എന്റെ സിനിമകള്‍ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്; കരച്ചിലിന് പിന്നില്‍ എന്തെന്ന് ആസിഫ് അലി
തുടര്‍ പരാജയങ്ങളില്‍ നിന്നും ബോക്‌സ് ഓഫീസിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് ആസിഫ് അലി-ജിസ് ജോയ് കൂട്ടുകെട്ട്. എന്നും ഫീല്‍ ഗുഡ് സിനിമകള്‍ തന്നിട്ടുള്ള ഇരുവരും ഇത്തവണ ട്രാക്കൊന്ന് മാറ്റി ത്രില്ലറുമായാണ് വന്നത്. ഇവര്‍ക്കൊപ്പം ബിജു മേനോനുമുണ്ടായിരുന്നു ഇത്തവണ. ബൈസിക്കിള്‍ തീവ്‌സിന് ശേഷം മൂവരും ഒരുമിച്ച തലവന്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായി മാറിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ ടര്‍ബോയുടെ ഒപ്പമായിരുന്നു തലവന്റേയും റിലീസ്. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ പതിയെ തലവന്‍ കളം പിടിക്കുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയെ പോലും അവഗണിച്ചു കൊണ്ടാണ് പ്രേക്ഷകര്‍ തലവന്‍ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ദിവസം ലഭിച്ച പ്രതികരണം കണ്ട് കണ്ണു നിറയുന്ന ആസിഫ് അലിയുടെ വീഡിയോ നേരത്തെ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ആ വീഡിയോയെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ഒറിജിനല്‍സ് യൂട്യൂബ് ചാനിലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരുപാട് ആഗ്രഹിച്ച ചെയ്ത പല സിനിമകളും ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. അതില്‍ ഒരു സിനിമ നന്നായെന്ന് പറയുമ്പോള്‍ ഒരു സന്തോഷം. ആ സന്തോഷം ഞാന്‍ അന്ന് നേരിട്ട് കണ്ട് അനുഭവിച്ചു. അതായിരുന്നു കാരണമെന്നാണ് ആസിഫ് പറയുന്നത്.
ആസിഫിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ആറാമത്തെ സിനിമയാണിത്. അതിനാല്‍ ആസിഫിന്റെ എല്ലാ എക്‌സ്പ്രഷനുകളും തനിക്ക് കാണാപ്പാഠമാണ്. എന്നാല്‍ ആ വീഡിയോയില്‍ കണ്ട എക്‌സ്പ്രഷന്‍ ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന സംവിധായകന്‍ ജിസ് ജോയ് പറയുന്നു. കഴിഞ്ഞ കുറച്ച് കാലമായി കണ്ടിട്ടില്ലെന്ന് പറയണം. ഭയങ്കര സന്തോഷം തോന്നിയ നിമിഷമായിരുന്നുവെന്ന് ആസിഫ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
പല കാരണങ്ങള്‍ കൊണ്ട് കടപ്പാട് തോന്നിയ ദിവസമായിരുന്നു അത്. എന്റെ മാസ്റ്റര്‍ ആദ്യമായി എന്റെ സിനിമ കാണാന്‍ വന്നു. ആസിഫിന്റെ വാപ്പയും ഉമ്മയും സിനിമ കാണാന്‍ വന്നത് പോലെ തന്നെ ഞാന്‍ ഈ ലോകത്ത് ഏറ്റവും ബഹുമാനിക്കുന്ന ഫാദര്‍ ബോബി ജോസ് കട്ടിക്കാട് ആദ്യമായി എന്റെ കൂടെ വന്നൊരു സിനിമ കണ്ടു. ഞാന്‍ ഇമോഷണലായി. മൊത്തം മീഡിയ ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ മറ്റൊരു ഇടത്ത് അച്ചനൊപ്പം മാറി നല്‍ക്കുകയായിരുന്നുവെന്ന് ജിസ് ജോയിയും പറയുന്നു.
നേരത്തെ അമര്‍ അക്ബര്‍ അന്തോണിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള ആസിഫിന്റെ വാക്കുകളും ചര്‍ച്ചയായിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു ചിത്രത്തിലെ നായകന്മാര്‍. അതേസമയം ഇതിലൊരു കഥാപാത്രം ആസിഫ് അലി ചെയ്യണം എന്നായിരുന്നു നാദിര്‍ഷ ആഗ്രഹിച്ചത്. എന്നാല്‍ ക്ലാസ്‌മേറ്റ്‌സ് ടീമിനെ വീണ്ടും കൊണ്ടു വരാന്‍ പൃഥ്വിരാജ് പറഞ്ഞുവെന്നായിരുന്നു നാദിര്‍ഷ തുറന്ന് പറഞ്ഞത്.

ഇതോടെ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് ആസിഫ് അലിയെ ഒഴിവാക്കിയെന്നായി സോഷ്യല്‍ മീഡിയ. സംഭവം വിവാദമായതോടെയാണ് ആസിഫ് അലി പ്രതികരണവുമായി വന്നത്. ''അത് ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും പൃഥ്വി അങ്ങനെ പറയില്ല. ഞാനിപ്പോള്‍ പൃഥ്വി എന്ന് പറയുന്നത് എല്ലാവര്‍ക്കും മനസിലാകാന്‍ വേണ്ടിയാണ്. ഞാന്‍ രാജുവേട്ടന്‍ എന്നാണ് വിളിക്കാറുള്ളത്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അര്‍ത്ഥം. അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്. അവര്‍ മുന്ന് പേരുമാണെങ്കില്‍ കറക്ടായിരിക്കും. ആ സ്‌ക്രീന്‍ സ്പേസിലേക്ക് ഞാന്‍ വരുമ്പോള്‍ എന്നെ അനിയനെ പോലെ തോന്നിയേക്കും'' എന്നാണ് ആസിഫ് അലി പറഞ്ഞത്.
നാദിര്‍ഷ പറഞ്ഞതും മാധ്യമങ്ങള്‍ക്ക് കിട്ടിയതും തമ്മിലുള്ള വ്യത്യാസമാണ് വിവാദത്തിന് ഇടയാക്കിയതെന്നും ആസിഫ് പറയുന്നു. കൂടാതെ താനായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നതെങ്കില്‍ സിനിമയ്ക്ക് ഇത്ര സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞിരുന്നു. പൃഥ്വിരാജും താനും തമ്മില്‍ വളരെ നല്ല സൗഹൃദമാണെന്നും അപകടം പറ്റി കിടന്ന സമയത്ത് തന്നെ ദിവസവും വിളിച്ച് സംസാരിക്കുമായിരുന്നു എന്നും ആസിഫ് പറയുന്നുണ്ട്.


Click it and Unblock the Notifications