അന്ന് സൂപ്പർ താരങ്ങളുടെ സഹോദരി, ഇന്ന് ഡാൻസ് സ്‌കൂൾ പ്രിൻസിപ്പാൾ; നടി ലക്ഷണയുടെ പുതിയ വിശേഷങ്ങൾ!
ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമായിരുന്ന നടിയാണ് ലക്ഷണ എന്ന കൃഷ്ണ സജിത്ത്. കൃഷ്‌ണ എന്നാണ് യഥാർത്ഥ പേരെങ്കിലും ലക്ഷണ എന്ന പേരിലാണ് നടി സിനിമാ ലോകത്ത് അറിയപ്പെട്ടത്. ആദ്യം ബാലതാരമായും പിന്നീട് സഹോദരി വേഷങ്ങളിലൂടെയുമൊക്കെയായി തിളങ്ങിയ നടിയാണ് ലക്ഷണ. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.
വിവാഹത്തോടെയാണ് ലക്ഷണ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. ഒരു നല്ല തിരിച്ച് വരവിനായി താൻ കാത്തിരിക്കുകയാണെന്ന് അടുത്തിടെ ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ ലക്ഷണ പറഞ്ഞിരുന്നു. സിനിമയിൽ സജീവമായിരുന്ന സമയത്ത് നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് ലക്ഷണ.

തിരുപ്പാച്ചി എന്ന തമിഴ് ചിത്രത്തില്‍ വിജയ്യുടെയും പ്രകാശ് രാജിന്റെയും സഹോദരി വേഷത്തില്‍ ലക്ഷണ എത്തിയിരുന്നു. ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായും പരുന്ത് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കാമുകിയായും നടി അഭിനയിച്ചിരുന്നു. ഒരിടവേള വേണമെന്ന് തോന്നിയതിനാൽ വിവാഹശേഷം സ്വയം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു ലക്ഷണ. നിലവിൽ ഭർത്താവിനും മക്കൾക്കുമൊപ്പം ഖത്തറിലാണ് നടി.
വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും നർത്തകിയായ ലക്ഷണ നൃത്തത്തിൽ സജീവമാണ്. ഡാൻസ് സ്ക്കൂളും മറ്റുമായി തിരക്കിലാണ് താരം. അതിനിടെ ഇപ്പോഴിതാ നാളുകൾക്ക് ശേഷം ഒരു നൃത്തപരിപാടിയ്ക്കിടെ മാധ്യമങ്ങൾക്ക് മുന്നിലും എത്തിയിരിക്കുകയാണ് നടി. തന്റെ പുതിയൊരു ഡാൻസ് പ്രൊഡക്ഷന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ലക്ഷണ എത്തിയിരിക്കുന്നത്.
"കുറെ നാളായി മീഡിയയിൽ ഒക്കെ എന്നെ കണ്ടിട്ട്. ഞാൻ ഒരു ഡാൻസ് പ്രൊഡക്ഷൻ ചെയ്യുന്നുണ്ട്. ജൽ മാല തരംഗ് എന്നാണ് അതിന്റെ പേര്. ഇന്ത്യൻ നദികളെ കുറിച്ചാണ് ആ പ്രോഗ്രാം. ഒരുപാട് വർഷമായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. എന്റെ ഫീൽഡ് ഡാൻസ് ആയിരുന്നു. ഖത്തറിൽ എനിക്ക് ഒരു ഡാൻസ് സ്‌കൂൾ ഉണ്ട്.
സ്വസ്തി അക്കാഡമി എന്നാണ് പേര്. അതിന്റെ പ്രിൻസിപ്പാളായി ഇരിക്കുകയാണ് ഞാൻ. ഇന്ത്യയിൽ എനിക്ക് കുറച്ച് ഡാൻസ് പ്രോഗ്രാം ഒക്കെ ചെയ്യണം. ഒരു പ്രൊഡക്ഷൻ ആയിട്ട് തന്നെ ചെയ്യണം എന്നുള്ളത് കൊണ്ട് ചെയ്ത പ്രൊഡക്ഷൻ ആണ് ജൽമാല തരംഗ്. ഗുരു വി മൈഥിലിയാണ്," ലക്ഷണ പറഞ്ഞു.
കൃഷ്ണയുടെ ഭർത്താവ് സജിത്ത് പിള്ള ഖത്തറിൽ ഡോക്ടറാണ്. മുൻപ് പ്രസവശേഷം താൻ പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോയതിനെ കുറിച്ചൊക്കെ ലക്ഷണ സംസാരിച്ചത് ശ്രദ്ധനേടിയിരുന്നു. "ഗള്‍ഫില്‍ വെച്ചായിരുന്നു പ്രസവം. അമ്മ ഒരു സർജറി കഴിഞ്ഞ് ഇരിക്കുന്നതിനാൽ എന്റെയടുത്തേക്ക് വരാൻ സാധിച്ചില്ല. അങ്ങനെ ഞാന്‍ ഒറ്റയ്ക്കായി. ഇരുട്ട് മുറിയിലിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എപ്പോഴും കരയാനാണ് തോന്നിയത്.

കുഞ്ഞിനോട് കുഴപ്പമൊന്നുമില്ല. പക്ഷേ എന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതി. കണ്ണാടിയില്‍ എന്റെ മുഖം കാണുന്നത് പോലും ഇഷ്ടമില്ലാതെയായി. അതോടെ ഈ ജീവിതം തന്നെ അവസാനിപ്പിച്ചോ എന്ന് ആരോ എന്റെയുള്ളിലിരുന്ന് പറയുന്നത് പോലെ തോന്നി. ഭര്‍ത്താവ് ഡോക്ടറാണ്, അദ്ദേഹം വന്ന് ചോദിക്കുമ്പോള്‍ പോലും ഇതൊന്നും ആരോടും പറയാന്‍ പറ്റാതെയായി. എന്നാല്‍ അദ്ദേഹം വന്ന് എനിക്ക് എന്തോ പ്രശ്‌നമുണ്ട്. അത് തുറന്ന് പറയാന്‍ പറഞ്ഞു. അതാണ് എന്റെ ജീവിതം മാറ്റി മറിച്ച നിമിഷം.
ഞാന്‍ എന്റെ ഉള്ളിലുള്ളതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാം കേട്ടിരുന്ന ശേഷം നിന്നെ സഹായിക്കാന്‍ ഒരു കൗണ്‍സിലിങിന് സാധിക്കുമെന്ന് പറഞ്ഞു. കൗണ്‍സിലിങും നടത്തി. അങ്ങനെ പതിയെ ഞാന്‍ തിരിച്ച് ജീവിതത്തിലേക്ക് വന്നു," എന്നായിരുന്നു ലക്ഷണ പറഞ്ഞത്.


Click it and Unblock the Notifications











