അതുതാനല്ലയോ ഇത്! ഭ്രമയുഗത്തിലെ യക്ഷിയെ കണ്ട് ഞെട്ടി കലാകാരന്‍; അമ്പരപ്പിക്കുന്ന സാമ്യത
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമയുഗം ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. മമ്മൂട്ടിയടക്കമുള്ള ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും രാഹുല്‍ സദാശിവന്റെ മേക്കിംഗുമെല്ലാം കയ്യടി നേടുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റിലൊരുക്കിയ സിനിമ എല്ലാ മേഖലകളിലും കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവമായി മാറുകയാണ്. ചിത്രം മുന്നോട്ട് വെക്കുന്ന ചിന്തകളും ചര്‍ച്ചയാകുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഭ്രമയുഗവുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രിന്‍സ് പയിക്കാട്ട് എന്ന കലാകാരന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താന്‍ മുമ്പ് വരച്ചിട്ടുള്ള യക്ഷിയുമായി ഭ്രമയുഗത്തിലെ യക്ഷിയ്ക്കുള്ള സാമ്യതകളെക്കുറിച്ചാണ് പ്രിന്‍സ് സംസാരിക്കുന്നത്. അതേസമയം ഇതൊരു കോപ്പിയാണെന്ന ആരോപണം പ്രിന്‍സ് മുന്നോട്ട് വെക്കുന്നില്ല. മറിച്ച് തന്റെ ചിത്രങ്ങള്‍ പ്രചോദനമായിട്ടുണ്ടെങ്കില്‍ സന്തോഷം എന്നാണ് പ്രിന്‍സ് പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഭ്രമയുഗം സിനിമ കണ്ട ധാരാളം സുഹൃത്തുക്കള്‍ ചോദിക്കുന്നത് അതിലെ യക്ഷി എന്റെ കോണ്‍സെപ്റ്റ് ആണോ എന്നാണ്. ഭ്രമയുഗത്തിന് വേണ്ടി ഞാന്‍ കോണ്‍സെപ്റ്റ് ചെയ്തിട്ടില്ല. സിനിമ ഞാനും കണ്ടു. അതിലെ യക്ഷിക്ക് എന്റെ യക്ഷി കോണ്‍സെപ്റ്റുമായി സാമാന്യം ഭേദപ്പെട്ട സാമ്യമുണ്ടു താനും.
സാധാരണയായി യക്ഷികളെ അവതരിപ്പിച്ചു കണ്ടിട്ടുള്ളത് ഒരു സവര്‍ണ്ണ തമ്പുരാട്ടി നിലവാരത്തിലുള്ള സ്ത്രീയായിട്ടാണ്.
കസവുവസ്ത്രങ്ങളും മേല്‍മുണ്ടുമൊക്കെയായി തിരുവാതിരകളിക്കായി ഒരുങ്ങിയിറങ്ങിയ പോലെ. വെള്ളസാരിയുടുത്ത് കൊന്ത്രമ്പല്ലുകളുമായി അവതരിപ്പിച്ചിട്ടുള്ള യക്ഷികളെയും കാണാം. അത്തരം കോണ്‍സെപ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാലാനുസൃതമായ വസ്ത്ര, ആഭരണ സാധ്യതകളോടെ മാത്രമേ സമീപിക്കൂ എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. സ്ത്രീയോ പുരുഷനോ ശരീരത്തിന്റെ മേല്‍പ്പാതി മറയ്ക്കാതിരുന്ന ഒരു സമീപഭൂതകാലം നമുക്കുണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്.
എഡവേര്‍ഡ് തേസ്റ്റന്റേയും സി രംഗചാരിയുടേയും Castes and Tribes of Southern India തുടങ്ങിയ പുസ്തകങ്ങളിലെ ഫോട്ടോഗ്രാഫുകളും സൂചനകളും ഇക്കാര്യം സംശയലേശമില്ലാതെ രേഖപ്പെടുത്തുന്നുണ്ട്. പൂര്‍ണ്ണമായും ഫാന്റസിയോ മിത്തിക്കലോ അല്ലാത്ത, ഏറെക്കുറേ ഒരു യാഥാര്‍ഥ്യമായിരിക്കാനുള്ള സാധ്യത തള്ളിക്കളയാതെയാണ് യക്ഷി എന്ന ആശയം എന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്.
വളരെയേറെ അന്വേഷണങ്ങളും കൃത്യമായ രൂപപ്പെടുത്തലുകളും തിരുത്തലുകളും ഇപ്പോള്‍ കാണുന്ന യക്ഷിയിലേക്കെത്തുവാന്‍ വേണ്ടി വന്നിട്ടുണ്ട്. സമാനമായ സമീപനം ഭ്രമയുഗത്തിലെ യക്ഷിയിലും കാണാവുന്നതാണ്. അതുകൊണ്ടു തന്നെ അതുതാനല്ലയോ ഇത് എന്നു തോന്നാവുന്നതുമാണ്. സത്യം പറഞ്ഞാല്‍ ഭ്രമയുഗത്തിലെ യക്ഷി കോണ്‍സെപ്റ്റ് എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു.

എന്റെ ചിത്രങ്ങള്‍ അതിന് പ്രേരകമായിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഉറപ്പുമില്ല. ഉണ്ടാവാം. ഇല്ലായിരിക്കാം. സിനിമയില്‍ സഹകരിച്ച ചിലരെങ്കിലും അറിയാവുന്നവരോ സാമൂഹികമാധ്യമങ്ങളില്‍ സുഹൃത്തുക്കളോ ആണ്. ഭ്രമയുഗം വളരെ മനോഹരമായ ഒരു സൃഷ്ടിയാണ്. സമീപകാലത്ത് എനിക്കേറെ ഇഷ്ടപ്പെട്ടതും. അതിലെ ഒരു കഥാപാത്രത്തിനായി എന്റെ ചിത്രങ്ങളോ ആശയങ്ങളോ പ്രേരകമായിട്ടുണ്ടെങ്കില്‍ സന്തോഷമേയുള്ളൂ. കലയുടെ ആത്യന്തികമായ ലക്ഷ്യവും അതു തന്നെ.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിപ്പോഴാണ് കാണുന്നത്. അവര്‍ ഇന്‍സ്പയര്‍ ആയെങ്കില്‍ അത് വളരെ നന്നായി. എന്തൊരു മനോഹര കലാസൃഷ്ടിയാണ് പ്രിന്‍സേട്ടന്റെത്,
ശരിയാണല്ലോ. ഹെയര്‍സ്‌റ്റൈല്‍ അഭരണങ്ങള്‍ രൂപം ഒക്കെ നല്ല സാമ്യം തോന്നുന്നുണ്ട്, യക്ഷി സീരീസ് ശരിക്കും ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു, വരച്ചിട്ടുള്ളത് അടിപൊളി ആണ്.. നല്ല കലാബോധം തന്നെ ഉണ്ട്.. എന്നു കരുതി സിനിമയില്‍ അത് കോപ്പി ചെയ്തത് ആണെന്ന് ഈ കലാകാരന്‍ പോലും പറയുന്നില്ല... ഇതൊക്കെ യാദൃശ്ചികം ആയി വരാനും സാധ്യത ഉണ്ടെന്ന് കരുതാവുന്നതേ ഉള്ളൂ എന്നിങ്ങനെയാണ് കമന്റുകള്‍.


Click it and Unblock the Notifications











