ഡ്യൂപ്പില്ലാതെ മുതലയ്ക്കും കരടിക്കുമൊപ്പം ഫൈറ്റ് സീൻ! മുതല എന്നെയും കൊണ്ട് ഒറ്റപോക്കായിരുന്നു; ഭീമൻ രഘു
ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെയും പിന്നീട് ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലുമെല്ലാമെത്തി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഭീമൻ രഘു. 80 കളുടെ തുടക്കത്തിൽ സിനിമയിലേക്കെത്തിയ അദ്ദേഹം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാഗമാണ്. അടുത്ത കാലത്തായി സിനിമകളിൽ അത്ര സജീവമല്ലാത്ത നടൻ, തന്റെ നിലപാടുകളിലൂടെയും പ്രവർത്തികളിലൂടെയുമൊക്കെ വാർത്തകളിൽ നിറയാറുണ്ട്.
വില്ലൻ വേഷങ്ങളാണ് ഭീമൻ രഘുവിനെ താരമാക്കി മാറ്റിയത്. കരിയറിന്റെ തുടക്കകാലത്ത് നടനെ തേടി എത്തിയതെല്ലാം വില്ലൻ വേഷങ്ങളായിരുന്നു. എന്നാൽ പിന്നീട് ഹാസ്യ വേഷങ്ങളിൽ എത്തിയും പ്രതിഭ തെളിയിക്കാൻ ഭീമൻ രഘുവിനായി. എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഭീമൻ രഘുവിന്റെ ആ പഴയ വില്ലൻ വേഷങ്ങൾ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്.

ഫൈറ്റ് രംഗങ്ങളിലൊക്കെ ഭീമൻ രഘുവിന്റെ മെയ്‌വഴക്കം പലപ്പോഴും ശ്രദ്ധനേടിയിട്ടുള്ളതാണ്. ചില സാഹസികമായ സംഘട്ടന രംഗങ്ങളൊക്കെ നടൻ കരിയറിൽ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഫൈറ്റ് രംഗത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഭീമൻ രഘു. കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് രംഗങ്ങൾ ചെയ്ത അനുഭവമാണ് രഘു പങ്കുവെച്ചത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'ഡ്യൂപ്പില്ലാതെ കരടിക്കും മുതലയ്‌ക്കും ഒപ്പമെല്ലാം ഞാൻ ഫൈറ്റ് ചെയ്തിട്ടുണ്ട്. മുതലയുടെ വായൊക്കെ കമ്പിയിട്ട് കെട്ടിവെച്ചിട്ടാണ്. അതിനെയും കൊണ്ട് വെള്ളത്തിൽ ഇറങ്ങിയായിരുന്നു ഷോട്ട്. അതിനൊപ്പം മുങ്ങിയും പൊങ്ങിയും ഇങ്ങനെ. അതിനിടയ്ക്ക് അതിന്റെ കമ്പിയിൽ നിന്നും എന്റെ പിടിവിട്ട് പോയി. അത് എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു. പത്ത് ഇരുപതടി പോയിട്ടാണ് ഞാൻ പൊങ്ങിയത്. നീന്തൽ അറിയുന്നത് കൊണ്ട് പ്രശ്നമുണ്ടായില്ല. മുതല ആ വഴിക്ക് പോയി. പക്ഷേ അവർ ചാടി അതിനെ പിടിച്ചു',
'അതിനു ശേഷമാണ് കരടിക്കൊപ്പം ചെയ്തത്. കരടിക്കൊപ്പം കുറെ ഷോട്ടുകളൊക്കെ എടുത്തു. അവസാനം അതിന്റെ കഴുത്തിൽ പിടിച്ച് കത്തി വയ്ക്കുന്നത് പോലൊരു രംഗമുണ്ട്. അത് ചെയ്തപ്പോൾ അതിന് വേദനിക്കാൻ തുടങ്ങി. അലർച്ചയും മറ്റുമായി. ആ ഷോട്ട് തീർത്തു. പക്ഷെ വീണ്ടും ഒരു ഷോട്ട് കൂടെ ഉണ്ടെന്ന് പറഞ്ഞു. ഞാൻ അതിനെ അങ്ങോട്ട് നിർത്തൂ എന്ന് പറഞ്ഞു. ഞാൻ അതിന്റെ അടുത്തേക്ക് ചെന്നതോടെ അത് ഓടി. ഞാൻ അതിന്റെ പുറകെ ഓടി',
'അന്ന് ഈ ഓണലൈൻ ചാനലൊക്കെ ഉണ്ടായിരുന്നെങ്കിൽ ഭീമൻ രഘു ആരാണ്. മോഹൻലാൽ ആ സിനിമയിൽ പുലിയെ പിടിച്ചത് എല്ലാവരും പറഞ്ഞപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട്, ഞാൻ ഇങ്ങനെ രണ്ടെണ്ണത്തിനെ പിടിച്ചിട്ടുണ്ടെന്ന്. മൃഗയയുടെ ഷൂട്ടിങ്ങിനിടയ്ക്ക് ഡ്യൂപ്പിന് പകരം ആ പുലിയെ ഞാൻ പിടിച്ചോട്ടെ എന്ന് ശശിയേട്ടനോട് (ഐ വി ശശി) ചോദിച്ചിട്ടുണ്ട്,' ഭീമൻ രഘു പറഞ്ഞു.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ഫൈറ്റ് രംഗങ്ങൾ ചെയ്യുന്നതിനെ കുറിച്ചും ഭീമൻ രഘു അഭിമുഖത്തിൽ സംസാരിച്ചു. ഫൈറ്റ് രംഗങ്ങളിൽ ഏറ്റവും ഫ്ലെക്സിബിൾ മോഹൻലാലാണ്. അത്രയും ഫ്ളക്സിബിലിറ്റി മമ്മൂക്കയ്ക്ക് ഇല്ല. സുരേഷ് ഗോപിക്കും കുറവാണ്. ലാലിന്റെ ഒപ്പം ഫൈറ്റ് ചെയ്യാൻ രസമാണ്. മൂന്ന് പേരും അവരവരുടെ രീതിയിൽ നല്ല പോലെ ഫൈറ്റ് ചെയ്യുന്നവരാണ്. അടി കൊള്ളാനാണെങ്കിലും കൊടുക്കാനാണെങ്കിലും തനിക്ക് തന്റേതായ സ്റ്റൈലുണ്ടെന്നും ഭീമൻ രഘു പറഞ്ഞു.
മിസ്റ്റർ ഹാക്കറാണ് ഭീമൻ രഘുവിന്റെ ഏറ്റവും പുതിയ ചിത്രം. അന്ന രാജൻ നായികയാകുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നാണ് നടൻ അവതരിപ്പിക്കുന്നത്. അടുത്തിടെ ചാണ എന്നൊരു ചിത്രം സംവിധാനം ചെയ്ത് സംവിധാന രംഗത്തേക്കും നടൻ കടന്നിരുന്നു.


Click it and Unblock the Notifications











