ഈ ആമിർ ഖാൻ ചിത്രം എന്റെ ബിയോപിക്ക്: വേദനിച്ച കുട്ടിക്കാലം ഓർത്ത് ആസിഫ് അലി
മലയാള സിനിമയിൽ ഇന്ന് ഏറ്റവും വ്യത്യസ്തമായ സിനിമകൾ ചെയ്ത് തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത നടനാണ് ആസിഫ് അലി. ഒരു നല്ല പെർഫോർമർ എന്ന നിലയിലും, ഏറ്റവും പോപ്പുലർ ആയ താരം എന്ന നിലയിലും ആസിഫ് ഇന്ന് സ്വയം അടയാളപ്പെടുത്തി കഴിഞ്ഞു. ജീത്തു ജോസഫ് ചിത്രം മിറാജ് ഉൾപ്പെടെ ഒരുപിടി നല്ല ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ പ്രശസ്ത താരം.
അടുത്തിടെ, ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, ഏറെ വേദനിച്ച തന്റെ കുട്ടിക്കാലത്തെ ഒരു അധ്യായം ആസിഫ് അലി ഓർത്തെടുത്തിരുന്നു. ഒരു ഹോസ്റ്റലിൽ വളരേണ്ടി വന്ന കുട്ടിയെന്ന നിലയിൽ ചെറുപ്പത്തിൽ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ ആസിഫ്, ആമിർ ഖാൻ ചിത്രം 'താരേ സമീൻ പർ' തന്റെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന സിനിമയാണെന്ന് വെളിപ്പെടുത്തി.

"ഞാൻ താരേ സമീൻ പർ കണ്ടു കഴിഞ്ഞു പറഞ്ഞിട്ടുണ്ട് ഇത്. ഇപ്പോഴും പറയാറുണ്ട്. ഞാൻ ഒരു ഹോസ്റ്റലിൽ ആണ് വളർന്നത്. സ്കൂൾ മുതൽ ബോർഡിങ്ങിൽ നിന്ന ആളാണ്. അപ്പൊ ഞാൻ എപ്പോഴും പറയും: "ഈ അമോൽ ഗുപ്തെ (താരേ സമീൻ പർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്) എന്ന ആൾ ഉറപ്പായും ബോർഡിങ്ങിൽ നിന്ന് വളർന്ന ആളായിരിക്കും" എന്ന്. അല്ലാതെ അയാൾക്ക് അങ്ങനെയൊരു സ്ക്രിപ്റ്റ് എഴുതാൻ പറ്റില്ല," ആസിഫ് അലി പറഞ്ഞു.
"കാരണം ഞങ്ങൾ എല്ലാവരും കരയാൻ പോവുന്ന സ്ഥലമാണ് ഈ വാഷ് ബേസിൻ ഇരിക്കുന്ന റൂം. വാഷ് ബേസിൻ ഉള്ളയിടത്തു കരയുന്നത് എന്തിനാണെന്നു വച്ചാൽ, പെട്ടെന്ന് ആരെങ്കിലും വന്നാൽ മുഖം കഴുകാൻ എളുപ്പമാണ്. അങ്ങനെ ഒരു നാടകം ഒക്കെ സംഭവിക്കുന്ന സ്ഥലമാണ്. നമ്മൾ ഒറ്റക്ക് പോയി വിഷമങ്ങൾ പറയുന്നതും, കരയുന്നതും ഒക്കെ അവിടെയാണ്. അതിൽ ഷൂസ് ഇടുന്നത്, ഷർട്ടിന്റെ ബട്ടൻസ് ഒപ്പമാക്കുന്നത്, ഇതൊക്കെ ഞാൻ ആദ്യമായി ബോർഡിങ്ങിൽ പോയപ്പോൾ ഫേസ് ചെയ്തിട്ടുള്ള കാര്യങ്ങളാണ്," പ്രശസ്ത താരം ഓർത്തെടുത്തു.

"താരേ സമീൻ പർ ഒരു സമയത്ത്, എന്റെ ബിയോപിക് ആണല്ലോ ഇത് എന്ന് പോലും ഞാൻ ആലോചിച്ചിട്ടുള്ള സിനിമയാണ്. എന്റെ അനിയൻ ജനിച്ചു കഴിഞ്ഞ്, അവനൊരു രണ്ടാം ക്ലാസ്സിൽ ഒക്കെ ആയ സമയത്താണ് എന്നെ ഹോസ്റ്റലിലേക്ക് വിടുന്നത്. അപ്പൊൾ ആ സമയത്ത്, എന്റെ ആദ്യത്തെ ചിന്ത എന്താണ്? സ്വാഭാവികമായും പാരന്റ്സിന് എന്നോട് ഇഷ്ടം കുറഞ്ഞത് കൊണ്ടാണ് എന്നെ ബോർഡിങ്ങിൽ ആക്കുന്നത് എന്നാണ്. ഹോസ്റ്റലിൽ വരുന്ന എല്ലാ മൂത്ത കുട്ടികളുടെയും മനസ്സിൽ ഉണ്ടാവുന്നത് ഇതായിരിക്കും," ആസിഫ് അലി വെളിപ്പെടുത്തി.
"പ്രത്യേകിച്ച് സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ, എല്ലാവരുടെയും മനസ്സിലെ തോന്നൽ ഇതാണ്. ഇപ്പോഴും വീട്ടിൽ നിന്ന് നമ്മളെ പറഞ്ഞു വിട്ടു എന്ന ഫീൽ ആണ്. ഞാൻ ഇപ്പോഴും കരയും. നമുക്ക് ആഴ്ചയിൽ രണ്ടു വട്ടമാണ് വീട്ടിലേക്ക് ഫോൺ ചെയ്യാൻ പറ്റുന്നത്. അപ്പൊൾ ഫോൺ ചെയ്താൽ മാക്സിമം ഒന്നര മിനിട്ടാണ് സംസാരിക്കാൻ കിട്ടുക. കോൾ കട്ട് ആയി കഴിഞ്ഞാൽ കരയും. ഭയങ്കരമായി വിഷമിച്ച ഒരു സമയമായിരുന്നു അത്. ആ സങ്കടം മാറിയാതെ എനിക്ക് ആദ്യത്തെ ഗേൾഫ്രണ്ടിനെ കിട്ടിയപ്പോഴാണ്," ഒരു ചിരിയോടെ പ്രശസ്ത താരം പറഞ്ഞു നിർത്തി.


Click it and Unblock the Notifications











