'കുറച്ചു പ്രശ്നം നിറഞ്ഞ പ്രണയമായിരുന്നു; ഒളിച്ചോടിപ്പോകേണ്ടി വരും എന്ന അവസ്ഥ വരെയെത്തി'; അർജുൻ പറയുന്നു
മലയാളത്തിലെ യുവനടന്മാർക്കിടയിൽ ഏറ്റവും തിരക്കുള്ള നടനാണ് അർജുൻ അശോകൻ. അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ അർജുൻ നായകനായും സഹനടനയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ആദ്യ രണ്ടുസിനിമകളിൽ നിന്നും പരാജയം നേരിട്ടറിഞ്ഞുവെങ്കിലും പിന്നീട് വമ്പൻ തിരിച്ചുവരവായിരുന്നു അർജുൻ നടത്തിയത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിൽ അഭിനയിച്ച ശേഷമാണ് അർജുന് മികച്ച അവസരങ്ങൾ ലഭിക്കുന്നത്.
തുടർന്ന് ഒരുപിടി ശ്രദ്ധേയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം മലയാളി മനസിൽ ഇടം നേടുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താനും അർജുന് സാധിച്ചു. ഈ വർഷമിറങ്ങിയ തുറമുഖം, രോമാഞ്ചം തുടങ്ങിയ സിനിമകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് തിളങ്ങി നിൽക്കുകയാണ് നടൻ. ഓൺ സ്‌ക്രീനിൽ എന്നപോലെ ഓഫ്‌സ്ക്രീനിലും ആരാധകർക്ക് പ്രിയങ്കരനാണ് അർജുൻ.

അർജുന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. തന്റെ ബാല്യകാല സുഹൃത്തായ നിഖിത ഗണേശനെയാണ് അർജുൻ വിവാഹം ചെയ്തത്. നീണ്ട എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ അത്ര എളുപ്പം നടന്നൊരു പ്രണയ വിവാഹമായിരുന്നില്ല ഇവരുടേത്. ഇപ്പോഴിതാ പ്രണയവിവാഹത്തിന് നേരിടേണ്ടിവന്ന വിഷമത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് അർജുൻ. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ.
'തന്റേത് പോലെ ചേച്ചിയുടേതും പ്രണയവിവാഹമായിരുന്നുവെന്ന് അർജുൻ പറയുന്നു. എന്റെ ചേച്ചിയുടെയും എന്റെയും പ്രണയ വിവാഹമായിരുന്നു. എന്റെ കുറച്ചു പ്രശ്നം നിറഞ്ഞ പ്രണയമായിരുന്നു. അവർ ജാതിയിൽ കുറച്ചു ഉയർന്നവരാണ്. അത് വിഷയമായി. ഒളിച്ചോടിപ്പോകേണ്ടി വരും എന്ന അവസ്ഥ വരെയെത്തി. പക്ഷേ ദൈവം സഹായിച്ചതു കൊണ്ടും അവളുടെ അച്ഛൻ സമ്മതിച്ചതു കൊണ്ട് കെട്ടി. ഓരോ ആളുകളുടെയും ഓരോ കാഴ്ചപ്പാടുകൾ അല്ലെ. ആളുകളുടെ ചിന്ത ഇപ്പോൾ മാറിത്തുടങ്ങിയിട്ടുണ്ട്', അർജുൻ പറയുന്നു.
'എന്റെ വീട്ടിൽ പ്രണയവിവാഹം പറ്റില്ല, അറേഞ്ച്ഡ് വിവാഹം മതി എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നുവെങ്കിൽ പ്രേമിക്കാൻ പോലും നിക്കില്ലായിരുന്നു. എനിക്ക് വീട്ടിൽ പ്രശ്നം ഇല്ലാതിരുന്നതുകൊണ്ടാകാം പ്രണയിച്ചു വിവാഹം കഴിച്ചത്. വീട്ടിൽ ഫുൾ സപ്പോർട്ട് ആയിരുന്നു. കാരണം ചേച്ചിയുടെ പ്രണയം പൊക്കിയതും, അത് കെട്ടിച്ചുകൊടുക്കാൻ ഫുൾ സപ്പോർട്ട് ചെയ്തതും ഞാനാണ്', അർജുൻ പറഞ്ഞു.

സിനിമയിലേക്ക് കടക്കാൻ ഹരിശ്രീ അശോകന്‍റെ മകൻ എന്നത് ഗുണമായെന്നും അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ടെന്നും മുൻപൊരു അഭിമുഖത്തിൽ അർജുൻ പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പേടിയുണ്ടായിരുന്നു. നല്ല ടെക്നിക്കൽ സപ്പോർട്ട് കിട്ടിയിട്ടുണ്ട്, സ്ലാങ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോൾ പിടിക്കുന്നതെന്നും അർജുൻ അശോകൻ പറയുകയുണ്ടായി.
തീപ്പൊരി ബെന്നിയാണ് അർജുൻ അശോകന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ജയറാം നായകനാകുന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രം അബ്രഹാം ഓസ്‌ർ. ടിനു പാപ്പച്ചൻ ഒരുക്കുന്ന കുഞ്ചാക്കോ ബോൺ നായകനായാകുന്ന ചാവേർ എന്നിവയാണ് അർജുന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് രണ്ടും. മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്ന രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിലാണ് അർജുൻ നിലവിൽ അഭിനയിക്കുന്നത്.


Click it and Unblock the Notifications











