അന്ന് ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചു, എന്നാലല്ലേ അച്ഛനും അമ്മയും....!; ഭാവന ഓർക്കുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും നിറ സാന്നിധ്യമാണ് താരം. മലയാളത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ഭാവന ഇപ്പോൾ വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീൻ നായകനാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നത്.
വിവാഹശേഷമാണ് ഭാവന മലയാള സിനിമയിൽ നിന്ന് ഒന്ന് മാറി നിന്നത്. ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഭാവന തിരിച്ചെത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണിൽ ആയിരുന്നു ഭാവന മലയാളത്തിൽ അവസമായി അഭിനയിച്ചത്.

ആദില്‍ മൈമൂനത്ത് അഷ്റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ഇതിന് പുറമെ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തിലെ നായകൻ.
അതേസമയം, തിരിച്ചുവരവിന്റെ ഭാഗമായി ഭാവന അടുത്തിടെ പൊതുവേദികളിലും ഏറെ സജീവമായിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. തന്റെ കുടുംബ ജീവിതത്തെ കുറിച്ചും സിനിമ കരിയറിനെ കുറിച്ചുമെല്ലാം താരം സംസാരിക്കുകയുണ്ടായി. ഒരിക്കെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിനെ കുറിച്ചും പിന്നീട് അതിൽ നിന്ന് പിന്മാറിയതിനെ കുറിച്ചും ഭാവന പരിപാടിയിൽ പറഞ്ഞിരുന്നു.

അത് ഒരു രസകരമായ സംഭവമാണ് എന്ന് പറഞ്ഞാണ് ഭാവന തുടങ്ങിയത്. തന്റെ ഒരു പ്രണയം വീട്ടിൽ സമ്മതിക്കാതെ വന്നതിനെ തുടർന്നാണ് താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്നാണ് ഭാവന പറഞ്ഞത്. എന്നാൽ അമ്മയുടെ കൂർക്ക മെഴുക്കുവരട്ടി തന്റെ ജീവൻ രക്ഷിച്ചെന്നും നടി ഓർക്കുന്നു. ഭാവനയുടെ വാക്കുകൾ ഇങ്ങനെ.
'കുറേക്കാലം മുന്നേ എനിക്കൊരു പ്രേമം ഉണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും അതിന് താൽപര്യമുണ്ടായില്ല. ഞാൻ അത് പറഞ്ഞപ്പോൾ രണ്ടു പേരും സമ്മതിക്കില്ല എന്ന് പറഞ്ഞു. എനിക്ക് ഒരു 20, 21 വയസ് പ്രായമുള്ളപ്പോൾ ആണ്. അയാളുമായുള്ള പ്രായ വ്യത്യാസം ഒക്കെ ആയിരുന്നു അവരുടെ പ്രശ്‌നം,'
Also Read: 'കേരളത്തിൽ നിന്നും വിജയ്ക്ക് നിരന്തരം കോൾ, നയൻതാരയ്ക്ക് പകരം അസിനെ നിർദ്ദേശിച്ചത് നടൻ''

'അപ്പോൾ എങ്ങനെ സമ്മതിപ്പിക്കും എന്നായി എന്റെ ചിന്ത. എന്നാൽ ഒന്ന് ആത്മഹത്യ ചെയ്ത് നോക്കിയാലോ എന്ന് ചിന്തിച്ചു. അങ്ങനെ ഒക്കെയാണാലോ നമ്മൾ സിനിമകളിൽ ഒക്കെ കാണുന്നെ. എന്നാലല്ലേ അച്ഛനും അമ്മയും ഒക്കെ പേടിക്കുകയും. കുഴപ്പമില്ല കല്യാണം കഴിച്ചോളൂ എന്നൊക്കെ പറഞ്ഞ് കല്യാണത്തിന് സമ്മതിക്കുമല്ലോ എന്നൊക്കെ വിചാരിച്ചു,'
'പക്ഷെ എങ്ങനെ മരിക്കും എന്നായി പിന്നെ ചിന്ത. മരിക്കാനുള്ള പേടി വന്നു. അപ്പോൾ പിന്നെ ഞാൻ കരുതി കത്തി എടുത്ത് ഞരമ്പ് മുറിക്കാം. അതാണലോ കൂടുതൽ കാണുന്നത്. അതിന് വേണ്ടി ഞാൻ അടുക്കളയിലേക്ക് പോയി. അപ്പോൾ അമ്മ അവിടെ കൂർക്ക നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു. എനിക്കാണേൽ കൂർക്ക മെഴുക്കുവരട്ടി ഭയങ്കര ഇഷ്ട്ടമാണ്. പൊതുവെ തൃശ്ശൂർക്കാർക്ക് ഇഷ്ടമാണ്,'

'കത്തി എടുക്കാൻ വന്ന ഞാൻ അമ്മയോട് എന്തിനാ കൂർക്ക ശരിയാക്കുന്നെ എന്ന് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു നാളെ ഉണ്ടാക്കാൻ ആണെന്ന്. അതോടെ എന്റെ മനസ് മാറി. എങ്കിൽ നാളെ അത് കഴിച്ചിട്ട് ആവാം എന്ന് കരുതി. അങ്ങനെ കൂർക്ക എന്റെ ജീവൻ രക്ഷിച്ചു,' ഭാവന ചിരിച്ചുകൊണ്ട് പറഞ്ഞു.
ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഭാവനയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നത്. ഓഫ് സ്‌ക്രീനിൽ പഴയ അതേ എനർജിയോടെ തിരിച്ചെത്തിയ ഭാവന ഓൺ സ്ക്രീനിലും അതേ എനർജി ആരാധകർക്ക് സമ്മാനിക്കുമെന്നാണ് വിശ്വാസം. ചിത്രീകരണം പൂർത്തിയാക്കിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications