'ലാലേട്ടനെയൊക്കെ മഹാലക്ഷ്മിക്ക് അറിയാം, മമ്മൂക്കയെ കണ്ടപ്പോൾ പറഞ്ഞത്'; ദിലീപ് പറയുന്നു
ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയുമെല്ലാം പ്രേക്ഷകർക്കൊക്കെ ഏറെ പ്രിയപ്പെട്ടവരാണ്. വിവാഹശേഷം കാവ്യ സിനിമ വിട്ടെങ്കിലും ആരാധകരുടെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. അതുപോലെ തന്നെയാണ് മക്കളോടും ആരാധകർക്കുള്ള സ്നേഹം. സിനിമയിലൊന്നും എത്തിയിട്ടില്ലെങ്കിലും ഇപ്പോഴേ സെലിബ്രിറ്റിയാണ് മൂത്തമകൾ മീനാക്ഷി. സോഷ്യൽ മീഡിയയിലൊക്കെ മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്.
ഇളയമകൾ മഹാലക്ഷ്മിയും ആരാധകർക്ക് പ്രിയങ്കരിയാണ്. മഹാലക്ഷ്മിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളൊക്കെ അവർ ഏറ്റെടുക്കാറുണ്ട്. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. മകൾ സ്‌കൂളിൽ പോയി തുടങ്ങിയതായി ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. മുൻപ് വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം മിക്ക വേദികളിലും മഹാലക്ഷ്മിയെ കാണാറുണ്ട്.

അടുത്തിടെ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ദുബായിൽ ലുലു ഗ്രൂപ് ചെയർമാൻ എംഎ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലായി മാറിയത്. അവരെ കാണുമ്പോൾ മഹാലക്ഷ്മി നാണത്തോടെ ഒളിഞ്ഞു നിൽക്കുന്നതും പിന്നീട് അവർക്ക് കൈ കൊടുക്കുന്നതും താരങ്ങൾ മഹാലക്ഷ്മിയെ കൊഞ്ചിക്കുന്നതിന്റെയുമൊക്കെ വീഡിയോയും ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിലീപ്. മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ മകൾക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ബാന്ദ്രയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിലീപ്. 'മൊഹംബ് ലാൽ' എന്നൊക്കെ ആണ് ലാലേട്ടനെ അവൾ ആദ്യം വിളിച്ചിരുന്നത്. ഇപ്പോൾ എല്ലാവരെയും അറിയാം. മമ്മൂട്ടി അങ്കിൾ അവിടെ ഇരിക്കുന്നുണ്ട്, നമ്മൾ പോകണ്ടേ എന്ന് ഇങ്ങോട്ട് ചോദിക്കും, അതൊക്കെ നമ്മുടെ ഉത്തരവാദിത്തമാണ് എന്ന രീതിയിലൊക്കെയാണ് സംസാരം,' ദിലീപ് പറയുന്നു.
മിക്ക സിനിമകളും മഹാലക്ഷ്മി കാണാറുണ്ട്. എല്ലാ ഒടിടി പ്ലാറ്റ്ഫോമും അവൾക്ക് അറിയാം. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം അറിയാമല്ലോ. ഫോൺ എടുത്തു നോക്കരുത് നിനക്ക് കളിക്കാനുള്ള സാധനം അല്ല ഇതെന്നുമൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്. നിനക്ക് കാണാൻ ഉള്ള സാധനം ആണ് ടിവി എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട് എങ്കിലും അവൾക്ക് ഫോണിൽ എല്ലാ കാര്യങ്ങളും അറിയാമെന്നും ദിലീപ് പറഞ്ഞു.

"നീ ഇങ്ങനെ ഫോണിൽ നോക്കി ഇരുന്നാൽ, നിന്റെ കണ്ണ് പോകും എന്ന് പറഞ്ഞുകൊടുത്തിട്ടുണ്ട്. നിന്റെ ചേച്ചിക്ക് ഫോൺ കൊടുത്തത് പന്ത്രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് എന്ന് പറഞ്ഞപ്പോൾ അപ്പൊ അത്രയും കാലം ഞാൻ വെയിറ്റ് ചെയ്യണോ എന്നായിരുന്നു ആളുടെ ചോദ്യം. പലരും കുട്ടികൾ ഭക്ഷണം കഴിക്കാനൊക്കെ ആയിട്ട് ഫോൺ കൊടുക്കും. പക്ഷേ അത് ശരിയല്ല, ഇതിൽ നിന്നുള്ള ലൈറ്റ് അവരുടെ കണ്ണിനെ ബാധിക്കും. ഞാനും കാവ്യയും അതൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ എടുക്കാറില്ല.
എങ്കിലും ഇടക്ക് ഫോൺ എടുത്തു വരും. ഫോട്ടോ എടുത്തോട്ടെ എന്നും ചോദിച്ചുകൊണ്ട്. ഒരുദിവസം കാവ്യ എനിക്ക് ഒരു വീഡിയോ അയച്ചു തന്നു, നമ്മൾ ഇല്ലാത്തപ്പോൾ ഇതാണ് അവളുടെ പണി എന്നും പറഞ്ഞുകൊണ്ട്. സംഭവം ഫോൺ ലോക്ക് ആണെങ്കിലും ക്യാമറ ഓൺ ആകില്ലേ, അവൾ അത് എടുത്തുവച്ചിട്ട് വീഡിയോ ചെയ്യുകയാണ് ഹലോ ഗൈയ്സ് എന്നൊക്കെ പറഞ്ഞുകൊണ്ട്. കോമഡി എന്താണ് എന്ന് വച്ചാൽ കാവ്യയുടെ അച്ഛൻ പുറകിലൂടെ കുളിക്കാൻ വേണ്ടി പോകുന്നുണ്ടായിരുന്നു. ഇതൊക്കെ പുറത്തുപോയാൽ തീർന്നില്ലേ...," മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് ദിലീപ് വാചാലനായി.
അടുത്തിടെ ഒരു അഭിമുഖത്തിൽ ആൾ ഭയങ്കര കാന്താരിയാണെന്നും അച്ഛനും അമ്മയുമൊക്കെ ആക്‌ടേഴ്‌സ് ആണെന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ് എന്നുമൊക്കെ ദിലീപ് പറഞ്ഞിരുന്നു.


Click it and Unblock the Notifications