രാജുവേട്ടന്‍ എന്നെ ഒഴിവാക്കിയതല്ല, ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടെന്ന് കാണുമ്പോള്‍ വിഷമമുണ്ട്: ആസിഫ് അലി
ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയ സിനിമയായിരുന്നു അമര്‍ അക്ബര്‍ അന്തോണി. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. പൊട്ടിച്ചിരികളുമായി ബോക്‌സ് ഓഫീസില്‍ വലിയ ഓളം തീര്‍ക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തില്‍ ആസിഫ് അലിയും അതിഥി വേഷത്തിലെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രം വീണ്ടും ചര്‍ച്ചകളില്‍ നിറുകയാണ്.
അമര്‍ അക്ബര്‍ അന്തോണിയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നാദിര്‍ഷ കഴിഞ്ഞ ദിവസം പറഞ്ഞ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. ചിത്രത്തിലെ മൂന്ന് നായകന്മാരില്‍ ഒരാളായി താന്‍ മനസില്‍ കണ്ടിരുന്നത് ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ക്ലാസ്‌മേറ്റ്‌സ് ടീം വീണ്ടും ഒരുമിക്കുന്നതാകും നല്ലതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇതോടെ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ നയകന്മാരാക്കുകയായിരുന്നു എന്നാണ് നാദിര്‍ഷ പറഞ്ഞത്.

പൃഥ്വിരാജിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരാന്‍ നാദിര്‍ഷയുടെ ഈ വെളിപ്പെടുത്തല്‍ ഇട വരുത്തിയിരുന്നു. ആസിഫ് അലിയെ അമര്‍ അക്ബര്‍ അന്തോണിയില്‍ നിന്നും പൃഥ്വിരാജ് ഒഴിവാക്കിയെന്നായിരുന്നു സോഷ്യല്‍ മീഡിയുടെ ആരോപണം. തലവന്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടുമ്പോഴായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ വിവാദം ശക്തമാകുന്നത്. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് ആസിഫ് അലി. ഇന്ത്യന്‍ സിനിമാ ഗ്യാലറിയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ തെറ്റിദ്ധാരണപ്പുറത്താണെന്നാണ് ആസിഫ് അലി പറയുന്നത്. പൃഥ്വാരിജ് അങ്ങനെ പറയാനുള്ള കാരണം അവരുടെ സൗഹൃദമാണെന്നും താന്‍ ആയിരുന്നു അഭിനയിച്ചിരുന്നതെങ്കില്‍ സുഹൃത്തിനേക്കാള്‍ അനിയന്‍ ആയിട്ടേ തോന്നുമായിരുന്നുള്ളു എന്നും ആസിഫ് അലി പറയുന്നു. നാദിര്‍ഷ പറഞ്ഞതിനെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.
''അത് ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും പൃഥ്വി അങ്ങനെ പറയില്ല. ഞാനിപ്പോള്‍ പൃഥ്വി എന്ന് പറയുന്നത് എല്ലാവര്‍ക്കും മനസിലാകാന്‍ വേണ്ടിയാണ്. ഞാന്‍ രാജുവേട്ടന്‍ എന്നാണ് വിളിക്കാറുള്ളത്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അര്‍ത്ഥം. അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്. അവര്‍ മുന്ന് പേരുമാണെങ്കില്‍ കറക്ടായിരിക്കും. ആ സ്‌ക്രീന്‍ സ്‌പേസിലേക്ക് ഞആന്‍ വരുമ്പോള്‍ എന്നെ അനിയനെ പോലെ തോന്നിയേക്കും'' എന്നാണ് ആസിഫ് അലി പറഞ്ഞത്.
അതുകൊണ്ടാണ് പൃഥ്വിരാജ് അങ്ങനെ പറഞ്ഞതെന്നും അല്ലാതെ തന്നെ സിനിമയില്‍ നിന്നും മാറ്റണം എന്ന് കരുതിയല്ല പറഞ്ഞതെന്നും ആസിഫി പറയുന്നു. നാദിര്‍ഷ പറഞ്ഞതും മാധ്യമങ്ങള്‍ക്ക് കിട്ടിയതും തമ്മിലുള്ള വ്യത്യാസമാണ് വിവാദത്തിന് ഇടയാക്കിയതെന്നും ആസിഫ് പറയുന്നു. അതേസമയം താനായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നതെങ്കില്‍ സിനിമയ്ക്ക് ഇത്ര സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്നും ആസിഫ് അലി അഭിപ്രായപ്പെടുന്നുണ്ട്.
അമര്‍ അക്ബര്‍ അന്തോണി ആളുകള്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ തീരുമാനിക്കാന്‍ കാരണം തന്നെ ആ മൂന്ന് പേര്‍ ആണെന്നും ആസിഫ് പറയുന്നു. പൃഥ്വിരാജും താനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും അഭിമുഖത്തില്‍ ആസിഫ് അലി സംസാരിക്കുന്നുണ്ട്. താന്‍ അപകടം പറ്റി കിടന്നിരുന്ന സമയത്ത് എല്ലാ ദിവസവും തന്നെ വിളിച്ച് രാജുവേട്ടന്‍ കാര്യങ്ങള്‍ ചോദിക്കുമായിരുന്നു എന്നാണ് ആസിഫ് പറയുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും തന്നെ വിളിക്കുമായിരുന്നുവെന്നും തന്നെ വിളിച്ചിട്ട് കിട്ടാതെ വരുമ്പോള്‍ ഭാര്യ സമയെ വിളിക്കുമായിരുന്നുവെന്നും ആസിഫ് പറയുന്നു.

സര്‍ജറി കഴിഞ്ഞും മൂന്ന് മാസം തീര്‍ച്ചയായും വിശ്രമിക്കണമെന്ന് പൃഥ്വി തന്നോട് പറഞ്ഞിരുന്നുവെന്നും ആസിഫ് പറയുന്നുണ്ട്. അങ്ങനെ തന്റെ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്ന ആളാണ് പൃഥ്വിരാജ്. തങ്ങള്‍ക്കിടയില്‍ എന്തോ വലിയ പ്രശ്‌നമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ തനിക്ക് വലിയ വിഷമമായെന്നും ആസിഫ് അലി പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായി മാറിയിരിക്കുകാണ് തലവന്‍. ആസിഫ് അലിയ്‌ക്കൊപ്പം ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ സംവിധാനം ജിസ് ജോയ് ആണ്. ഫീല്‍ ഗുഡ് സിനിമകളില്‍ നിന്നും ത്രില്ലറിലേക്കുള്ള ജിസ് ജോയിയുടെ ചുവടുമാറ്റത്തെ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications