'മകളെ സ്നേഹിക്കുന്ന ചേട്ടന്റെ വീട്ടിൽ മകളുടെ ഫോട്ടോ ഇല്ലല്ലോ?' ബാലയോട് ആരാധകർ; ഹോം ടൂർ വീഡിയോ വൈറൽ!
മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടനാണ് ബാല. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ എത്തിയ ബാല ആരാധകർക്ക് സ്വന്തം നാട്ടുകാരൻ തന്നെയാണ്. തമിഴ് സിനിമ കുടുംബത്തിൽ ജനിച്ചയാളാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.
പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് ബാല മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം തിളങ്ങിയ ബാലയ്ക്ക് മലയാള സിനിയിൽ വളരെ പെട്ടെന്ന് തന്നെ ഒരിടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇടക്കാലത്ത് സിനിമകളിൽ നിന്നെല്ലാം മാറി നിന്ന ബാല അടുത്തിടെ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു.

അതേസമയം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ് നടന്റെ വ്യക്തി ജീവിതം. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാമത്തെ വിവാഹവുമെല്ലാം വലിയ വാർത്തയായി മാറിയിരുന്നു.സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കുകയും അഭിമുഖത്തിലെയും മറ്റും പെരുമാറ്റങ്ങളുടെ പേരിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ് നടൻ.
അതേസമയം, ബാലയുടെ പല അഭിമുഖങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബാലയുടെ കൂളിങ് ഗ്ലാസ് ധരിച്ചുള്ള സ്റ്റൈലൊക്കെ ചർച്ച ചെയ്യപ്പെട്ടതാണ്. നടൻ തന്റെ വീട്ടിൽ നിന്ന് തന്നെയാണ് മിക്ക അഭിമുഖങ്ങളും നൽകിയിരുന്നത്. ഇപ്പോഴിതാ, തന്റെ വീട് പരിചയപ്പെടുത്തുകയാണ് ബാല.

ബിഹൈൻഡ്വുഡ്‌സ് ചാനലാണ് ബാലയുടെ ഹോം ടൂർ പങ്കുവച്ചിരിക്കുന്നത്. എറണാകുളം പാലാരിവട്ടത്ത് പ്ലാറ്റിനം ലോട്ടസ് എന്ന ഫ്ളാറ്റിലെ ബാലയുടെ അപാർട്മെന്റ് ആണ് കാണിച്ചിരിക്കുന്നത്. ആദ്യ ഫ്ലോറിൽ തന്നെയാണ് ബാലയുടെ ഫ്ലാറ്റ്. രണ്ടു ഫ്ലാറ്റുകൾ ഒന്നിച്ച് ചേർത്ത് ഒറ്റ ഫ്ലാറ്റാക്കി മാറ്റിയിരിക്കുന്നതാണ് ബാലയുടെ ഫ്ലാറ്റ്. അഞ്ച് മുറികളാണ് ഫ്ലാറ്റിൽ ഉള്ളത്.
ഷോക്കേസിലെ തന്റെ ട്രോഫികളും പുരസ്കാരങ്ങളും എല്ലാം ബാല കാണിക്കുന്നുണ്ട്. തനിക്കും ലാലേട്ടനും മാത്രം ലഭിച്ച ഒരു മിനിയേച്ചർ സ്റ്റാച്യു തനിക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവമാണെന്ന് പറഞ്ഞ് ബാല കാണിക്കുന്നുണ്ട്. ടോവിനോയും താനും ഒന്നിച്ച് വാങ്ങിയ മസാജിങ് ചെയറും തന്റെ സൺ ഗ്ലാസുകളുടെ കളക്ഷനും നടൻ പരിചയപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിൽ ഹർദിക് പാണ്ഡ്യ ആദ്യം വാങ്ങിയ ഒരു സൺ ഗ്ലാസ് എന്ന് പറഞ്ഞ് ബാല ഒരു ഗ്ലാസ് കാണിക്കുന്നുണ്ട്. ഹാർദിക്കിന് ശേഷം താനാണ് അത് വാങ്ങിയതെന്ന് നടൻ പറയുന്നത്. 60,000 രൂപ വരുന്ന ആ ഗ്ലാസും ഒപ്പം 18,000, 4000 എന്നിങ്ങനെ വിലയുള്ള മറ്റു ഗ്ലാസുകളും ബാല പരിചയപ്പെടുത്തുന്നുണ്ട്.

ഫ്ലാറ്റിന്റെ മുകൾ നിലയിലായിട്ടാണ് ബാല ഓഫീസ് സ്‌പേസും ഒപ്പം തന്നെ ജിമ്മും ഒരുക്കിയിരിക്കുന്നത്. അഞ്ചിലധികം ഉപകാരങ്ങളാണ് ജിമ്മിൽ ഉള്ളത്. അവതാരക വീണയിൽ തന്റെ മെന്റലിസം ടെക്നിക്കുകളും ബാല പരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. മകൾക്ക് വാങ്ങിയ ഫാനും ബാല കാണിക്കുന്നുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ ഉള്ളതാണ് ഫാൻ. അവൾക്ക് കാർട്ടൂൺ ഇഷ്ടമായിരുന്നു എന്നും ബാല പറയുന്നുണ്ട്.

അതേസമയം നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. സിമ്പിൾ മനുഷ്യൻ എന്നാണ് പലരുടെയും കമന്റ്. എന്തൊരു പാവമാണ്. ഇത്രയും നിഷ്കളങ്കനാണോ എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. ഇങ്ങേർ വീട്ടിലും സൺഗ്ലാസ് വെച്ചാണോ നടക്കുന്നത്. ഇത് എന്തോരം ഗ്ലാസുകളാണ് എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്.
അതേസമയം, മകളെ കുറിച്ച് വാചാലനാകാറുള്ള മകളെ ഇത്ര സ്നേഹിക്കുന്ന ചേട്ടന്റെ വീട്ടിൽ എന്തുകൊണ്ടാണ് മകളുടെ ഫോട്ടോ ഇല്ലാത്തത് എന്നാണ് ഒരു ആരാധകന്റെ ചോദ്യം. എന്നാൽ മകളുടെ ഫാനിനെ കുറിച്ച് പറയുന്നില്ലേ ഫോട്ടോ കണ്ടാൽ വിഷമം ആവും എന്നുള്ളത് കൊണ്ടാകുമെന്നാണ് ഒരാൾ കമന്റിന് മറുപടി നൽകിയിരിക്കുന്നത്.


Click it and Unblock the Notifications