എറിയാൻ തോന്നുന്ന നല്ലൊരു കുലയായിരുന്നു ഞാൻ, നല്ലോണം ഏറുകൊണ്ടു; ജീവനുള്ളിടത്തോളം കാലം ഞാൻ സിനിമ ചെയ്യും!
മലയാള സിനിമയിലെ സകലകലാവല്ലഭനാണ് ബാലചന്ദ്രമേനോൻ. നാൽപ്പത്തിയഞ്ച് വർഷം പിന്നിടുന്ന സിനിമാ ജീവിതത്തിൽ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്നതാണ് സത്യം. അഭിനയം, സംവിധാനം, നിർമ്മാണം, തിരക്കഥ, എഡിറ്റിങ്, ആലാപനം, സംഗീത സംവിധാനം തുടങ്ങി സിനിമയിലെ പ്രധാന മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ സംഭവനകളുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും ബാലചന്ദ്രമേനോൻ സ്വന്തമാക്കി.
സംവിധായകനായി കരിയർ തുടങ്ങിയ ബാലചന്ദ്രമേനോൻ 38 സിനിമകൾ സംവിധാനം ചെയ്തപ്പോൾ നൂറോളം സിനിമകളിൽ അഭിനയിച്ചു. എന്നാൽ കുറച്ചു കാലങ്ങളായി സിനിമയിൽ അത്ര സജീവമല്ല അദ്ദേഹം. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിലാണ് ബാലചന്ദ്രമേനോൻ അവസാനമായി അഭിനയിച്ചത്. 2018ൽ പുറത്തിറങ്ങിയ എന്നാലും ശരത് ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. അതിനിടെ ബാലചന്ദ്രമേനോൻ സിനിമ ഉപേക്ഷിച്ചോ എന്ന സംശയങ്ങൾ പ്രേക്ഷകർക്കിടയിൽ ഉയർന്നിട്ടുണ്ട്.

എന്നാൽ താൻ ഒരിക്കലും സിനിമ വിടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാലചന്ദ്രമേനോൻ. അവസാനദിനം വരെ സിനിമയില്‍ തന്നെയായിരിക്കും തന്റെ ജീവിതമെന്ന് ബാലചന്ദ്രമേനോൻ പറയുന്നു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസാനദിനം വരെ സിനിമയില്‍ തന്നെയായിരിക്കും എന്റെ ജീവിതം. ജീവനുള്ളിടത്തോളം കാലം ഞാന്‍ സിനിമ ചെയ്യും. ഓരോ മാസവും എന്നൊന്നുമല്ല. എന്റെ ജീവിതത്തില്‍ ഞാനിപ്പോള്‍ എന്താണോ, അത് മുഴുവന്‍ സിനിമ തന്നതാണ്. തിരുവനന്തപുരത്ത് ഞാന്‍ ആദ്യമായി വെച്ച വീടിന്റെ നെയിംപ്ലേറ്റ് ക്ലാപ് ആയിരുന്നു. ഞാന്‍ ചോദിച്ചത് ഒരു പൂവാണ്. ദൈവം എനിക്കൊരു പൂന്തോട്ടം തന്നെ തന്നു, ബാലചന്ദ്ര മേനോൻ പറയുന്നു.
ആരോടും പരാതിയില്ല. വിരോധമില്ല. പക്ഷെ ഞാനെന്തു ചെയ്യണമെന്നോ, ഇതുമതി എന്നു പറയാനോ ആര്‍ക്കും അവകാശമില്ല. ഞാന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ പലരും എന്നെ കളിയാക്കി. അയാള്‍ക്ക് അഭിനയിക്കേണ്ട ആവശ്യമെന്താണ് എന്നൊക്കെ. ഇതൊക്കെ വെറും അസൂയയാണ്. അതിനെയൊക്കെ ആ അര്‍ഹതയില്‍ തന്നെ താൻ വിടുമെന്നും അദ്ദേഹം പറയുന്നു.
