'ഞാൻ എന്താണെന്ന് ഇവിടെയുള്ള ആളുകൾക്ക് നല്ല ബോധ്യമുണ്ട്; തമന്നയ്ക്ക് പ്രത്യേക നന്ദി'; ദിലീപ് പറയുന്നു
ദിലീപ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ. കേസും വിവാദങ്ങളുമൊക്കെയായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്ന ദിലീപിന്റെ തിരിച്ചുവരവിലെ പ്രധാന സിനിമയാണ് ഇത്. ഇതിനു മുൻപെത്തിയ വോയ്സ് ഓഫ് സത്യനാഥൻ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്.
ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദിലീപും തമന്നയും അരുൺ ഗോപിയുമെല്ലാം. ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് ബാന്ദ്ര. സൂപ്പർ ഹിറ്റായി മാറിയ രാമലീലയാണ് ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ സിനിമ. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കഴിയുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. അതുകൊണ്ട് തന്നെ സിനിമയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

സിനിമ കാണരുത് എന്നായിരുന്നു അന്ന് ചാനലുകളിലൂടെയെല്ലാം പറഞ്ഞിരുന്നതെന്ന് ദിലീപ് പറയുന്നു. എന്നാൽ ജനങ്ങൾ സിനിമ ഏറ്റെടുത്തു. അത് തന്നോടുള്ള സ്നേഹവും താൻ ആരാണെന്ന ബോധ്യവും ഉള്ളത് കൊണ്ടാണെന്ന് ദിലീപ് പറഞ്ഞു. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'ആ സിനിമ കാണരുത് എന്ന് പറഞ്ഞിട്ടായിരുന്നു എല്ലാവരും ചാനലുകളിലൂടെ പറഞ്ഞിരുന്നത്. എന്നാൽ ആദ്യ ഷോ മുതൽ ജനങ്ങൾ കേറി തുടങ്ങി. എന്നെ വിശ്വസിക്കുന്ന ജനങ്ങളുണ്ട്. എന്നെ സംബന്ധിച്ച് ഞാനൊരു ഓപ്പൺ ബുക്ക് ആണ്. എന്നെ വളർത്തിയത് ജനങ്ങളാണ്. ഞാൻ മിമിക്രി തുടങ്ങിയ കാലം മുതൽ എനിക്ക് കയ്യടി തന്ന് എന്നെ വളർത്തിയത് അവരാണ്. കലാകാരൻ എന്ന നിലയിൽ എന്നെ ഇവിടെ നിലനിർത്തുന്നതും പ്രിയപ്പെട്ട പ്രേക്ഷകരാണ്',
'ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും എനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുമ്പോഴും എനിക്ക് ലഭിക്കുന്ന സപ്പോർട്ട് എന്ന് പറയുന്നത് ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ലഭിക്കുന്ന സ്നേഹമാണ്. പിന്നെ ഞാൻ എന്താണെന്ന് ഇവിടെയുള്ള ആളുകൾക്കു നല്ല ബോധ്യമുണ്ട്. അവരുടെ കയ്യടി കൊണ്ട്, അവർ കൈപിടിച്ച് ഉയർത്തിയ ആളാണ് ഞാൻ. അല്ലാതെ എന്റെ മിടുക്ക് കൊണ്ട് വന്ന ആളൊന്നുമല്ല', ദിലീപ് പറഞ്ഞു. ജനങ്ങൾ എനിക്കിട്ട പേരാണ് ജനപ്രിയ നായകൻ എന്നത്. അവരിൽ ഒരാളായാണ് തന്നെ കാണുന്നതെന്നും ദിലീപ് അഭിമുഖത്തിനിടയിൽ പറഞ്ഞു.
'തമന്ന ജിയോട് പ്രത്യേക നന്ദിയുണ്ട്. ഇത്രയും പ്രശ്നങ്ങളുടെ ഇടയ്ക്കും ഈ പ്രോജക്ടിലേക്ക് തമന്ന ജി വരുകയും, അത് ഈ പ്രോജക്റ്റ് ഇത്ര വലുതാകാനും സഹായിച്ചു. എനിക്ക് മുൻപൊരു പരിചയവുമില്ല. ആകെ സ്‌ക്രീനിൽ കണ്ടിട്ടേ ഉളളൂ. ബാഹുബലി ഒക്കെ കണ്ടപ്പോൾ ഇവർക്കൊപ്പം നമുക്ക് അഭിനയിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചിരുന്നു. ദൈവത്തിന് നന്ദി', ദിലീപ് പറഞ്ഞു.

റിവ്യൂ ബോംബിങ്ങിനെ കുറിച്ചും ദിലീപ് അഭിമുഖത്തിൽ സംസാരിച്ചു. 'റിവ്യൂവിന്റെ പേരിൽ ഒരുപാട് സിനിമകൾ ഇവിടെ നശിച്ചു പോയിട്ടുണ്ട്. ഒരു സിനിമയുണ്ടാക്കാൻ ഒരുകൊല്ലം വരെ ബുദ്ധിമുട്ടുന്നുണ്ട്. 2000-3000 കുടുംബങ്ങളാണ് ഒരു സിനിമയെ ആശ്രയിച്ചു നിൽക്കുന്നത്. കുറച്ച് ആളുകൾ മാത്രം വന്ന് ടിക്കറ്റും വാങ്ങി, അത് എന്റെ അവകാശമാണെന്ന് പറഞ്ഞ് വായിൽ തോന്നുന്നത് പറയുക, എന്നിട്ട് സിനിമയെ നശിപ്പിക്കുക എന്നതൊക്കെ സാഡിസമാണ്',
'ഇവരൊക്കെ സമൂഹത്തിന് എന്ത് നന്മയാണ് ചെയ്യുന്നത്. ഇവർ ഒന്നും ചെയ്യുന്നില്ല. സിനിമ ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുന്ന ഇന്ഡസ്ട്രിയാണ്. ഇങ്ങനെ പറയുന്നവർ ഒരു സിനിമ സംവിധാനം ചെയ്യുകയോ, നിർമ്മിക്കുകയോ ചെയ്തിട്ട് പറയട്ടെ. അപ്പോൾ അവർ അതിന്റെ എഫോർട്ടൊക്കെ മനസിലാക്കിയിട്ടുണ്ട് എന്ന് നമുക്ക് മനസിലാക്കാം. അവർക്ക് അതിന് അർഹതയുണ്ട്. സിനിമയെ നശിപ്പിക്കരുത് എന്നെ പറയാനുള്ളു', ദിലീപ് പറഞ്ഞു. അതേസമയം നവംബർ പത്തിനാണ് ബാന്ദ്ര തിയേറ്ററുകളിൽ എത്തുക. ദിലീപിനെയും തമന്നയെയും കൂടാതെ വലിയൊരു താരനിര ചിത്രത്തിലുണ്ട്.


Click it and Unblock the Notifications