞ്ഞ ഒരു പഴയകാല അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

വർഷങ്ങൾക്ക് ശേഷം 2018ൽ അനുഷ്ക ശർമ്മ ഒരു പ്രശസ്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഈ ക്ലിപ്പ് ഇപ്പോൾ വൈറൽ ആവുകയാണ്. "ആ അവാർഡ് എനിക്ക് നൽകാത്തതിൽ ഇന്നും ഞാൻ വളരെ അസ്വസ്ഥയാണ്. കാരണം, ഞാൻ അത്രയും കണക്കുകൂട്ടൽ നടത്തി, നിങ്ങൾക്കറിയാമോ? ഞാൻ കരുതിയത്, അസിൻ ഈ സിനിമയും ഈ റോളും നേരത്തെ തമിഴിൽ ചെയ്തിട്ടുണ്ട്. മറ്റ് ഭാഷകളിൽ ചെയ്തിട്ടുണ്ട്, വളരെ വർഷങ്ങളായി അവർ അഭിനയത്തിൽ എത്തിയിട്ട്. അപ്പോൾ ഉറപ്പായും മികച്ച പുതുമുഖത്തിനുള്ള അവാർഡ് കിട്ടേണ്ട കാര്യമില്ലല്ലോ," അനുഷ്ക വിശദീകരിച്ചു.
"സത്യത്തിൽ പുതുമുഖം ഞാൻ ആണല്ലോ. ഞാൻ ആണ് സിനിമയിൽ പുതിയതായി എത്തിയ ആൾ. അത് കൊണ്ട് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് എനിക്ക് തന്നെ കിട്ടുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ആ പ്രോത്സാഹനം അപ്പോൾ എനിക്ക് വളരെ ആവശ്യവുമായിരുന്നു. പക്ഷെ അവർ ആ അവാർഡ് അസിനാണ് കൊടുത്തത്. അതോടെ ഞാൻ ആകെ അപ്സെറ്റ് ആയി, ഒരുപാട് വിഷമിച്ചു, കൊച്ചു കുട്ടിയെപ്പോലെ അന്ന് ഞാൻ കരഞ്ഞു," അനുഷ്ക ശർമ്മ വെളിപ്പെടുത്തി. പക്ഷെ അവാർഡ് സ്വീകരിക്കാൻ അസിൻ വേദിയിൽ എത്തിയപ്പോൾ താൻ കൈയ്യടിക്കാൻ മറന്നില്ല എന്നും പ്രശസ്ത താരം വെളിപ്പെടുത്തി.
Anushka says she's sad that Asin got the Best Debut award and not her
byu/aoestilsft626 inBollyBlindsNGossip
അനുഷ്കയുടെ വെളിപ്പെടുത്തലിനോട് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത് രണ്ടു തട്ടിലായിട്ടാണ്. നടിയുടെ സമീപനം ബോളിവുഡ് താരത്തിന് സൗത്ത് സിനിമയോടുള്ള പുച്ഛത്തെയും, സ്വന്തം കാര്യത്തിൽ ഉള്ള ആധിപത്യ മനോഭാവവും ആണ് കാണിക്കുന്നതെന്ന് ഒരു പക്ഷം പറയുന്നു. എന്നാൽ, അനുഷ്കയുടെ വാദത്തിൽ കഴമ്പുണ്ടെന്നും, അസിൻ ഒരു പോപ്പുലർ താരമായിട്ടാണ് ഹിന്ദി സിനിമയിൽ എത്തുന്നത് എന്നും മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. IMDb, https://www.yashrajfilms.com/, എന്നീ പേജുകളിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











