'രണ്ടു കൂടപ്പിറപ്പുകളും എന്നെ വിട്ടുപോയി, ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടം അവരെ ആയിരുന്നു': വികാരാധീനയായി ആശ ശരത്
നടിയായും നർത്തകിയായും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ആശ ശരത്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ആശ ശരത് അഭിനയ രംഗത്തേക്ക് എത്തിയത്. നിഴലും നിലാവും എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നേടിയിട്ടുള്ള നടി കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് കടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രം ആശയുടെ കരിയറിൽ വഴിത്തിരിവായി മാറുകയായിരുന്നു. തുടർന്നാണ് ആശ ശരത്തിന് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.

2012-ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയായിരുന്നു ആശ ശരതിന്റെ ആദ്യ സിനിമ. പിന്നീട് സക്കറിയയുടെ ഗർഭിണികൾ, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ നടി മലയാള സിനിമയിൽ സജീവമാവുകയായിരുന്നു. ദൃശ്യത്തിലെ ഐപിഎസ് ഓഫീസറുടെ വേഷം ആശയുടെ കരിയർ തന്നെ മാറ്റി. ചിത്രത്തിന്റെ തമിഴ് പതിപ്പിലും ആശ അതേ വേഷത്തിൽ എത്തിയിരുന്നു.
പിന്നീട് വർഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും ആശ അഭിനയിച്ചു. പിന്നീടങ്ങോട് നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. ഇന്ന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം സജീവമാണ് ആശ ശരത്. ഇതിനു പുറമെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാന്‍സിങ് സ്റ്റാര്‍സ് എന്ന പരിപാടിയിൽ വിധികർത്താക്കളിൽ ഒരാളായും നടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

ആശ ശരതിന് പുറമെ നടി ദുര്‍ഗ്ഗ കൃഷ്ണയും നടനും ക്രിക്കറ്ററുമായ ശ്രീശാന്തും വിധികര്‍ക്കാത്താക്കളായി എത്തുന്നുണ്ട്. റിയാലിറ്റി ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മറ്റുമൊക്കെ പ്രേക്ഷകർക്ക് മുൻപ് പരിചയമുള്ള താരങ്ങളാണ് ഷോയിൽ മാറ്റുരയ്ക്കുന്നത്. ഓരോ തവണയും പ്രേക്ഷരെയും വിധികര്‍ത്താക്കളെയും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായാണ് ഓരോ മത്സരാര്‍ത്ഥികളും എത്താറുള്ളത്.

ഇത്തവണ അങ്ങനെയൊരു പെർഫോമൻസിന് ശേഷം ആശ ശരത് നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. നടിയും നായികാ നായകൻ റിയാലിറ്റി ഷോ ഫേമുമായ മാളവിക കൃഷ്ണദാസും അന്നയും ചേർന്ന് നടത്തിയ ഡാൻസിന് ശേഷം വിധി പറയുന്നതിനിടയിൽ ആശ ശരത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സൂപ്പര്‍ മാസ്റ്റേഴ്‌സ് ചോയിസ് റൗണ്ടില്‍ ആണ് മാളവികയും അന്നയും പെര്‍ഫോം ചെയ്തത്. സഹോദര സ്‌നേഹമായിരുന്നു ഇവർ തിരഞ്ഞെടുത്തത്. അതും സഹോദരികളില്‍ ഒരാള്‍ കാന്‍സര്‍ വന്ന് മരിക്കുന്നതായിരുന്നു കഥ. അന്നയും മാളവികയും ഡാന്‍സിങ് തുടങ്ങിയപ്പോള്‍ മുതല്‍ ആശ ശരത്തിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
ഇവരുടെ പെര്‍ഫോമന്‍സ് കഴിഞ്ഞപ്പോള്‍ ശബ്ദമിടറിയാണ് ആശ ശരത് സംസാരിച്ചത്. 'നിങ്ങള്‍ കാണിച്ചതിന്റെ പകുതി ഭാഗം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. എനിക്കും രണ്ട് കൂടപിറപ്പുകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഒരു രോഗം വന്നത് കൊണ്ട് അല്ല, അല്ലാതെ തന്നെ അവര്‍ എന്നെ വിട്ട് അങ്ങ് പോയി,'

'ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കൂടുപിറപ്പുകളെ നഷ്ടപ്പെട്ട് ഇരിക്കുന്ന ആളാണ് ഞാന്‍. എനിക്ക് നിങ്ങളുടെ പ്രകടനത്തെ ഒരു ഡാന്‍സ് പെര്‍ഫോമന്‍സ് എന്നതിനപ്പുറം വളരെ ഇമോഷണല്‍ ആയിട്ടാണ് കാണാന്‍ കഴിഞ്ഞത്. നിങ്ങള്‍ ചെയ്ത ഓരോ മൂവ്‌മെന്റ്‌സും എന്നെ ബാധിക്കുന്നുണ്ടായിരുന്നു,' ആശ ശരത് പറഞ്ഞു. തുടർന്ന് എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് ആശ ശരത് നിർത്തുകയായിരുന്നു.
നേരത്തെയും സഹോദരന്റെ വേർപാടിനെ കുറിച്ച് ആശ ശരത് സംസാരിച്ചിട്ടുണ്ട്. കുറച്ചു നാൾ മുൻപാണ് ഒരു സഹോദരന്റെ വിയോഗമുണ്ടായത്. അതിന് ശേഷം താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചൊക്കെ ആശ ശരത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











