ആരതി പെണ്‍കുഞ്ഞിനെ ദത്തെടുത്തോ? എന്റെ മാംസത്തിന്റെയോ അസ്ഥിയുടെയോ അംശമല്ല, പക്ഷെ എന്റേത്!
സോഷ്യല്‍ മീഡിയയിലെ താരമാണ് ആരതി കൃഷ്ണ. ബ്ലാക്ക് വിഡോ എന്ന് ബോഡി ബില്‍ഡേഴ്‌സിന് ഇടയിലും സോഷ്യല്‍ മീഡിയയിലും അറിയപ്പെടുന്ന ആരതി പലര്‍ക്കും പ്രചോദനമാണ്. ആരതിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് ആരതി മിനി സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചിരുന്നു. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ആരതി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ആരതിയുടെ പുതിയ പോസ്റ്റ് വൈറലായി മാറുകയാണ്. കയ്യില്‍ ഒരു കുഞ്ഞിനേയും പിടിച്ചിരിക്കുന്ന ആരതിയുടെ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോക്ക് ആരതി നല്‍കിയ കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ''എന്റെ മാംസത്തിന്റെയോ, അസ്ഥികളുടെയോ അംശമല്ല, പക്ഷേ അത്ഭുതമാം വിധം എന്റെ സ്വന്തമാണ്'' എന്ന കുറിപ്പോടെയാണ് ആരതി പെണ്‍കുഞ്ഞിന് ഒപ്പമുള്ള വീഡിയോ പങ്കുവച്ചത്. പിന്നാലെ ഇത് ആരുടെ കുഞ്ഞാണ് നിങ്ങളുടേതാണോ എന്നുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയായിരുന്നു.

നിങ്ങളുടെ കുഞ്ഞാണോ എന്ന് ചോദിക്കുന്നവരോട് അതെ എന്ന് ആരതി പറയുന്നുണ്ട്. ദത്തെടുത്തതാണോ എന്ന് ചോദിക്കുമ്പോള്‍ ഏതാണ്ട്, അതെ എന്നൊക്കെയാണ് ആരതിയുടെ മറുപടി. എന്നാല്‍ കുട്ടി ആരുടാതാണെന്ന് ആരതി വ്യക്തമാക്കിയിട്ടില്ല. അടുത്ത ബന്ധുക്കളുടെയോ കുടുംബത്തിലെ മറ്റാരുടെയോ കുട്ടിയാകാം എന്നാണ് കരുതപ്പെടുന്നത്. എന്തായാലും വീഡിയോ വൈറലായി മാറുകയാണ്.
നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരതി തന്റെ ജീവിത കഥ പങ്കുവച്ചിരുന്നു. എട്ടാം ക്ലാസ് വരെ പഠിപ്പിസ്റ്റായിരുന്ന എനിക്ക് കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ആരുമായും ജെല്‍ ആകാന്‍ പറ്റാതെ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് വാങ്ങിയെങ്കിലും തട്ടിമുട്ടിയാണ് പ്ലസ് ടു പാസായത്. പറമ്പില്‍ മാര്‍ക്രിസോസ്റ്റം കോളേജില്‍ ബിഎ ലിറ്ററേച്ചറിന് ചേര്‍ന്ന കാലത്ത് ഒരു നല്ല സുഹൃത്തിനെ കിട്ടിയെന്നാണ് ആരതി പറയുന്നത്.
പ്രിയപ്പെട്ട ആ ടീച്ചറോട് ഇമോഷണലി വളരെ അറ്റാച്ച്ഡ് ആയി. എന്നാല്‍ ചില കാരണങ്ങളെ തുടര്‍ന്ന് ആ സൗഹൃദം അവസാനിച്ചത് അന്ന് തന്നെ ഡിപ്രഷനിലേക്ക് എത്തിച്ചെന്നും ആരതി പറഞ്ഞിരുന്നു. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഓരോ ചിന്തകള്‍ വരും. സമ്മര്‍ദ്ദവും ശൂന്യതയും സഹിക്കാനാകാതെ ചായയില്‍ ടോയ്ലറ്റ് ക്ലീനര്‍ ചേര്‍ത്തു കുടിച്ചു. ഗുളികകള്‍ വിഴുങ്ങിയും ഞരമ്പ് മുറിച്ചുമൊക്കെ മരിക്കാന്‍ നോക്കിയെന്നും ആരതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചോര കണ്ട് തലകറങ്ങിയതല്ലാതെ ഒന്നും പറ്റിയില്ലെന്നും ആരതി പറയുന്നുണ്ട്. ഒറ്റയ്ക്കാണെന്ന ചിന്ത മറികടക്കാനാണ് ഉര്‍വശി എന്ന പഗ്ഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറിയെന്നും ആരതി പറഞ്ഞിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന അപകടവും തുടര്‍ന്ന് കിടന്നു പോയതും അവിടെ നിന്നും ബോഡി ബില്‍ഡറിലേക്കുള്ള വളര്‍ച്ചയുമൊക്കെ ആരതി അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. വര്‍ക്കിന് പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. വണ്‍വെ തെറ്റിച്ചു വന്ന കാറിടിച്ച് തെറിച്ചു പോയ ഞാന്‍ കാറിന് മുകളില്‍ വീണ ശേഷം ഉരുണ്ട് താഴേക്ക്. വീണ പാടെ ചാടി എഴുന്നേറ്റു. കാലിനും നടുവിനും ഭയങ്കര വേദന. ശ്വാസമെടുക്കാനും പറ്റുന്നില്ലായിരുന്നുവെന്ന് ആരതി പറയുന്നു.

ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, നട്ടെല്ലിന് പരുക്കുണ്ട്, കാലുകള്‍ തളര്‍ന്നു പോകാന്‍ സാധ്യതയുണ്ട്. വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകൂവെന്ന്. ഭാഗ്യത്തിന് സുഷ്മ്നാനാഡിക്കു പരുക്കൊന്നും ഇല്ലായിരുന്നുവെന്നും ആരതി പറയുന്നു.അതോടെ, നടുവിന് ബെല്‍റ്റിട്ടു. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ മാസങ്ങളോളം കിടന്ന കിടപ്പില്‍ തന്നെ. അപകടം പറ്റിയതോടെ അച്ഛന്‍ എന്നോട് മിണ്ടാതായെന്നും ആരതി പറഞ്ഞിരുന്നു.
വെറുതെ കിടന്നിട്ട് കാര്യമില്ല നടുവിന് ബലം കൂടാനുള്ള വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പതിയെ എഴുന്നേല്‍ക്കാനും നിര്‍ക്കാനും നടക്കാനുമൊക്കെ തുടങ്ങി. അങ്ങനെ യൂട്യൂബ് നോക്കി ചില വ്യായാമങ്ങള്‍ പഠിച്ചു. ബോട്ടിലില്‍ വെള്ളം നിറച്ച് തലയ്ക്കു മുകളിൂടെ കറക്കിയെടുത്തു കൈകള്‍ക്കുള്ള വ്യായാമം ചെയ്യാന്‍ തുടങ്ങി. അച്ഛന്റെ കടയില്‍ തൂക്കം നോക്കുന്ന കട്ടി അടിച്ചു മാറ്റി. കിണറ്റിലെ കപ്പി സീലിങ്ങില്‍ തൂക്കിയ ശേഷം ആ വെയ്റ്റ് കെട്ടിത്തൂക്കിയെന്നും ആരതി പറയുന്നു. പിന്നാലെ രണ്ട് ഡബ്ബലുകള്‍ വാങ്ങി. അധികം വൈകാതെ ആരതി ജിമ്മിലേക്ക് എത്തുകയായിരുന്നു.


Click it and Unblock the Notifications