എനിക്കൊരു നിലവാരമില്ലേ. അത് ഞാൻ കളയില്ല; ലക്ഷ്മിപ്രിയക്കെതിരെ വീണ്ടും ഭാഗ്യലക്ഷ്മി രംഗത്ത്
അൻസിബ ഹസനെതിരെ ലക്ഷ്മിപ്രിയ നടത്തിയ പരാമർശങ്ങളിൽ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പരദൂഷണം പറഞ്ഞ് ലക്ഷ്മിപ്രിയ പരിഹാസ്യയാകുന്നു എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇപ്പോഴിതാ ലക്ഷ്മിപ്രിയക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീകളോട് സംസാരിച്ച് എന്റെ സനാതന ചെെതന്യം കളയാൻ ഞാൻ ഒരുക്കമല്ല എന്ന് ലക്ഷ്മിപ്രിയ പറഞ്ഞെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ട്. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് നേരെ നാനാ ഭാഗത്ത് നിന്നും ആവശ്യത്തിൽ കൂടുതൽ ആക്രമണം നടക്കുന്നുണ്ട് ലക്ഷ്മിപ്രിയ ഇനി ഞാനും കൂടെ വേണോ? വേണ്ട. എനിക്കൊരു നിലവാരമില്ലേ. അത് ഞാൻ കളയില്ല. പക്ഷെ എന്താണ് ഈ സനാതന ചൈതന്യം? മനസിലായില്ല. അത് മുഖത്ത് മാത്രം ഉണ്ടായിട്ട് കാര്യമില്ല. മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഭാഗ്യലക്ഷ്മി നേരത്തെ നടത്തിയ പ്രതികരണം
ലക്ഷ്മിപ്രിയയെ സോഷ്യൽ മീഡിയയിൽ കടന്നാക്രമിക്കുന്നതിനുള്ള കാരണക്കാരി നിങ്ങൾ തന്നെയല്ലേ. നിങ്ങൾ തന്നെ ഒരു വടി കൊടുത്തിട്ട് എന്നെ അടിക്ക് എന്ന് പറയുന്നത് പോലെ. നിങ്ങളെന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് തന്നെ യാതൊരു ബോധവുമില്ല. നിങ്ങളുടെ കമ്മിറ്റിക്കുള്ളിൽ നിങ്ങളും അൻസിബയും തമ്മിൽ പ്രശ്നങ്ങളുണ്ടായി. അൻസിബ രാജി വെച്ചപ്പോൾ നിങ്ങളാരെയെങ്കിലും കുറിച്ച് മോശമായി പരാമർശം നടത്തിയിട്ടുണ്ടോ. ജനറൽ ബോഡിയിൽ അൻസിബ തെളിവ് സഹിതം സംസാരിച്ചു. നിങ്ങളെല്ലാവരും ഉത്തരം മുട്ടി രാജി വെച്ചു.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് പോലെ നിങ്ങൾ അൻസിബയെക്കുറിച്ച് കുറേ കഥകളിറക്കി. ഇല്ലാത്ത കഥകൾ. അവൾ മദ്യപിക്കും എന്നൊക്കെ. ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ എന്താണ് പ്രശ്നം. അൻസിബ മദ്യപിക്കുകയോ ഒരു പയ്യനുമായി ബന്ധമുണ്ടെങ്കിലോ അത് അൻസിബയുടെ സ്വകാര്യ കാര്യങ്ങളാണ്. അതാണോ നിങ്ങളുടെ പ്രശ്നം. എന്തിനാണ് ഒരു പെണ്ണിനെക്കുറിച്ച് മറ്റൊരു പെണ്ണ് ഇങ്ങനെ പരദൂഷണം പറയുന്നത്. അത് കൊണ്ടല്ലേ നിങ്ങൾ സമൂഹത്തിന് മുന്നിൽ പരിഹാസ്യയാകുന്നത്. ഇനിയെങ്കിലും ഇതൊന്ന് നിർത്തൂ. അൻസിബയുടെ അഭിപ്രായത്തോട് എതിരഭിപ്രായം പറയണമെന്നുണ്ടെങ്കിൽ നിങ്ങൾ കോടതി മുഖാന്തരം സംസാരിക്കൂ. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് ഒരു പെൺകുട്ടിയെക്കുറിച്ച് ഓരോ കഥകളിറക്കി വിടരുത്. 2026 ൽ ആരും ആ പെൺകുട്ടിയെ തെറ്റിദ്ധരിക്കില്ല. ആ കാലമൊക്കെ കടന്ന് പോയി. അത്തരം കുലസ്ത്രീ പരിവേഷമൊക്കെ എന്നേ കടന്ന് സ്ത്രീകൾ ഒരുപാട് മുമ്പോട്ട് വന്നു. ദയവ് ചെയ്ത് അത് മനസിലാക്കൂയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications
