സ്വാസികയെ കൂട്ടിയതിന് വഴക്കുണ്ടാക്കി, കുശുമ്പ് കൊണ്ട് ചെയ്തതാണ്; തുറന്ന് പറഞ്ഞ് അനുശ്രീ
മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. തന്റെ നാടന്‍ ലുക്കും നാട്ടിന്‍പുറത്തുകാരിയുടെ പെരുമാറ്റവുമൊക്കെയാണ് അനുശ്രീയയെ ജനപ്രീയയാക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം. സന്തോഷായില്ലേ അരുണേട്ടാ എന്ന് ചോദിക്കുന്ന, നിഷ്‌കളങ്കതയുടെ ആള്‍രൂപമായ കലാമണ്ഡലം രാജശ്രീയായി അന്ന് മുതല്‍ അനുശ്രീയും ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു.
റിയാലിറ്റി ഷോ വഴിയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ആ ഷോയിലെ വിധി കര്‍ത്താവായിരുന്നു ലാല്‍ ജോസ്. ഇപ്പോഴിതാ തന്റെ റിയാലിറ്റി ഷോയിലേക്കുള്ള എന്‍ട്രിയെക്കുറിച്ചും ഒപ്പം മത്സരിക്കാനുണ്ടായിരുന്ന സ്വാസികയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനുശ്രീ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

റിയാലിറ്റി ഷോയ്ക്കും മുമ്പ്, പത്ത് കൊല്ലമൊക്കെ മുമ്പാണ്, ഞാന്‍ ഡിവോഷണല്‍ ആല്‍ബങ്ങളൊക്കെ ചെയ്യുമായിരുന്നു. പല പാട്ടുകളിലും അമ്മേ നാരായണ എന്ന് പറഞ്ഞ് പാടുന്ന എന്നെ കാണാം. ഇപ്പോഴും ചിലപ്പോള്‍ കാണുന്നുണ്ടാകും. ഞെട്ടണ്ട ഞാന്‍ തന്നെയാണ് ഇത്. സ്‌കൂള്‍ വിട്ട് വന്നാല്‍ ആല്‍ബം സോംഗ്‌സ് കാണാന്‍ വേണ്ടി മാത്രമായി ഒരുപാട് പരിപാടികളുണ്ടായിരുന്നു അന്ന്. ഇപ്പോഴും ചോറ്റാനിക്കര അമ്പലത്തിലെ ഷോപ്പുകളിലൊന്നില്‍ പണ്ട് ഞാന്‍ ചെയ്ത ആല്‍ബത്തിന്റെ പോസ്റ്ററുണ്ട്. ഇപ്പോഴും എടുത്ത് മാറ്റിയിട്ടില്ല. ഈയ്യടുത്ത് പോയപ്പോഴും കണ്ടിരുന്നു.

അതിലൊരു കൊറിയോഗ്രാഫര്‍ ചാനല്‍ റിയാലിറ്റി ഷോയും ചെയ്യുന്നുണ്ടായിരുന്നു. പുള്ളിക്കാരനാണ് എന്നോട് ഇങ്ങനൊരു റിയാലിറ്റി ഷോ വരുന്നുണ്ടെന്ന കാര്യം പറഞ്ഞത്. കൊച്ചിയില്‍ അതിന്റെ ഓഡിഷനുണ്ട് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എനിക്ക് അന്ന് എറണാകുളം അമേരിക്കയാണ്. അത്ര ദൂരെയൊന്നും വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അന്ന് എന്റെ സഹോദരന്‍ ഇല്ല. സാധാരണ എന്നെ എല്ലായിടത്തും കൊണ്ടു പോകുന്നത് ചേട്ടനാണ്. അന്ന് ചേട്ടന്‍ ഗള്‍ഫിലായിരുന്നു.

ഒന്ന് വന്ന് നോക്കാന്‍ പറഞ്ഞു. അങ്ങനെ സുഹൃത്തിന്റെ കൂടെ അമ്മയും ഞാനും വന്നു. ഞാന്‍ ചെല്ലുന്നത് വൈകിട്ട് അഞ്ച് മണിക്കാണ്. അപ്പോഴേക്കും ബാക്കി കുട്ടികളൊക്കെ പോയിരുന്നു. ഞാന്‍ എന്റെ നാട്ടില്‍ നിന്നും ഇങ്ങെത്തുമ്പോഴേക്കും ആ സമയമായതാണ്. കുറേ ഭാഗങ്ങള്‍ അഭിനയിക്കാന്‍ തന്നു. ഡാന്‍സ് കളിപ്പിച്ചു. ഡയലോഗും പറയിപ്പിച്ചു നോക്കി. അത് കഴിഞ്ഞ് പോന്നു. രണ്ടാഴ്ച കഴിഞ്ഞ് ഞാനും എന്റെ കസിന്‍ സിസ്റ്ററും മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴാണ് കോള്‍ വരുന്നത്, സെലക്ടായി.

വിശ്വസിക്കണമോ ഇല്ലയോ എന്നൊക്കെയുള്ള ആശങ്കയിലായിരുന്നു ആദ്യം. ഡിഗ്രിയ്ക്ക് ജോയിന്‍ ചെയ്ത് നില്‍ക്കുന്ന സമയത്താണ്. അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നും അറിയിച്ചു. ചേട്ടനായിരുന്നു പിന്തുണ. വീട്ടുകാരെയൊക്കെ സമ്മതിപ്പിക്കേണ്ടി വന്നു. ഷോയിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഒരാഴ്ചത്തെ ഗ്രൂമിംഗ് ഉണ്ടായിരുന്നു. ആ പ്രോസസാണ് ഡയമണ്ട് നെക്ലേസിന് മുമ്പ് എനിക്ക് ക്യാമറയുടെ മുന്നില്‍ നിന്നുള്ള പരിചയം.

ഞാന്‍, സ്വാസിക, ഷിബ്‌ല ഞങ്ങള്‍ മൂന്ന് പേരും ആ ഷോയില്‍ നിന്നും വന്നവരാണ്. വേറെയും കുറേ ആള്‍ക്കാരുണ്ടായിരുന്നു. റിയ എന്നൊരു കുട്ടിയുണ്ടായിരുന്നു. അവളിപ്പോള്‍ വീണ്ടും തിരിച്ച് അഭിനയത്തിലേക്ക് വന്നിട്ടുണ്ട്. സൗദി വെള്ളക്കയില്‍ വക്കീലായി അഭിനയിച്ചത് അവളാണ്. സ്വാസിക അന്നും തമിഴ് സിനിമകളൊക്കെ ചെയ്തിട്ടാണ് ഷോയിലേക്ക് വരുന്നത്. ഞങ്ങളൊക്കെ പുതിയ ആള്‍ക്കാരായിരുന്നുവെങ്കിലും സ്വാസിക അത്യാവശ്യം എക്‌സ്പീരിയന്‍സുള്ള തമിഴ് നടിയായിരുന്നു.
ഇവള്‍ ഭയങ്കര രസമായിട്ട് അഭിനയിക്കും. അവളെ പോലെ അഭിനയിക്കാന്‍ ഞങ്ങള്‍ക്ക് അറിയില്ല. അവളാണെങ്കില്‍ ഡാന്‍സറും. സ്വാഭാവികമായിട്ടും കുശുമ്പുണ്ടാകുമല്ലോ. എന്തായാലും അവള്‍ക്ക് അടുത്ത റൗണ്ടില്‍ മാര്‍ക്ക് കൂടുതലായിരിക്കും എന്നറിയാം. അപ്പോള്‍ നിങ്ങള്‍ പുതിയ നടിമാരെ കണ്ടെത്താനാണെന്നല്ലേ പറഞ്ഞത് പക്ഷെ ആ കുട്ടി നേരത്തെ തന്നെ നടിയാണ് എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. ഞാനൊക്കെ പ്രശ്‌നത്തിന്റെ ഉസ്താദായിരുന്നു. പക്ഷെ പിന്നെ സ്വാസികയും ഷിബ്‌ലയും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സായി.


Click it and Unblock the Notifications











