മീനാക്ഷിയുടെ എംബിബിഎസ് പഠനം കഴിയുന്നു, മകൾക്ക് കേരളത്തിൽ ഹോസ്‌പിറ്റൽ ഇട്ടുകൊടുക്കുമോ?; ദിലീപിന്റെ മറുപടി
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഒരു മാസ്സ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബാന്ദ്ര എന്ന പേരില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം നവംബർ പത്തിന് റിലീസ് ചെയ്യും. പാൻ ഇന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയെ. പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ബാന്ദ്ര എന്നാണ് സംവിധായകൻ അരുൺ ഗോപി അടുത്തിടെ പറഞ്ഞത്.
സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ദിലീപ് ഇപ്പോൾ. നിരവധി അഭിമുഖങ്ങളും താരം നൽകുന്നുണ്ട്. അഭിമുഖങ്ങളിൽ സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ ദിലീപിന്റെ കുടുംബവിശേഷങ്ങളും ഇടംപിടിക്കുന്നുണ്ട്. ഭാര്യ കാവ്യ മാധവനെയും മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇല്ലാതെ ഒരു അഭിമുഖവും അവസാനിക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ മക്കളെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

മീനാക്ഷി എംബിബിഎസ് കഴിയാറായി, ഇനിയൊരു ഹോസ്പിറ്റൽ കേരളത്തിൽ മകൾക്കായി ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ എന്നായിരുന്നു ദിലീപിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യം. ഏയ് ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉണ്ട് എന്നായിരുന്നു നടന്റെ മറുപടി. അതേസമയം ഇളയമകൾ മഹാലക്ഷ്മി എന്ന പേര് ഭാഗ്യലക്ഷ്മി എന്ന് തെറ്റി പറഞ്ഞുകൊണ്ടായിരുന്നു മാധ്യമപ്രവർത്തകന്റെ അടുത്ത ചോദ്യം.
ചോദ്യം കേട്ടപാടേ രസകരമായ മറുപടിയാണ് ദിലീപ് നൽകിയത്. ഭാഗ്യലക്ഷ്മി അല്ല മഹാലക്ഷ്മി, ഞാൻ കരുതി ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന്, എന്നെ കുഴപ്പിയ്ക്കാൻ പോകുകയാണോ എന്ന് കരുതി. പെട്ടെന്ന് ആ പേര് കേട്ടപ്പോൾ ഇതായിപ്പോയി! എന്നും ദിലീപ് പ്രതികരിച്ചു. മഹാലക്ഷ്മിയും, മീനാക്ഷിയും ആണ് എന്റെ മക്കളെന്ന് ദിലീപ് ഓർമിപ്പിച്ചു. സിനിമ കണ്ടിട്ട് അച്ഛൻ എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്ന് മഹാലക്ഷ്മി ചോദിക്കാറുണ്ടെന്ന് നടൻ പറഞ്ഞു.
ഇപ്പോഴാണ് മഹാലക്ഷ്മി എന്റെ സിനിമകൾ കാണുന്നത്. അച്ഛൻ നടൻ ആണ് അമ്മ നടിയാണ് എന്നൊക്കെ ഇപ്പോഴാണ് അവൾ മനസിലാക്കുന്നത്. മായാമോഹിനി ഒക്കെ കണ്ടിട്ട് കമന്റ് പറയുന്നുണ്ടായിരുന്നു. അച്ഛൻ ഇതെന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്നായിരുന്നു അവളുടെ ചോദ്യം, ദിലീപ് പറഞ്ഞു. മറ്റൊരു അഭിമുഖത്തിലും ദിലീപ് മക്കളെ കുറിച്ച് വാചാനലാവുകയുണ്ടായി. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

അവർക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ട്. പക്ഷെ രണ്ടു പേരും നമ്മളെ മനസിലാക്കുന്ന കുട്ടികളാണ്. ദൈവം അനുഗ്രഹിച്ച് പറഞ്ഞാൽ മനസിലാകുന്ന കുട്ടികളുമാണ്. അവരെ ഒരു കാര്യത്തിലും പ്രഷർ ചെയ്യാൻ സാധിക്കില്ല. അവരുടെ ജീവിതം അവരാണ് തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മൾ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് അവരെ ഉപദേശിക്കാനുള്ള വോയ്‌സില്ല. അവർ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം നമ്മളുണ്ടെന്നാണ് ദിലീപ് പറഞ്ഞത്.
ഇളയമകൾ മഹാലക്ഷ്മി ഒരു കാന്താരിയാണെന്ന് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയുമെന്നായിരുന്നു ദിലീപിന്റെ വാക്കുകൾ. രണ്ടു മക്കളും നല്ല കൂട്ടാണെന്നും ദിലീപ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











