മദ്യപാനവും പുകവലിയുമില്ല, ആരോഗ്യം ശ്രദ്ധിക്കുന്നവന്‍; ദിവസവും വര്‍ക്കൗട്ട് ചെയ്യും; സഹോദരനെപ്പറ്റി ബൈജു
തന്റെ സഹോദരന്റെ വിയോഗത്തില്‍ വികാരഭരിതനായി നടന്‍ ബൈജു ഏഴുപുന്ന. കഴിഞ്ഞ ദിവസമായിരുന്നു ബൈജുവിന്റെ സഹോദരന്‍ ഷെല്‍ജു ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. സഹോദരന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബൈജു പറയുന്നത്. ആരോഗ്യം നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു ഷെല്‍ജുവെന്നും ബൈജു പറയുന്നുണ്ട്.
ഹൃദയാഘാതം സംഭവിച്ച അനുജനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും രക്ഷപെടുത്താനായില്ല എന്നാണ് ബൈജു പറയുന്നത്. ഷെല്‍ജുവിന്റെ സംസ്‌കാരച്ചടങ്ങിന് ശേഷം ടോക്‌സ് ലെറ്റ് മി ടോക് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ബൈജു. വികാരഭരിതനായാണ് ബൈജു സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''നല്ല ആരോഗ്യവാനായിരുന്നു. മദ്യപാനമോ സിഗരറ്റ് വലിയോ ഉണ്ടായിരുന്നില്ല. ശരീരം നന്നായി നോക്കുമായിരുന്നു. എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. രണ്ട് മാസം മുമ്പ് പനി വന്നിരുന്നു. നല്ല പനിയായിരുന്നു. കുറച്ച് ദിവസം ആശുപത്രിയില്‍ അഡ്മിറ്റഡ് ആയിരുന്നു. അതിന് ശേഷം എനിക്കും പനി വന്നിരുന്നു. അതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അവന്റെ വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ഉച്ചയ്ക്ക് ഞാന്‍ വിളിച്ചിട്ട് പോയതാണ്. അവന്റെ കാറുമായാണ് ഞാന്‍ പോയത്. ഇടുക്കിയ്ക്ക് പോകുന്ന യാത്രയില്‍ തൊടുപുഴ എത്തിയപ്പോഴാണ് ഷെല്‍ജുവിന് സുഖമില്ലാതെയായെന്ന്. അനക്കമൊന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചു. റോഡിന്റെ അവസ്ഥ കാരണം കുറച്ച് വൈകി. ഇരുപത് മിനുറ്റോളം അവര്‍ ശ്രമിച്ചു നോക്കി. പക്ഷെ ആള് പോയി.
49 വയസായിരുന്നു. ദൈവം വിളിച്ചാല്‍ ആരോഗ്യമോ സമയമോ ഇല്ല. കൂടുതല്‍ ഇഷ്ടമുള്ളവരെ പെട്ടെന്ന് വിളിക്കും. മമ്മിയുടെ അടുത്തേക്ക് പോയി. ഷുഗര്‍ കുറഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. പക്ഷെ കാര്‍ഡിയാക് അറസ്റ്റ് തന്നെയായിരുന്നു. 20 മിനുറ്റോളം ഡോക്ടര്‍മാര്‍ ശ്രമിച്ചു നോക്കിയിരുന്നു. പോകേണ്ടവര്‍ ആ സമയം വന്നാല്‍ പോയല്ലേ പറ്റൂ. ഇത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ്. അവനും ഡാഡിയും ആക്ടീവായി ബിസിനസില്‍ നില്‍ക്കുന്നതിനാലാണ് ഞാന്‍ സിനിമയെന്നൊക്കെ പറഞ്ഞ് പോകുന്നത്.''

നടനും സംവിധായകനും നിര്‍മ്മാതാവുമാണ് ബൈജു എഴുപുന്ന. വില്ലന്‍ വേഷങ്ങളിലൂടെയാണ് ബൈജു കയ്യടി നേടുന്നത്. ഈയ്യടുത്തായിരുന്നു ബൈജുവിന്റെ മകളുടെ കല്യാണം നടന്നത്. കല്യാണത്തിന് എല്ലാം നോക്കി ഓടി നടന്നത് ഷെല്‍ജുവായിരുന്നു.


Click it and Unblock the Notifications











