നാല് മാസം കടുത്ത വിഷാദം, എപ്പോഴും കരച്ചില്‍, ഉറക്കമില്ല; ഗര്‍ഭകാലത്തെക്കുറിച്ച് അഷിന
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് അഷിന അജ്മല്‍. യൂട്യൂബറും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ അഷിനയുടെ വീഡിയോകള്‍ വൈറലായി മാറാറുണ്ട്. അഷിനയുടെ ഹോം ടൂര്‍ നേരത്തെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അഷിന.
ജോഷ് ടോക്കിലൂടെയാണ് അഷിന തന്റെ ജീവിതം പറഞ്ഞത്. ഗര്‍ഭിണിയായ സമയത്ത് താന്‍ നേരിട്ട വിഷാദത്തെക്കുറിച്ചാണ് അഷിന സംസാരിക്കുന്നത്. കുട്ടിക്കാലത്ത് നേരിട്ട അവഗണനകളെക്കുറിച്ചും അഷിന സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പലരും പറയാറുണ്ട് ചെറുപ്പകാലത്ത് തിരിച്ചു പോകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന്. പക്ഷെ ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ആളല്ല. കാരണം എന്റെ ബാല്യം വിഷമങ്ങളും സങ്കടങ്ങളും അവഗണനകളും അപമാനവും അവഗണനകളുമെല്ലാം നിറഞ്ഞതായിരുന്നു. അധ്യാപകരില്‍ നിന്നും ബന്ധുക്കള്‍ നിന്നും വരെ നേരിടേണ്ടി വന്നിട്ടുണ്ട്. സ്‌കൂളില്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. എങ്കിലും പതിനെട്ട് കഴിഞ്ഞാല്‍ കെട്ടിച്ച് വിടാനുള്ളത് എന്ന ഭാവമായിരുന്നു പല അധ്യാപകര്‍ക്കും. അതവരുടെ പെരുമാറ്റത്തിലും ഉണ്ടായിരുന്നു.
ഒരിക്കല്‍ വീട്ടിലൊരു ബന്ധുവും ഭാര്യയും വന്നു. എന്താണ് ഭാവിയിലെ പ്ലാന്‍ എന്ന് ഭാര്യ ചോദിച്ചു. പിജി ചെയ്യണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പിജിയോ ഇയാളോ എന്നായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണം. അതായത് പാവപ്പെട്ടവര്‍ പഠിക്കണ്ട എന്ന ഭാവം. അപമാനിക്കപ്പെടുന്നവര്‍ അത്ര പെട്ടെന്ന് അത് മറക്കില്ല. പക്ഷെ ഞാന്‍ തളര്‍ന്നില്ല. പഠിച്ചു, ഡിഗ്രി പാസായി. പിജി ചെയ്തു. എംജി യൂണിവേഴ്‌സിറ്റിയില്‍ തേര്‍ഡ് റാങ്ക് ആയിരുന്നു. അതാണ് ജീവിതത്തിലെ ആദ്യത്തെ നേട്ടം.
പിന്നീടാണ് കല്യാണം. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. എന്റെ ഏറ്റവും വലിയ ഭാഗ്യം എന്റെ ഭര്‍ത്താവാണ്. ആത്മവിശ്വാസമില്ലാതിരുന്ന കുട്ടിയില്‍ നിന്നും എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നത് പുള്ളി ജീവിതത്തിലേക്ക് വന്നതോടെയാണ്. ഗര്‍ഭിണിയായതോടെ പഠനം നിര്‍ത്തി. അവിടെ നിന്നും ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു.
ഗര്‍ഭിണിയാവുക എന്നത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് സന്തോഷത്തോടെ ആസ്വദിക്കേണ്ട സമയമാണ്. പക്ഷെ എന്നെ സംബന്ധിച്ച് ആദ്യത്തെ നാല് മാസം ഇപ്പോഴും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. ആ കാലത്തെ ഡിപ്രഷനും മറ്റും ഇന്ന് നമുക്ക് പരിചിതമാണ്. പക്ഷെ അന്ന് ഇതേക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ആ നാല് മാസം എനിക്ക് എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല.
സദാസമയം മുറിയില്‍ തന്നെ. ആരോടും സംസാരിക്കണ്ട. മുറിയിലുള്ളതൊക്കെ എടുത്തെറിയാന്‍ തോന്നും. പുറത്തേക്കിറങ്ങി ഓടാന്‍ തോന്നും. പിന്നെ കുറ്റബോധം കാരണമുള്ള കരച്ചിലാണ്. കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ തലയിണ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞിട്ടുണ്ട്. രാത്രി എല്ലാവരും ഉറങ്ങിയാല്‍ ഞാന്‍ ജനാലിയൂടെ ഇരുട്ടിലേക്ക് നോക്കിയിരിക്കും. രാവിലെ വാങ്ക് വിളിക്കുമ്പോഴും ആ ഇരിപ്പാണ്. ഒരു മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ മതിയെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. കുളിക്കണമെന്നോ ഡ്രസ് മാറണമെന്നോ ഇല്ല. എപ്പോഴും കരച്ചിലും വിഷാദവും.

നാല് മാസം അങ്ങനെ പോയി. എന്താണ് എന്റെ ഉള്ളില്‍ നടക്കുന്നതെന്ന് മനസിലായില്ല. വീട്ടുകാര്‍ ചോദിച്ചുവെങ്കിലും അവരോട് പറയാന്‍ എനിക്ക് ആദ്യം മനസിലാകണമല്ലോ. സ്വപ്‌നം കാണുന്ന ആ സമയത്ത്, എന്റെ കുട്ടിയെ കുറിച്ച് ചിന്തിക്കുകയോ ഗര്‍ഭിണിയാണെന്ന ബോധമോ ഇല്ലായിരുന്നു. മനസില്‍ ജീവിതത്തില്‍ നേരിട്ട അവഗണനകളും ഒറ്റപ്പെടുത്തലും ക്രൂരമായ വാക്കുകളും മാത്രമായിരുന്നു. നാലര മാസത്തില്‍ കുഞ്ഞിന്റെ അനക്കം കിട്ടിയപ്പോഴാണ് എന്റെ ജീവിതം മാറിമറിഞ്ഞത്.
ജോലിക്ക് പോവാനോ, പഠിക്കാനോ കഴിയാത്തതില്‍ എനിക്ക് സങ്കടമുണ്ടായിരുന്നു. സാമ്പത്തികമായി ഇന്‍ഡിപെന്റന്‍ഡ് ആകണം എന്നുണ്ടായിരുന്നു. വീട്ടിലെ കഷ്ടപ്പെടുകളെല്ലാം നേരില്‍ കാണുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ യൂട്യൂബ് ചാനല്‍ തുടങ്ങി. വീഡിയോ ഉണ്ടാക്കല്‍ കഷ്ടപ്പാടുള്ള പണിയാണെന്ന് അപ്പോള്‍ മനസിലായി. ഞാനൊരു ഹോം ടൂര്‍ വീഡിയോ ചെയ്തിരുന്നു. അത് വൈറലായതോടെ ചാനലിന് മോണിറ്റൈസേഷന്‍ കിട്ടുകയും തുടർന്ന് നല്ല വരുമാനം വരികയും ചെയ്തു.


Click it and Unblock the Notifications