ആ മുറിവുകളും വേദനകളും ജീവിതാവസാനം വരെ ഉണ്ടാവും; ഭാവനയുടെ വാക്കുകൾ വൈറലാവുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് തരംഗം മലയാള സിനിമയിൽ ഉടനീളം അലയടിക്കുന്നു. ഈ സമയത്ത് എല്ലാവരും ഭാവനക്കൊപ്പം നിൽക്കുന്നു. ആ താരത്തിന്റെ കടന്നു പോയ കാലത്തെ കുറിച്ചോർത്ത് വേദനിക്കുന്നു. നാം കയ്യടിച്ച് ആഘോഷമാക്കിയ പല താരങ്ങളെയും പ്രതിക്കൂട്ടിൽ കാണുമ്പോൾ വല്ലാത്തൊരു മരവിപ്പാണ് തോന്നുന്നത്. വർഷങ്ങൾക്കു മുന്നേ ദിലീപിന്റെ പേര് ഒരു ടാഗ് ലൈനോടെ മാധ്യമങ്ങളിൽ നിറഞ്ഞപ്പോഴും ഇതേ മരവിപ്പായിരുന്നു.
ആക്രമിക്കപ്പെട്ട നടി എന്ന് പലപ്പോഴായി വിളിച്ചിട്ടുണ്ടെങ്കിലും ഇന്ന് നിരവധി നടികളാണ് ആക്രമിക്കപ്പെട്ടതെന്ന് പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ബിഹൈന്റ് വുഡ്സ് ചാനലിലൂടെ ഭാവനയുടെ പഴയൊരു അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവുന്നു.

"ചില സാഹചര്യങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. നിരന്തരം സിനിമകൾ ചെയ്തു കൊണ്ടിരുന്നപ്പോൾ പോലും ഞാൻ ബ്ലാങ്കായിട്ടുണ്ട്. അടുത്തത് എന്താണ് ചെയ്യുക എന്നറിയാതെ നിന്നിട്ടുണ്ട്. മൂഡ് സ്വിങ്സും മറ്റു പല തരത്തിലുള്ള ചിന്തകളും വന്നു കൊണ്ടേയിരുന്നിരുന്നു. ആ ഫീലിംങ്സിൽ മാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കും. ചിലപ്പോൾ ആ ബുദ്ധിമുട്ട് മാറും, ചിലപ്പോൾ പിന്നെയും പ്രതിസന്ധികൾ അലട്ടും." ഭാവന പറയുന്നു.
പൊതുവേ എല്ലാവരും വാനോളം പുകഴ്ത്തുന്ന കാര്യമാണ് ഭാവനയുടെ തിരിച്ചു വരവും തന്റെ നീതിക്കു വേണ്ടിയുള്ള താരത്തിന്റെ പോരാട്ടവും. തിരിച്ചു വരവിൽ വളരെ ബോൾഡായ ഭാവനയെയാണ് പുറമേ നിന്നും കാണുന്നവർക്ക് കാണാൻ സാധിക്കുന്നത്. എന്നാൽ ഉള്ളിൻെയുള്ളിൽ ഭാവന അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അൽപം വലുതായിരിക്കും. ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിനാൽ ഒരിക്കലും ഭാവന സന്തോഷവതിയാണെന്ന് ആർക്കും വിലയിരുത്താൻ സാധിക്കില്ല.
"ഒരിക്കലും ഒരാളെയും പുറത്തു നിന്ന് ജഡ്ജ് ചെയ്യാൻ സാധിക്കില്ല. ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതു കൊണ്ടോ വീഡിയോ അപ്ലോഡ് ചെയ്തത് കൊണ്ടോ അവർ ഹാപ്പിയാണെന്ന് പറയാൻ സാധിക്കില്ല. ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നത്. ചില ദിവസങ്ങളിൽ അതിന്റെ ഓപ്പോസിറ്റ് ഫീലിംഗായിരിക്കും എനിക്ക്. എല്ലാ മനുഷ്യർക്കും ഇത്തരം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതാണ്.

എനിക്ക് അത് വളരെയധികം ഉണ്ട്. പിന്നെ ഇതൊന്നും പുറത്ത് കാണിച്ച് നടക്കാൻ സാധിക്കില്ലല്ലോ. ഭാവന പറയുന്നു. താൻ കടന്നു പോയ മാനസിക സംഘർഷങ്ങൾ ഏതൊരു മനുഷ്യനും ഉണ്ടാവുന്നതാണ്. അതിൽ നിന്നും പുറത്ത് വരുന്നത് അത്ര എളുപ്പമല്ല. എന്നും രാവിലെ എഴുന്നേൽക്കുന്നത് ഇന്ന് എല്ലാം ശരിയാക്കാം എന്ന ധാരണയിൽ അല്ല. ചില കാര്യങ്ങൾ അത് മനസിൽ തന്നെ ഒരു നോവായി നിലനിൽക്കും.
എന്റെ അച്ഛൻ മരിച്ചിട്ട് 8 വർഷങ്ങളായി. എല്ലാവരും പറയും ഇതെല്ലാം പതിയെ മറക്കുമെന്ന്. പക്ഷേ അച്ഛൻ കൂടെയില്ല എന്നത് ഇന്നും ഉള്ളിൽ ഒരു വേദനയായി നിൽക്കുന്നുണ്ട്. അത് ഒരുപക്ഷേ ഞാൻ മരിക്കുന്നത് വരെ എന്റെ ഉള്ളിൽ തന്നെയുണ്ടാവും. അതിൽ നിന്നും പൂർണമായും മാറി ഹാപ്പിയായി ജീവിക്കാം എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും. ആ മുറിവുകളും വേദനകളും ജീവിതാവസാനം വരെ ഉണ്ടാവുമെന്നാണ് ഭാവന പറയുന്നത്."


Click it and Unblock the Notifications