ഒന്നില്‍ കൂടുതല്‍ തവണ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടുണ്ട്, അന്നില്ലാത്ത ചോദ്യം ഇന്നെന്തിന്? അപര്‍ണ
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ശക്തമായ പേരുകളിലൊന്നായി മാറുകയും ദേശീയ പുരസ്‌കാരം അടക്കം നേടുകയും ചെയ്ത നടിയാണ് അപര്‍ണ ബാലമുരളി. സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെയാണ് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് അപര്‍ണ. ഓണ്‍ സ്‌ക്രീനില്‍ ശക്തമായ കഥാപാത്രങ്ങളെ സമ്മാനിക്കുന്ന അപര്‍ണ ഓഫ് സ്‌ക്രീനില്‍ ശക്തയായ സ്ത്രീയുമാണ്.
എന്നാല്‍ ഈയ്യടുത്ത് താരത്തിനെതിരെ ചില വിമര്‍ശനങ്ങളും മറ്റും ഉയര്‍ന്നു വന്നിരുന്നു. പ്രധാനമ്ര്രന്തി നരേന്ദ്രമോദിയുടെ പരിപാടിയില്‍ പങ്കെടുത്തതും പ്രതിഫലത്തെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞതുമൊക്കെ അപര്‍ണയെ വാര്‍ത്തയിലെത്തിച്ചിരുന്നു. അതേക്കുറിച്ചെല്ലാം പ്രതികരിക്കുകയാണ് അപര്‍ണ ബാലമുരളി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ മനസ് തുറന്നിരിക്കുന്നത്.

എനിക്ക് വന്ന പ്രൊഡ്യൂസേഴ്‌സൊക്കെ നല്ല ആളുകളായിരുന്നുവെന്നാണ് താരം പറയുന്നത്. പ്രതിഫലത്തേക്കാള്‍ നമ്മുക്കൊരു ബഹുമാനവും വാല്യുവുമൊക്കെ കിട്ടണം എന്നാണ് തന്റെ നിലപാടെന്നും അപര്‍ണ വ്യക്തമാക്കുന്നു. എന്നാല്‍ അതുപോലും കിട്ടാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. നമ്മള്‍ എടുത്ത പണിക്ക് കിട്ടേണ്ട പൈസ ചിലപ്പോള്‍ കിട്ടുകയുമില്ല, എന്നാല്‍ അവരൊക്കെ നമ്മളെ ഒട്ടും വാല്യു ഇല്ലാതെ കാണുകയും ചെയ്യുമെന്നാണ് അപര്‍ണ പറയുന്നത്.
എന്നുവച്ചാല്‍ താന്‍ സ്റ്റാര്‍ എന്ന വാല്യുവിനേക്കുറിച്ചല്ല പറയുന്നതെന്നും അടിസ്ഥാനപരമായി ഒരു മനുഷ്യനോട് കാണിക്കേണ്ട ഒരു പരിഗണന പോലും കിട്ടാത്ത സാഹചര്യങ്ങള്‍ വന്നിട്ടുണ്ടെന്നുമാണ് അപര്‍ണ വ്യക്തമാക്കുന്നത്. പ്രതിഫല വിവാദത്തെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം കഴിഞ്ഞ ദിവസം യുവം പരിപാടിയില്‍ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു അപര്‍ണയ്ക്ക്. ഇതേക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

''27 വയസായി എനിക്ക്. ഈ ഒരു സമയത്ത് പ്രധാനമന്ത്രിയുടെ കൂടെ ഒരു വേദി പങ്കിടുക എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ എനിക്ക് തോന്നുന്നു ഈ വിമര്‍ശിക്കുന്നവരാണെങ്കില്‍ പോലും പോകുമെന്ന്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടെ ഒരു വേദി പങ്കിടുക എന്നതാണ് എന്റെ ഏറ്റവും പ്രധാനമായ ഒരു കാര്യം. എന്റെ ചുറ്റിലുമുള്ള ആളുകള്‍ പറയുമ്പോഴാണ് ഇതിങ്ങനെ വാര്‍ത്തയായതൊക്കെ അറിയുന്നത്. ഒന്നില്‍ കൂടുതല്‍ തവണ ഞാനിവിടെ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടുണ്ട്. അപ്പോഴൊന്നും ആരും ഞാന്‍ ആ പാര്‍ട്ടിയിലാണോ എന്നുള്ള ചോദ്യങ്ങള്‍ ആരും ചോദിച്ചിട്ടില്ല. പിന്നെ ഈ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മാത്രം അതെങ്ങനെ വന്നു'' എന്നാണ് അപര്‍ണ ചോദിക്കുന്നത്.
30 വയസിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കൂടെ വേദി പങ്കിടാന്‍ കഴിയുക എന്നത് ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ എന്റെ ജനറേഷനില്‍ പെട്ട ഒരാള്‍ക്ക് ഞാന്‍ വളരെ അഭിമാനത്തോടെ കാണിച്ചു കൊടുക്കുന്ന ഒരു കാര്യമായിരിക്കുമെന്നാണ് താരം പറയുന്നത്. അതേസമയം, അതില്‍ എനിക്ക് രാഷ്ട്രീയമൊന്നുമില്ലെന്നും താരം പറയുന്നു. എന്നാല്‍ ആള്‍ക്കാര്‍ക്ക് പറയണമെങ്കില്‍ പറയാം. നമ്മുക്കിപ്പോള്‍ ആരുടേയും വായൊന്നും അടച്ചു വയ്ക്കാന്‍ പറ്റില്ലല്ലോ എന്നും അപര്‍ണ പറയുന്നു.


Click it and Unblock the Notifications











