പ്രസ് മീറ്റില്‍ സണ്‍ഡേ ഹോളിഡേ പറഞ്ഞത് എന്തിന്? പ്രതികരണ രീതി മാറിയാലും മനസിലാക്കണം!
സോഷ്യല്‍ മീഡിയയില്‍ ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയതാണ് നടന്‍ ആസിഫ് അലിയ്ക്കുണ്ടായ അപമാനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും. ഒരു പരിപാടിയില്‍ വച്ച് സംഗീത സംവിധാകന്‍ രമേശ് നാരായണന്‍ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ നിഷേധിച്ചതായിരുന്നു വിവാദത്തിന്റെ തുടക്കം. സംഭവം വലിയ ചര്‍ച്ചയായി രമേശ് നാരയണനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഒടുവില്‍ രമേശ് നാരായണന്‍ മാപ്പ് പറയുകയും ചെയ്തു.
പിന്നാലെ ആസിഫ് അലി നടത്തിയ പ്രതികരണം വലിയ വാര്‍ത്തയായി മാറിയിരുന്നു. രമേശ് നാരായണനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നായിരുന്നു ആസിഫ് അലി പറഞ്ഞത്. അദ്ദേഹത്തിന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസിലാക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞിരുന്നു. വിവാദത്തോടുള്ള ആസിഫ് അലിയുടെ സമീപനം വലിയ പ്രശംസ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പേര്‍ളി മാണി ഷോയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ആസിഫ് അലി. വാര്‍ത്തയായി മാറിയ തന്റെ പ്രതികരണത്തെക്കുറിച്ച് ആസിഫ് അലി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ആളുകളുടെ പ്രതീക്ഷകള്‍ തനിക്ക് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്നായിരുന്നു ആസിഫ് അലി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.
''ആളുകള്‍ ശ്രദ്ധാപൂര്‍വ്വം കാണുന്നുണ്ട് എന്നത് സന്തോഷവുമാണ് ഉത്തരവാദിത്തവുമാണ്. ഈയ്യടുത്ത് വന്ന സംസാരവും അതിനെ ഞാന്‍ ട്രീറ്റ് ചെയ്തതിനേക്കുറിച്ചും പറയുമ്പോള്‍ എന്നില്‍ നിന്നും ആളുകള്‍ ഇനിയും അതാണ് പ്രതീക്ഷിക്കുക. അതൊരു ഉത്തരവാദിത്തം തന്നെയാണ്. വിത്ത് ഗ്രേറ്റ് പവര്‍ കംസ് ഗ്രേറ്റ് റെസ്‌പോണ്‍സിബിലിറ്റി. എന്റെ മാനേജര്‍ എന്നോട് പറഞ്ഞത് ഇതായിരുന്നു. പക്ഷെ ഞാന്‍ അതിനായി ബോധപൂര്‍വ്വം എഫേര്‍ട്ട് ഇടാന്‍ ശ്രമിക്കുകയില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെയായരിക്കും. വേറൊരു സമയത്ത് ഞാന്‍ വ്യത്യസ്തമായി പെരുമാറിയാലും മനസിലാക്കുക ഞാന്‍ ആസിഫ് അലി തന്നെയാണെന്ന്'' ആസിഫ് അലി പറയുന്നു.
പ്രസ് മീറ്റില്‍ സംസാരിക്കവെ തന്റെ സിനിമയായ സണ്‍ഡേ ഹോളിഡേയിലെ ഡയലോഗ് ആസിഫ് അലി പരാമര്‍ശിച്ചിരുന്നു. അപ്പുറത്തു നില്‍ക്കുന്നവന്റെ മനസ് അറിയാന്‍ ശ്രമിക്കണം എന്ന ഡയലോഗായിരുന്നു ആസിഫ് അലി പറഞ്ഞത്. അതേക്കുറിച്ചും ആസിഫ് അലി സംസാരിക്കുന്നുണ്ട്.
സിനിമ കണ്ട് കുട്ടികള്‍ വഴി തെറ്റുന്നു, സിഗരറ്റ് വലി തുടങ്ങുന്നു, ലൈഫ് സ്റ്റൈല്‍ കോപ്പി ചെയ്യുന്നു, ആവേശം കണ്ട് ഗുണ്ടകള്‍ ബര്‍ത്ത് ഡേ പാര്‍ട്ടി നടത്തുന്നു എന്നൊക്കെ പറയുന്നത് മാത്രമേ നമ്മള്‍ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ. ഇതിന്റെ നല്ലൊരു വശം കൂടിയുണ്ട്. സണ്‍ഡേ ഹോളിഡേയിലെ ആ ഡയലോഗ് എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാനത് സമ്മതിക്കണം. ആ സിനിമയില്‍ ആ ഡയലോഗ് കേട്ടപ്പോള്‍ ഞാനും ചിന്തിച്ചിട്ടുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്.

നമ്മളും തെറ്റ് ചെയ്യുന്നവരാണ്. നമ്മള്‍ പുറത്തിറങ്ങുന്ന സമയത്ത് നമ്മുടേത് പൊട്ട മൂഡ് ആണെങ്കില്‍ നമ്മുടെ അടുത്ത് വരുന്നവരോട് ഒരാവശ്യവുമില്ലാതെ ചിലപ്പോള്‍ ചൂടാകും. അതു തന്നെയായിരിക്കും നമുക്ക് ലഭിക്കുന്ന പ്രതികരണവും. കുറേ നല്ല കാര്യങ്ങളും സിനിമയില്‍ നിന്നും നമ്മള്‍ ഇന്‍ഫ്‌ളുവന്‍സ് ആകുന്നുണ്ട്. പക്ഷെ നമ്മള്‍ അതേക്കുറിച്ച് സംസാരിക്കുകയോ സമ്മതിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രം എന്നാണ് താരം പറയുന്നത്.
ബിടെക് റിലീസൊക്കെ കഴിഞ്ഞ സമയം. ആദു ഒരു സ്‌ട്രോ കട്ട് ചെയ്ത്, ഡെനിം ഷര്‍ട്ടൊക്കെ ഇട്ട് സ്‌ട്രോ വലിക്കുകയാണ്. എന്താ എന്ന് ചോദിച്ചപ്പോള്‍ ആനന്ദ് സുബ്രഹ്‌മണ്യം ആണെന്നും ഇത് സിഗരറ്റാണെന്നും പറഞ്ഞു. അത്രയക്കും സ്വാധീനമുണ്ടാക്കാന്‍ സിനിമയ്ക്ക് പറ്റും. രണ്ട് വശവുമുണ്ട്. സിനിമയെ സിനിമയായി കാണുക എന്നതാണ് എന്റെ സമീപനം. കള്ളനായി അഭിനയിക്കുമ്പോള്‍ കള്ളനാവുക. അല്ലാതെ ഇത് എന്റെ ഐഡിയോളജിയുമായി ചേരില്ല, ഞാനൊരു നന്മയുള്ള കള്ളനാകാം എന്ന് പറയില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications