ഒമ്പത് പേരുമായി ദശാവതാരം, ജഡ്ജസിനെ കയ്യിലെടുത്ത ഡയലോഗ്! കോളേജ് ഓര്‍മ്മകളിലൂടെ ബേസില്‍
മലയാളികളുടെ പ്രിയങ്കരനാണ് ബേസില്‍ ജോസഫ്.സംവിധായകനായും അഭിനേതാവുമായുമെല്ലാം കയ്യടി നേടിയ പ്രതിഭ. മിന്നല്‍ മുരളി പോലൊ പാന്‍ ഇന്ത്യന്‍ വിജയം നേടിയ സിനിമയൊരുക്കിയ സംവിധായകന്‍. ജയ ജയ ജയഹേ പോലേയും ജാനേ മന്‍ പോലുള്ള സിനിമകള്‍ നല്‍കിയ നായകനും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആളുകളെ കയ്യിലെടുക്കാന്‍ ബേസിലിന് അറിയാം.
ഇപ്പോഴിതാ ബേസിലിന്റെ രസകരമായൊരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ വച്ച് നടത്തിയൊരു പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''കോളേജില്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ പേടി ഉദ്ഘാടന പ്രസംഗമാണ്. അത് എഴുതി വച്ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ ചങ്കിടിക്കും. അതിന് മുമ്പ് വരുന്നവര്‍ ഞങ്ങള്‍ വലിച്ചു നീട്ടുന്നില്ല, നിങ്ങള്‍ കാത്തിരിക്കുന്നത് ബേസില്‍ ജോസഫിനെ കേള്‍ക്കാന്‍ ആണല്ലോ എന്ന് പറയും. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ നെഞ്ചത്ത് കൈ വെക്കും. അമ്മേ ഇത് എന്നെപ്പറ്റിയാണല്ലോ! അവരത് പറയുമ്പോള്‍ ബില്‍ഡ് അപ്പ് കൂടും. ഞാന്‍ നിങ്ങളോട് എന്ത് പറയാനാണ് പക്ഷെ!''.ബേസില്‍ പറയുന്നു.
''ഷാനിക്കയ്ക്ക് പാട്ട് പാടാം. അല്ലെങ്കില്‍ ഡാന്‍സ് ചെയ്യാം. ഞാനും ജോണി ചേട്ടനുമൊക്കെയാണ് പെടുന്നത്. ഞങ്ങള്‍ക്ക് സംസാരിക്കാനല്ലാതെ വേറെയൊന്നും അറിയില്ല. കഴിഞ്ഞ ദിവസം ജോണി ചേട്ടന്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത് കേട്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്, ജോണിച്ചേട്ടാ നിങ്ങളോ! പക്ഷെ ഇന്ന് അതിഥിയല്ലെന്നും ഇവിടെ പഠിക്കുന്ന തന്റെ കൊച്ചിന്റെ അച്ഛനായിട്ടാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടെ വരാം, ജോണിച്ചേട്ടന്റെ ശല്യം ഉണ്ടാകില്ലെന്ന് കരുതി'' എന്നാണ് ബേസില്‍ പറയുന്നത്.
പിന്നാലെ തന്റെ കോളേജ് കാലത്തെ ഓര്‍മ്മകളിലേക്ക് കടക്കുകയായിരുന്നു ബേസില്‍. പഠിച്ചത് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ആണെങ്കിലും ഒന്നും ഓര്‍മ്മയില്ലെന്നാണ് ബേസില്‍ പറയുന്നത്. അന്ന് വീട്ടിലെ വാഷിങ് മെഷീന്‍ കേടായപ്പോള്‍ അച്ഛന്‍ എന്നെ നോക്കിയ നോട്ടമൊക്കെ ഇന്നും എനിക്കോര്‍മ്മയുണ്ടെന്നാണ് ബേസില്‍ പറയുന്നത്. പിന്നീട് വീടിന് അടുത്തുള്ള ഇലക്ട്രീഷ്യനെ വിളിച്ചു വരുത്തിയാണ് ശരിയാക്കിയതെന്നും താരം പറയുന്നു.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് എന്ന് പറഞ്ഞാല്‍ വാഷിങ് മെഷീന്‍ ശരിയാക്കല്‍ ഒന്നും അല്ല, ഞങ്ങള്‍ വേറെ ലെവല്‍ കളികള്‍ ആണെന്നൊക്കെ പറഞ്ഞാണ് താന്‍ അന്ന് രക്ഷപ്പെട്ടതെന്ന് ബേസില്‍ പറയുന്നു. അതേസമയം എഞ്ചിനീയര്‍ എന്ന നിലയില്‍ താനൊരു പരാജയമാണെന്നും ബേസില്‍ പറയുന്നു. പക്ഷെ തന്നെ ഇന്നത്തെ താനാക്കിയത് ആ കോളേജിലെ അനുഭവങ്ങളാണെന്നും താരം വ്യക്തമാക്കുന്നുമ്ട്.
