മമ്മൂട്ടി അഭിനയത്തിന്റെ കാര്യത്തിൽ കർക്കശക്കാരനാണ്; മോഹൻലാൽ അങ്ങനെയല്ല: നേപ്പാളിൽ വെച്ച് നടന്നത്....
മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട ക്ലാസിക്ക് ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തിയ യോദ്ധ. 'ദി ഗോൾഡൻ ചൈൽഡ്' എന്ന ചിത്രത്തിന്റെ അഡാപ്റ്റേഷനാണ് യോദ്ധ. ഇന്ത്യൻ സിനിമയിലെ ഒരു നാഴികക്കല്ലായി മാറിയ യോദ്ധ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. സംഗീത് ശിവന്റെ നോട്ടബിൾ വർക്കുകളിൽ മുൻപന്തിയിൽ തന്നെയാണ് യോദ്ധയുടെ സ്ഥാനം.
ചിത്രത്തിന്റെ വേറിട്ട കഥയും അതിലെ ചില ഫാന്റസിയും ഒപ്പം മലയാളികൾക്ക് സുപരിചിതമല്ലാത്ത കഥാ പശ്ചാത്തലവും. എല്ലാം കൊണ്ടും യോദ്ധക്ക് വലിയ സ്വീകാര്യത ലഭിച്ചു. യോദ്ധയിൽ അസോസിയേറ്റായി വർക്ക് ചെയ്ത ജോമോൻ സിനിമയിലെ ചില അനുഭവങ്ങൾ മാസ്റ്റർ ബിൻ ചാനലിലൂടെ പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ.

"സംഗീത് ശിവൻ സംവിധാനം ചെയ്ത് സാഗാ ഫിലിംസിന്റെ ബാനറിൽ പ്രൊഡ്യസർ അപ്പച്ചൻ നിർമ്മിച്ച ചിത്രമാണ് യോദ്ധ. സംഗീത് ശിവന് ഒരു കഥ വന്നപ്പോൾ അത് അപ്പച്ചൻ സാറിനോട് സംസാരിച്ചു. എറണാകുളത്ത് നിന്ന് അതിന്റെ എഴുത്തെല്ലാം പൂർത്തിയാക്കി. നേപ്പാളിൽ വെച്ച് നടക്കുന്ന സിനിമയായിരുന്നു അത്. കേരളത്തിലും ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു. അതെല്ലാം പാലക്കാട് വെച്ചാണ് ചിത്രീകരിച്ചത്.
ബാക്കിയെല്ലാം നേപ്പാളിൽ വെച്ചാണ് ഷൂട്ട് ചെയ്യാൻ ഉള്ളത്. അവിടുന്ന് ഷൂട്ട് ചെയ്യാൻ 2 ഹിന്ദി ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടായിരുന്നു. വില്ലനായി എത്തിയ പുനീത് ഇസ്സാറും പിന്നെ മൊണാലി സിംഗിനേയും മൂംബൈയിൽ നിന്ന് നേപ്പാളിലേക്ക് കൊണ്ടു പോയതാണ്. അവിടെ നേപ്പാളിൽ ഒരു മലയാളി കുടുംബമുണ്ടായിരുന്നു. എന്നാൽ അവർ നേപ്പാളിലാണ് സ്ഥിരമായി താമസിക്കുന്നത്. അവിടുന്നാണ് സിദ്ധാർത്ഥ് ലാമയെ കണ്ടെത്തുന്നത്. എല്ലാവരെയും തിരഞ്ഞെടുത്ത ശേഷമാണ് ഷൂട്ട് ചെയ്യാൻ തുടങ്ങുന്നത്. 40 ദിവസം നേപ്പാളിൽ തന്നെയായിരുന്നു."
യോദ്ധ സിനിമയിലെ അശോകനെയും അപ്പുക്കുട്ടനെയും മലയാളികൾ മറക്കില്ല. ഇരുവരുടേയും വഴക്കും, മത്സരങ്ങളും എല്ലാം അതി മനോഹരമായിരുന്നു. നേപ്പാളിൽ എത്തിയിട്ട് അശോകനായിട്ട് അപ്പുക്കുട്ടൻ കുട്ടിമാമയുടെ വീട്ടിൽ കയറിക്കൂടുന്നുണ്ട്. എന്നാൽ യഥാർത്ഥ അശോകൻ അവിടെ എത്തുമ്പോഴാണ് കഥ മാറുന്നത്. ഇരുവരും കുട്ടിമാമയുടെ വീട്ടിൽ നിന്നും പരസ്പരം കാണുന്ന ആ സീൻ ഒറ്റ ടെയ്ക്കിൽ എടുത്തതാണ്. അതു മാത്രമല്ല ഇരുവരും അഭിനയിച്ച പല സീനുകളിലും അത്തരത്തിൽ കണ്ടു നിൽക്കുന്നവരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

മോഹൻലാലിനൊപ്പം വർക്ക് ചെയ്യാൻ പൊതുവേ എല്ലാവർക്കും ഇഷ്ടമാണ്. ജോമോനും ഇതേ അഭിപ്രായം തന്നെയാണ്. "അതായത് സ്ക്രിപ്റ്റിലെ ചില ഡയലോഗുകളിൽ തിരുത്ത് വേണമെങ്കിൽ അദ്ദേഹം നേരിട്ട് ചേദിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ മനസിലെ ഐഡിയയും വിവരിക്കും. അസോസിയേറ്റ് ഡയറക്ടറോട് മാത്രമല്ല ഡയറക്ടറോടും വ്യക്തമാക്കും. അത്തരത്തിൽ തിരുത്ത് വരുത്തി അദ്ദേഹം ചെയ്യുന്ന സീനുകളെല്ലാം അതി ഗംഭീരമായിരിക്കും. തീർച്ചയായും അദ്ദേഹത്തിന്റെ കഴിവാണത്."
"ടെക്നീഷ്യൻസിനെ വിലമതിക്കുന്ന ആർട്ടിസ്റ്റാണ് മോഹൻലാൽ. മറ്റുള്ളവർ അങ്ങനെയല്ല എന്നല്ല. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുകയും സിനിമാ ഷൂട്ടിംഗ് കഴിയുമ്പോൾ അതേ സ്നേഹത്തോടെ പിരിയുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. മമ്മൂട്ടിയുടെ സെറ്റ് മറ്റൊരു രീതിയാണ്. ചക്കരയുമ്മ, അടയാളം എന്നീ സിനിമകളിൽ അസോസിയേറ്റായി വർക്ക് ചെയ്തിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂട്ടി കർക്കശക്കാരനാണ്. കാരണം അദ്ദേഹത്തിന് ജോലിയോടുള്ള ആത്മാർത്ഥയാണ് വലുത്." ജോമോൻ പറഞ്ഞു.


Click it and Unblock the Notifications