ഇപ്പോൾ എല്ലാവരും ചെയ്യുന്നില്ലേ. ഇപ്പോ വരുന്ന ആള്‍ക്കാരില്‍ പലരും അനര്‍ഹമായി അത് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനൊന്നും ആരും ഒന്നും പറയുന്നില്ലല്ലോ. അപ്പോള്‍ എറിയാന്‍ ഞാന്‍ നല്ലൊരു കുലയായിരുന്നു. നല്ലോണം ഏറ് കൊണ്ടു. ബാലചന്ദ്രമേനോൻ പറയുന്നു.
സിനിമാ മേഖലയിൽ ഉണ്ടായ മാറ്റത്തെ കുറിച്ചും അദ്ദേഹം വാചാലനായി. 'ഇന്ന് ഒരു മൊബൈല്‍ ഫോണില്‍ സിനിമയെടുക്കാം. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ചലിക്കുന്ന സ്വന്തം രൂപം നമുക്കുകാണാന്‍ കഴിയുമായിരുന്നോ? സ്റ്റില്ലുകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്. ചലിക്കുന്ന സ്വന്തം രൂപങ്ങള്‍ കാണാന്‍ സാധിച്ചിരുന്നത് സിനിമാക്കാര്‍ക്കും പിന്നെ ന്യൂസ് റീലുകളിലൂടെ രാഷ്ട്രീയക്കാര്‍ക്കുമാണ്. സാധാരണക്കാരന് അപ്രാപ്യമായിരുന്നു അത്', അദ്ദേഹം പറഞ്ഞു.
'ഇന്ന് ആദ്യരാത്രി ഒഴികെയുള്ളതെല്ലാം ഷൂട്ട് ചെയ്തുകളയും. അപ്പോള്‍ തന്നെ അതിന്റെ ചാരുത പോയി. പണ്ട് സിനിമയെന്നാല്‍ താരങ്ങളായിരുന്നു. അവരെ സിനിമയിലല്ലാതെ എങ്ങും കാണാന്‍ കഴിയില്ല. ഇന്നോ? മദ്രാസിലെ സ്റ്റുഡിയോകളില്‍ വെച്ച് പടം ഷൂട്ട് ചെയ്യും. ഒരു ഫൈറ്റ് സീനിനോ ഗാനരംഗത്തിനോ വേണ്ടി പുറത്തെവിടെയെങ്കിലും വന്ന് മിന്നിയേച്ച് പോകും. അവരെ ആരും കാണുന്നില്ല',

'ഇന്ന് വലിയ ഹോട്ടലുകളില്‍ ചെന്നാല്‍ എല്ലാ താരങ്ങളെയും കാണാം. അവരെ എളുപ്പത്തില്‍ നമ്മുടെ കണ്‍മുന്നില്‍ കിട്ടും. അതിനോടുള്ള കൗതുകവും സ്വാഭാവികമായും കുറയും. സിനിമ കൂടുതല്‍ ജനകീയമായി. അതിനോടൊപ്പം സീരിയലും വന്നു. സിനിമാതാരങ്ങളേക്കാള്‍ പോപ്പുലറായിട്ടുള്ള ടെലിവിഷന്‍ പ്രതിഭകളുണ്ട് ഇപ്പോള്‍', ബാലചന്ദ്രമേനോൻ പറഞ്ഞു.
അതേസമയം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും യൂട്യൂബിലുമെല്ലാം സജീവസാന്നിധ്യമാണ് ബാലചന്ദ്രമേനോൻ. സിനിമയുടെ പിന്നാമ്പുറ കഥകളും മറ്റും പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ സിനിമാ പ്രേമികൾക്കിടയിൽ ഹിറ്റാണ്. കൂടാതെ ഫേസ്‌ബുക്കിൽ അദ്ദേഹം പങ്കുവയ്ക്കുന്ന കുറിപ്പുകളും പലപ്പോഴും വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications











