സെല്‍ഫ് കെയര്‍ എത്ര പ്രധാനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അന്ന്; തന്റെ ലവ് ലാഗ്വേജിനെപ്പറ്റി അശ്വതി
മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് അശ്വlതി ശ്രീകാന്ത്. അഭിനേത്രിയായും അവതാരകയായും ടെലിവിഷനില്‍ നിറഞ്ഞു നില്‍ക്കുകയാണ് അശ്വതി. അതേസമയം തന്റെ വീഡിയോകൡലൂടേയും കുറിപ്പുകളിലൂടേയും അശ്വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ അശ്വതിയുടെ പുതിയ കുറിപ്പും ചര്‍ച്ചയായി മാറുകയാണ്.
മുടിവെട്ടുന്നതിനെക്കുറിച്ചാണ് അശ്വതി പുതിയ കുറിപ്പില്‍ സംസാരിക്കുന്നത്. മുടി വെട്ടുന്നതില്‍ എന്തിരിക്കുന്നു എന്നല്ലേ? അതില്‍ ഒരുപാടുണ്ടെന്നാണ് അശ്വതിയുടെ കുറിപ്പ് പറയുന്നത്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ആദ്യത്തെ പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനില്‍ നിന്ന് തിരിച്ച് കയറിയതിന്റെ ആദ്യ സ്റ്റെപ്പ് ഒരു മുടി വെട്ടലായിരുന്നു. പ്രസവം കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയിരുന്നെങ്കിലും അപ്പോഴും അയഞ്ഞു തൂങ്ങിയ പഴയ മറ്റേര്‍ണിറ്റി ഡ്രെസ്സുകളില്‍ തന്നെയായിരുന്നു ജീവിതം. കല്യാണ സമയത്ത് ഒരു ആവശ്യോമില്ലാതെ പോയി സ്‌ട്രൈറ്റ് ചെയ്ത് നശിപ്പിച്ച ചുരുളന്‍ മുടി, പ്രസവം കഴിഞ്ഞപ്പോഴേക്ക് വളര്‍ന്ന് തോളിന് താഴെ ഇറങ്ങിയിരുന്നു.
പകുതി ചുരുണ്ടും ബാക്കി പശുവിന്റെ വാല് പോലെയും കിടന്ന മുടി വലിച്ചു വാരി കെട്ടി ചേരാത്ത ഉടുപ്പുകള്‍ മാത്രമിട്ട് കോലം കെട്ട് നടന്ന ആ എന്നെ എനിക്ക് പോലും തീരെ പരിചയമില്ലായിരുന്നു. 'നീ ആ പുരികമെങ്കിലും ഒന്ന് ഷേപ്പ് ചെയ്യൂ'ന്ന് ഭര്‍ത്താവ് വരെ പറഞ്ഞു തുടങ്ങിയ കാലം. പെട്ടെന്നൊരു ദിവസം എനിക്ക് മുടി വെട്ടണമെന്ന് ഒരു തോന്നല്‍ വന്നു. 'ദേ ഈ കൊച്ചിനെ ഒന്ന് നോക്കിക്കോന്ന്' കെട്ടിയോനെ പറഞ്ഞേല്‍പ്പിച്ച് ടാക്‌സി വിളിച്ച് നേരെ പോയത് പാര്‍ലറിലേക്കാണ്.
സ്‌ട്രെയ്റ്റനിംഗ് ചെയ്ത മുടി മുഴുവന്‍ അങ്ങ് വെട്ടിയേക്കാന്‍ അവിടെ നിന്ന ഫിലിപ്പിനോ പെണ്‍കൊച്ചിനോട് പറഞ്ഞ് കണ്ണടച്ചിരുന്നു കൊടുത്തു. അവളാ പണി കൃത്യമായി ചെയ്തു. അങ്ങനെ തോളൊപ്പം ചുരുണ്ട മുടിയുമായി പുത്തനൊരു ഞാന്‍ കണ്ണാടിയില്‍ തെളിഞ്ഞു വന്നു. എന്തെന്നില്ലാത്ത സന്തോഷം കൊണ്ടെനിക്ക് വീര്‍പ്പു മുട്ടി. കൃത്യം അളവിനുള്ള കുറച്ച് ഡ്രസ്സ് വാങ്ങലായിരുന്നു അടുത്തത്.
സത്യത്തില്‍ അതൊരു തുടക്കമായിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ച് വരവുകളില്‍ സെല്‍ഫ് കെയര്‍ എത്രത്തോളം പ്രധാനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അന്നാണ്. ചില മുഷിപ്പന്‍ ദിവസങ്ങളില്‍ ഒന്ന് മുടി വെട്ടുന്നതും ലക്ഷ്യമില്ലാതെ ഡ്രൈവ് പോകുന്നതും പാതിരാത്രി ഒറ്റയ്ക് ഐസ് ക്രീം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതും ഒക്കെ ഞാന്‍ എന്നോട് കാണിക്കുന്ന ലവ് ലാംഗ്വേജ് ആണ്. അപ്പൊ പറഞ്ഞ് വന്നത്...ആകെ മടുത്ത് മുഷിഞ്ഞ് നിന്നൊരു സമയത്ത് ഇന്നലെ പോയെന്നു മുടി വെട്ടി, സ്വയം പുതുക്കി. ഒരു സന്തോഷം, സമാധാനം എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തിയത്. ചേച്ചി, ഈ വീഡിയോ എനിക്ക് എത്രമാത്രം പ്രചോദനം ആയെന്ന് പറയാന്‍ അറിയില്ല. 7 മാസം പ്രായമുള്ള കൊച്ചിനേം കൊണ്ട് ആദ്യമായിട്ട് ഇന്നലെ ഒരു കല്യാണത്തിന് പോയി. കൂടെ പഠിച്ചവരൊക്കെ എന്ത് സ്‌റ്റൈലായിട്ടാണ് വന്നത്. ഞാന്‍ ശരിക്കും ഒരു അമ്മ മോഡിലാണെന്ന് ഇന്നലെ ആണ് മനസ്സിലായെ. എത്ര സമയമെടുത്തു ഒരുങ്ങിയിരുന്ന ആളാണ്. എനിക്ക് എന്നെ വീണ്ടും സ്‌നേഹിച്ചു തുടങ്ങണം എന്നായിരുന്നു ഒരു കമന്റ്.
ഒരാഴ്ച മുന്നേ ഞാനും വെട്ടി എന്റെ മുടി മനസ്സില്‍ എന്തോ ഭാരം ഒഴിഞ്ഞ പോലെ തോന്നി.. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് മുടിയിലാണ് പെണ്ണിന്റെ ഓര്‍മ്മകള്‍ എന്ന് വെട്ടി കളയുക എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.


Click it and Unblock the Notifications