ഈ ഗായകന്‍ വാങ്ങുന്ന പൈസ എത്രയെന്ന് അറിയാം, പ്രേക്ഷകര്‍ക്ക് കിട്ടുന്നത് കാട്ടിക്കൂട്ടല്‍; തുറന്നടിച്ച് ആര്യ
റാപ്പ് ഗായകന്‍ ഡബ്‌സിയുടെ ലൈവ് പരിപാടിയിലെ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട് നടിയും അവതാരകയുമായ ആര്യ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഡബ്‌സിയൂടെ വൈറലായൊരു വീഡിയോയുടെ കമന്റിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം. ഇപ്പോഴിതാ തന്റെ പ്രതികരണത്തിലേക്ക് നയിച്ച കാരണം വ്യക്തമാക്കുകയാണ് ആര്യ. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്യയുടെ പ്രതികരണം.
''കുറേപേര്‍ക്ക് തെറ്റിദ്ധാരണയുണ്ട്, എന്റെ പേഴ്‌സണല്‍ കാര്യമാണ് അവിടെ സംസാരിച്ചത് എന്ന്. അതില്‍ വ്യക്തത തരാം. എന്നെ സംബന്ധിച്ച് ഈ ഇന്‍ഡസ്ട്രി മാത്രമല്ല എന്റെ ബ്രെഡ് ആന്റ് ബട്ടര്‍. ഞാന്‍ വേറെ മേഖലയിലും ഇടപെടുന്ന ആളാണ്. ഞാനൊരു സംരംഭകയാണ്. എന്റെ പ്രധാന വരുമാന മാര്‍ഗ്ഗവും അതാണ്. ഇതല്ല എന്റെ ബ്രെഡ് ആന്റ് ബട്ടര്‍'' ആര്യ വ്യക്തമാക്കുന്നു.

പക്ഷെ ഞാന്‍ സംസാരിച്ചത് എന്താണെന്ന് വച്ചാല്‍ ബാക്കിയെല്ലാം വിടാം. സ്റ്റേജ് ഷോ കൊണ്ട് മാത്രം ജീവിക്കുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്. മിമിക്രി ആയാലും ഗായകര്‍ ആയുമെല്ലാം. നമ്മുടെ പ്രായത്തിലുള്ളവരെക്കുറിച്ച് പോലുമല്ല പറയുന്നത്. ഒരുപാട് മുതിര്‍ന്ന എത്രയോ പേരുണ്ട്. വര്‍ഷങ്ങളായി ഈ ഇന്‍ഡസ്ട്രിയില്‍ സ്ട്രഗിള്‍ ചെയ്യുന്ന ഹാസ്യതാരങ്ങളുണ്ട്. നമുക്ക് വ്യക്തിപരമായി തന്നെ അറിയാം. കുറേ വര്‍ഷങ്ങളായി ഒരുമിച്ച് ഷോകള്‍ ചെയ്യുന്നവരാണ്. അവര്‍ക്കെല്ലാം വേണ്ടി, ഞാന്‍ അടക്കമുള്ള ആര്‍ട്ടിസ്റ്റുകളുടെ സമൂഹത്തിന് വേണ്ടിയാണ് സംസാരിച്ചത് എന്നാണ് ആര്യ പറയുന്നത്.
എത്രയാണ് ഈ കലാകാരന്‍, പേരെടുത്ത് പറയാന്‍ താല്‍പര്യമില്ല, ഒരു സ്‌റ്റേജിന് ചാര്‍ജ് ചെയ്യുന്നത് എന്ന് എനിക്കറിയാം. ആ തുകയ്ക്ക് വര്‍ത്ത് ആയിരുന്നുവോ ആ പരിപാടി എന്നാണ് ഞാന്‍ ചോദിക്കുന്നത്. അതിനെ ഒരു പെര്‍ഫോമന്‍സ് എന്നു പോലും വിളിക്കാനാകില്ല. കാട്ടിക്കൂട്ടല്‍ എന്നേ ഞാന്‍ പറയൂ. പെര്‍ഫോമന്‍സ് എന്നാല്‍ വേറെ തന്നെയാണ്. പ്രത്യേകിച്ച് ലൈവ് പെര്‍ഫോം ചെയ്യുന്നൊരു ആര്‍ട്ടിസ്റ്റിന് കൊടുക്കേണ്ട വാല്യു ഉണ്ട്. അതാണോ ഇത്? എന്നും താരം ചോദിക്കുന്നു.
ഒന്നും അറിയാതെ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്കാണ് നഷ്ടം. ഞാന്‍ അന്വേഷിച്ചപ്പോള്‍ അത് ടിക്കറ്റ് വച്ചുള്ള ഷോ ആയിരുന്നു. അവര്‍ ടിക്കറ്റ് എടുത്താണ് ഈ രണ്ടോ മൂന്നോ മണിക്കൂറുള്ള ഷോയ്ക്ക് പോയത്. അതിന് തക്കതുള്ള പരിപാടിയായിരുന്നുവോ എന്ന് മാത്രമാണ് ചോദിച്ചത്. അത് മനസിലായവര്‍ക്ക് മനസിലായെന്ന് തോന്നുന്നുവെന്നും ആര്യ പറയുന്നു.

പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്. ആര്യയുടെ വിമര്‍ശനത്തെ അനുകൂലിച്ചും എതിര്‍ത്തും ആരാധകരെത്തുന്നുണ്ട്. 'ആ കാട്ടിക്കൂട്ടലുകള്‍ ആണ് അവിടെ നടക്കുന്നത് എന്ന് അറിഞ്ഞിട്ടല്ലേ ഈ പറഞ്ഞ പ്രേക്ഷകര്‍ ക്യാഷ് കൊടുത്തു കാണാന്‍ പോവുന്നത് , അപ്പൊ പിന്നെ അയാളെ കുറ്റം പറയാന്‍ പറ്റുമോ' എന്നാണ് ആര്യയെ വിമര്‍ശിച്ചു കൊണ്ടുള്ളൊരു കമന്റ്. അതേസമയം, 100% സത്യം. അവന്‍ വെറും വെറുപ്പിക്കല്‍ ആണ് അവനെ കണ്ടാല്‍ ചാനല്‍ ഞാന്‍ മറ്റും എന്നും ചിലര്‍ പറയുന്നുണ്ട്.
''ഇത്തരം ആളുകളെ കൊണ്ടുവന്ന് ലക്ഷങ്ങള്‍ മുടക്കി പരിപാടി ചെയ്യാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. എന്നാല്‍ കഷ്ടപ്പെട്ട് ഇന്റഡസ്ട്രിയില്‍ പിടിച്ച് നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് നൂറ് രൂപ കൂടുതല്‍ ചോദിച്ചാല്‍ അപ്പോള്‍ ദാരിദ്ര്യം പറയും. പിന്നെ അവരെ ഒരു പരിപാടിക്കും വിളിക്കുകയുമില്ല. കഷ്ടം തന്നെ'' എന്നായിരുന്നു വൈറലായി മാറിയ ആര്യയുടെ കമന്റ്.


Click it and Unblock the Notifications