''തലേദിവസം പഠിച്ച് പിറ്റേദിവസം പരീക്ഷയെഴുതുന്ന ഒരു എന്‍ജിനീയറിങ് സ്റ്റുഡന്റിനു ലോകം ഇടിഞ്ഞു വീണാലും പിടിച്ചു നില്ക്കാന്‍ ഉള്ള കഴിവ് ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യങ്ങളില്‍ എന്നെയും സഹായിച്ചിട്ടുണ്ട്'' എന്നാണ് ബേസില്‍ പറയുന്നത്. പിന്നാലെ താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മത്സരങ്ങളില്‍ പങ്കെടുത്തിനെക്കുറിച്ചൊക്കെ ബേസില്‍ സംസാരിക്കുന്നുണ്ട്. കഥാപ്രസംഗത്തിന് കയറി ഡിസ്‌കോളിഫൈ ആയ ഓര്‍മ്മയും താരം പങ്കുവെക്കുന്നുണ്ട്.
രസകരമായ മറ്റൊരു കഥയും ബേസില്‍ പങ്കുവെക്കുന്നുണ്ട്. ടാബ്ലോയ്ക്ക് രണ്ട് ടീം മാത്രമേയുള്ളൂവെന്ന് അറിഞ്ഞതോടെ അതില്‍ പേരു കൊടുത്തു. തങ്ങളുടെ കോളേജിന്റെ ഡാന്‍സ് ടീം അടിപൊളിയായിരുന്നു. എല്ലാത്തിലും ഫസ്റ്റ് അടിക്കുന്നവര്‍. അവരുടെ പക്കല്‍ പ്രോപ്പര്‍ട്ടീസുണ്ട്. അന്ന് അവര്‍ ചെയ്തിരുന്ന തീം ദശാവതാരം ആയിരുന്നു. അങ്ങനെ ടാബ്ലോയ്ക്കും ദശാവതാരം എന്ന തീം ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് ബേസില്‍ പറയുന്നത്.
''എല്ലാവരും സ്റ്റേജില്‍ അനങ്ങാതെ നില്‍ക്കണം എന്നതാണ് ടാബ്ലോയുടെ പ്രത്യേകത. ഡാന്‍സ് ടീമിനെ അവരുടെ സാധനങ്ങള്‍ ഉള്‍പ്പെടെ വിളിച്ചു സ്റ്റേജില്‍ കൊണ്ട് നിര്‍ത്തി. പത്തുപേര്‍ക്കാണ് അതില്‍ പങ്കെടുക്കാന്‍ പറ്റുന്നത്, അതില്‍ തന്നെ ഒരാള്‍ ബാക്കില്‍ നിന്ന് അത് എന്താണെന്ന് വിശദീകരിക്കണം'' ബേസില്‍ പറയുന്നു.

പക്ഷെ അത് പ്രശ്‌നമായി. ദശാവതാരം ആയതിനാല്‍ പത്ത് പേരും സ്റ്റേജില്‍ വേണം. ഒടുവില്‍ ഒമ്പതു പേരെ സ്റ്റേജില്‍ കൊണ്ടു നിര്‍ത്തി. എന്നിട്ട് ഒരു സൂത്ര വിദ്യ ഒപ്പിക്കുകയായിരുന്നു. ''അധികാരത്തിനും പണത്തിനും അടിമകളായി ഹിംസ്ര ജന്തുക്കള്‍ ഇരയെ കണ്ടെത്തുന്ന ഇതുപോലെ ഒരു ലോകത്ത് ജീവിക്കുമ്പോള്‍ കല്‍ക്കിയുടെ അവതാരം ഇനി വരാനിരിക്കുന്നതേയുള്ളൂ'' എന്നായിരുന്നു അന്ന് പറഞ്ഞ ഡയലോഗ്. പുറത്താകും എന്ന് കരുതിയിരുന്ന തങ്ങള്‍ക്ക് അവര്‍ മൂന്നാം സമ്മാനം തന്നുവെന്നാണ് ബേസില്‍ പറയുന്നത്.
കഠിന കഠോരമീ അണ്ഡകഠാഹം ആണ് ബേസിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗുരുവായൂര്‍ അമ്പലനടയില്‍, അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളും അണിയറിയലുണ്ട്. അതേസമയം രണ്‍വീര്‍ സിംഗിനെ നായകനാക്കി ബേസില്‍ ബോളിവുഡിലേക്കും എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications