മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ ഷോയിൽ പറഞ്ഞിട്ടുണ്ട്, ദേഷ്യത്തോടെയല്ല; വീഡിയോയുമായി ബാല
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ബാല. തമിഴ്‌നാട്ടുകാരനായ ബാല അതിവേഗമാണ് മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. 2003 ൽ പുറത്തിറങ്ങിയ അൻപ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാലയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. 2006 ൽ കളഭം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്.
പിന്നീടങ്ങോട്ട് ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ബാല തിളങ്ങി. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ ബാലയ്ക്ക് കഴിഞ്ഞിരുന്നു. നടൻ എന്നതിനുപരി സംവിധായകൻ കൂടിയാണ് ബാല.

എന്നാൽ അടുത്ത കാലത്തായി സിനിമകളേക്കാൾ കൂടുതൽ വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലും ട്രോളുകളിലൂടെയുമാണ് ബാലയുടെ പേര് ചർച്ച ചെയ്യപ്പെടുന്നത്. ഒരു ടെലിവിഷൻ പരിപാടിക്കിടെ ടിനി ടോമും രമേശ് പിഷാരടിയും ചേർന്ന് ബാലയെ അനുകരിച്ചത് ഏറെ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ വൈകാരികമായി പ്രതികരിച്ച് ബാല രംഗത്ത് എത്തിയിരുന്നു.
ഇപ്പോൾ ഫേസ്‌ബുക്കിൽ മറ്റൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബാല. ഫ്ളവേഴ്സിലെ സ്റ്റാർ മാജിക് എന്ന കോമഡി പരിപാടിയിൽ താൻ പങ്കെടുത്തെന്നും അതിൽ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നുമാണ് നടൻ വീഡിയോയിൽ പറയുന്നത്. ദേഷ്യത്തിന്റെ പുറത്തോ ഇമോഷനലായോ പറഞ്ഞതല്ല ചിന്തിച്ച് പറഞ്ഞതാണെന്നും ബാല പറയുന്നു. ബാലയുടെ വാക്കുകൾ ഇങ്ങനെ.

'എല്ലാവർക്കും നമസ്കാരം, ഇത് ബാലയാണ്. ഇന്നലെ ഞാൻ കൊച്ചിയിലുണ്ടായിരുന്നു. ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാർ മാജിക്കിന്റെ ഷൂട്ട് ഉണ്ടായിരുന്നു. അത് കോമഡി ഷോയാണ് പക്ഷെ എന്റെ മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. അത് ഞാൻ ദേഷ്യപ്പെട്ടോ ഇമോഷനലായോ പറഞ്ഞതല്ല,'
ഞാൻ വളരെ വളരെ വളരെ ഓർത്ത്, വളരെ ചിന്തിച്ച് പറഞ്ഞതാണ്. ഇപ്പോൾ ഞാൻ ചെന്നൈയിലാണ്. 15ന് ശേഷം ഞാൻ തിരിച്ചെത്തും. അതിനിടെ കുറെ ചോദ്യങ്ങളും എനിക്ക് പോലും അറിയാത്ത കുറെ ഉത്തരങ്ങളും ഞാൻ കേൾക്കുന്നുണ്ട്. എല്ലാം ശരിയാണ്. ഞാനും നിങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒരാളാണ്. വേണ്ടാന്ന് വെച്ചാൽ വേണ്ട!

'ഞാൻ ഇപ്പോൾ ചെന്നൈയിൽ വന്നത് കുറച്ച് നല്ല കാര്യങ്ങൾ ചെയ്യാനാണ്. ചില കമ്മിറ്റ്മെന്റുകളാണ് എന്റെ സ്നേഹമാണ്. ഞാൻ ആർക്കും അഭിമുഖം നൽകാൻ തയ്യാറാണ്. പക്ഷെ നേരിട്ട് ചോദിക്കണം. പുറകിൽ നിന്ന് ചോദിക്കണ്ട. അങ്ങനെയാണെങ്കിൽ ഉത്തരം നല്കാൻ ഞാൻ തയ്യാറാണ്. നമ്മുക്ക് സ്നേഹത്തോടെ മുന്നോട്ട് പോകാം,' ബാല പറഞ്ഞു.
എന്താണ് കാര്യം എന്ന് ചോദിച്ച് നിരവധിപേർ നടന്റെ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഒന്നും മനസിലാകുന്നില്ല, എന്ത് പറ്റി എന്നുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാം. അന്തോം കുന്തോം കിട്ടുന്നില്ല. ട്രോൾ വിഷമയമാണോ , അമൃതയെ കുറിച്ച് എന്തെങ്കിലും ആണോ എന്നൊക്കെയാണ് ആരാധകരുടെ സംശയങ്ങൾ.
അതേസമയം, ഷെഫീഖിന്റെ സന്തോഷം ആണ് ബാലയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒരു ഇടവേളയ്ക്കു ശേഷം വരുന്ന ബാലയുടെ സിനിമയാണത്. അതേസമയം തമിഴിൽ സൂര്യയുടെ നിർമ്മാണത്തിൽ ബാല ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്.


Click it and Unblock the Notifications