വ്യക്തിപരമായ ആക്രമണവും അസഭ്യം പറച്ചിലും എന്തിനെന്ന് മനസിലാകുന്നില്ല; അവരുടെ സങ്കടം തീര്‍ക്കുകയാകും: ഭാവന
മലയാളികളുടെ പ്രിയനടിയാണ് ഭാവന. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ഭാവന ഈയ്യടുത്ത് തിരികെ വന്നത്. തിരിച്ചുവരവിലും മികച്ച സ്വീകരണമാണ് ഭാവനയ്ക്ക് മലയാളികള്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഭാവന. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരാറുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ഭാവന. കുടുംബം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്.

''സൈബര്‍ ആക്രമണം എല്ലാ മേഖലയിലുള്ളവരും നേരിടുന്ന കാര്യമാണ്. ഇതൊരു സാധാരണ കാര്യമായി മാറാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വര്‍ക്കിനെ വിശ്രമിക്കുന്നത് നമുക്ക് മനസിലാക്കാം. വ്യക്തിപരമായി ആക്രമിക്കുക അല്ലെങ്കില്‍ അസഭ്യം പറച്ചില്‍ ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ഇപ്പോഴും മനസിലാവുന്നില്ല. പലരുടേയും സങ്കടങ്ങള്‍ അവര്‍ ഇങ്ങനെയൊക്കെയാകും തീര്‍ക്കുന്നതെന്ന് തോന്നുന്നു'' എന്നാണ് ഭാവന പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ സിനിമകള്‍ കീറിമുറിക്കുന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. എല്ലാത്തിനും നല്ല വശവും മോശം വശവും ഉണ്ട്. ബോഡി ഷെയ്മിംഗ്, ജെന്‍ഡര്‍ ഷെയ്മിംഗ്, മറ്റ് അധിക്ഷേപങ്ങള്‍ തെറ്റാണെന്ന് ഒരു പരിധിവരെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ സഹായിച്ചിട്ടുണ്ടെന്ന് ഭാവന പറയുന്നു. അതേസമയം ഏറ്റവും കൂടുതല്‍ അധിക്ഷേപങ്ങള്‍ നടക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ്. കൂടുതല്‍ ബോധവത്കരണം കൊണ്ടു വരാന്‍ എല്ലാവരും ശ്രമിക്കണമെന്നും താരം പറയുന്നു.
വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നമ്മള്‍ മുന്നിലാണെങ്കിലും ഒരുപാട് അടിസ്ഥാനപരമായ കാര്യങ്ങള്‍ ഇനിയും നമ്മള്‍ ശ്രദ്ധിച്ചു തുടങ്ങണം. അനാവശ്യമായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ അടക്കം തെറ്റാണെന്നുള്ള ബോധം പരസ്പരം പറഞ്ഞ് മനസിലാക്കണമെന്നാണ് ഭാവന അഭിപ്രായപ്പെടുന്നത്. തിരിച്ചുവരവിന് മുന്നോടിയായി ഐഎഫ്എഫ്‌കെ വേദിയിലൂടെയാണ് ഭാവന പൊതുവേദിയിലെത്തുന്നത്. താരത്തിന് അന്ന് ലഭിച്ച സ്വീകരണം വലിയ വാര്‍ത്തയായി മാറി.
ഐഎഫ്എഫ്‌കെയിലെ പിന്തുണ എനിക്ക് ഒരുപാട് ധൈര്യം പകര്‍ന്നു തന്നു. മാറി നില്‍ക്കേണ്ട കാര്യമില്ലെന്ന് തോന്നിയ സമയത്തായിരുന്നു അതെന്നാണ് താരം പറയുന്നത്. ബംഗളൂരുവിലാണ് ഭര്‍ത്താവിന്റെ വീട്. അമ്മ, ചേട്ടന്‍, ഞങ്ങളുടെ പട്ടികള്‍ എല്ലാം നാട്ടിലാണ്. അവരെ മിസ് ചെയ്യുന്നുവെന്ന് തോന്നുമ്പോഴൊക്കെ ഞാന്‍ നാട്ടിലെത്തും. ബംഗളൂരു വളരെ അടുത്തല്ലേ എന്നും ഭാവന ചോദിക്കുന്നു.

മടങ്ങിവരവില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ഒരു ബ്രേക്ക് എടുക്കാന്‍ തോന്നി. അഞ്ചു വര്‍ഷം കന്നഡ സിനിമകളും പരസ്യങ്ങളും മാത്രം ചെയ്തു. മലയാള സിനിമയാണ് എന്നെ നടിയാക്കിയത്. ഇപ്പോഴും സ്വന്തം ഭാഷ പറഞ്ഞ് അഭിനയിക്കാന്‍ തന്നെയാണ് ഇഷ്ടവും കംഫര്‍ട്ടബിളും. പുതിയ ടീമിനൊപ്പം ഫ്രഷായിട്ട് കരിയര്‍ റീസ്റ്റാര്‍ട്ട് ചെയ്യും എന്നു തോന്നി. ശരിക്കും പ്ലാന്‍ ചെയ്തതൊന്നും അല്ലായിരുന്നു. എല്ലാം ഒരു കറക്ട് ടൈമില്‍ വന്നു ചേര്‍ന്നുവെന്ന് മാത്രം എന്നാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഭാവന പറയുന്നത്.
മലയാളത്തിലേക്ക് തിരികെ വന്ന ഭാവനയുടേതായി നിരവധി സിനിമകളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത റാണി, ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട്, നഹി കഹാനി തുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് സിനിമകളും ഈ വര്‍ഷം തന്നെ തീയേറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications