മമ്മൂക്കയ്ക്ക് എന്നെ പേടിയാണ്, മുഖം ഇടിച്ച് പൊളിക്കരുതെന്ന് പറയും; രാഷ്ട്രീയം അന്നേ മതിയാക്കി: ഭീമന്‍ രഘു
ഇടയ്ക്ക് അവര്‍ തന്നെ വിളിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അന്നത്തോടെ മടക്കിവച്ചുവെന്നാണ് രാഷ്ട്രീയത്തെക്കുറിച്ച് ഭീമന്‍ രഘു പറയുന്നത്.
മലയാളികളുടെ പ്രിയനടനാണ് ഭീമന്‍ രഘു. സിനിമയിലെത്തും മുമ്പ് പോലീസുകാരനായിരുന്നു ഭീമന്‍ രഘു. ജയന്റെ പകരക്കാരനായാണ് ഭീമന്‍ രഘു സിനിമയിലെത്തുന്നത്. ഭീമന്‍ ആയിരുന്നു ആദ്യ സിനിമ. അങ്ങനെയാണ് ഭീമന്‍ രഘുവാകുന്നത്. ഏറെ കാലം മലയാള സിനിമയെ വിറപ്പിക്കുന്ന വില്ലനായി അദ്ദേഹം നിറഞ്ഞാടി. പിന്നീട് കോമഡിയിലേക്ക് ചേക്കേറിയപ്പോഴും ഭീമന്‍ രഘു കയ്യടി നേടി. ക്യാരക്ടര്‍ റോളുകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു മനസ് തുറക്കുകയാണ്. മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മമ്മൂക്കയുടെ കൂടെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. മമ്മൂക്ക പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നും പറയില്ല. അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം അങ്ങനെയൊന്നും പുള്ളി പറയില്ല. ഇരിക്കുന്ന സമയത്തൊക്കെ കുശലം പറയും എന്നല്ലാതെ വേറെയൊന്നുമില്ല. എനിക്ക് സീനുകളൊക്കെ കുറവായിരിക്കും. മിക്കവാറും ഉണ്ടാവുക ഫൈറ്റ് ആയിരിക്കും. ഫൈറ്റ് ചെയ്യുമ്പോള്‍ പറയും എടോ എടോ സൂക്ഷിച്ചൊക്കെ ചെയ്യ് കെട്ടോ എന്റെ മുഖമൊന്നും ഇടിച്ചു പൊളിച്ചേക്കരുത് എന്ന്.
നിന്റെ കൈയും കാലും തൊട്ടാലേ എനിക്ക് പേടിയാണെന്ന് പറയും. ഏയ് ഇല്ല പതുക്കയേ ചെയ്യൂവെന്നൊക്കെ പറഞ്ഞ് വളരെ റിലാക്‌സ്ഡ് ആയാണ് ഷൂട്ട് ചെയ്യുക. എന്നാല്‍ ഇതിന്റെ നേരെ ഓപ്പോസിറ്റാണ് മോഹന്‍ലാല്‍ എന്നാണ് ഭീമന്‍ രഘു പറയുന്നത്. മോഹന്‍ലാല്‍ കോണ്ടാക്ട് ചെയ്‌തേ ഫൈറ്റ് ചെയ്യാറുള്ളൂവെന്നാണ് ഭീമന്‍ രഘു പറയുന്നത്. അടിക്കാന്‍ പറഞ്ഞാല്‍ നമ്മള്‍ അടിച്ചിരിക്കണം. തിരിച്ചും അടിക്കുമെന്നും താരം പറയുന്നു.
അടിച്ചാല്‍ വേദന എടുക്കില്ലേ ലാലേ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ പറയുക ഞാന്‍ അടിക്കുമ്പോള്‍ നിനക്കും വേദനിക്കുന്നില്ലേ, അതുപോലെ തന്നെയാണ് എന്നാണ്. അടിക്കുന്നത് കൈയിലും കാലിലും മാത്രമായിരിക്കണം മറ്റെവിടേയും അടിക്കാന്‍ പാടില്ലെന്നും ക്യാമറയില്‍ കിട്ടുന്ന തരത്തില്‍ വേണമെന്നും ഭീമന്‍ രഘു ചൂണ്ടിക്കാണിക്കുന്നുണ്ട്.
പിന്നാലെ തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുകയാണ്. താന്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതായാണ് ഭീമന്‍ രഘു പറയുന്നത്. ആ വാക്കുകള്‍ വായിക്കാം.
അന്ന് എന്നെ വിളിച്ചിട്ട് രണ്ട് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നുണ്ടെന്നും ചേട്ടന്‍ കൂടെ നിന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. അതല്ല ചെയ്താല്‍ രസമായിരിക്കുമെന്ന് പറഞ്ഞു. ഓക്കെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പോയി നിന്നതാണ്. പതിമൂവായിരമോ മറ്റോ വോട്ട് പിടിക്കുകയും ചെയ്തു. പക്ഷെ എനിക്ക് താല്‍പര്യമില്ലാത്ത കാര്യമാണ്. ഇന്റര്‍വ്യുവൊക്കെയാണെങ്കില്‍ ഞാന്‍ വച്ച് കീറിക്കളയും. ക്യാമറ കണ്ടാല്‍ രഘു വേറെ സാധനമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
അത് രാഷ്ട്രീയം ആണെങ്കിലും സിനിമ ആണെങ്കിലും പോലീസ് ആണെങ്കിലും ദൈവം തനിക്ക് അങ്ങനെ ഒരു കഴിവ് തന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. അതിനെല്ലാം ശേഷം ഇടയ്ക്ക് ഇടയ്ക്ക് അവര്‍ തന്നെ അവിടെ ഒരു പ്രോഗ്രാം ഇവിടെ ഒരു പ്രോഗ്രാം എന്ന് പറഞ്ഞു വിളിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അന്നത്തോടെ മടക്കിവച്ചുവെന്നാണ് രാഷ്ട്രീയത്തെക്കുറിച്ച് ഭീമന്‍ രഘു പറയുന്നത്.

തനിക്ക് രാഷ്ട്രീയക്കാരില്‍ വേര്‍തിരിവില്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയേയും തമിഴ്‌നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമൊക്കെ താന്‍ പോയി കാണാറുണ്ടെന്നും എന്നാല്‍ അതൊന്നും പാര്‍ട്ടി ബേസിലല്ലെന്നും സെലിബ്രിറ്റി എന്ന നിലയിലാണെന്നുമാണ് ഭീമന്‍ രഘു പറയുന്നത്. രാഷ്ട്രീയം താന്‍ അന്ന് തന്നെ നിര്‍ത്തിയെന്നാണ് ഭീമന്‍ രഘു പറയുന്നത്. തനിക്ക് എല്ലാവരും വേണമെന്നും താരം വ്യക്തമാക്കുന്നുണ്ട്.
അതേസമയം ബിജെപിയിലേക്ക് വന്നതോടെ തന്നെ ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് മുമ്പൊരു അഭിമുഖത്തില്‍ ഭീമന്‍ രഘു പറഞ്ഞിരുന്നു. 'രാഷ്ട്രീയ ജീവിതത്തിലോട്ട് ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് പടങ്ങള്‍ ഒരുപാട് കുറഞ്ഞു. എന്നെ ആരും വിളിക്കാതെയായി. പ്രത്യേകിച്ചും ബി.ജെ.പിയിലേക്ക് വന്നതോടെ ആളുകളൊക്കെ നമ്മളെ പുച്ഛിക്കാന്‍ തുടങ്ങി. അത് കൊണ്ട് ഇനി രാഷ്ട്രീയത്തിലേക്കില്ല,' ഭീമന്‍ രഘു പറഞ്ഞു.
2016ല്‍ നടന്ന ഉപതെരഞ്ഞടുപ്പിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരത്തിനിറങ്ങിയത്. നടന്മാരായ ജഗദീഷും ഗണേഷ് കുമാറും മത്സരരംഗത്തുണ്ടായിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പിച്ച തനിക്ക് നിര്‍ബന്ധിപ്പിച്ച് സീറ്റ് തന്നതാണെന്ന് ഇദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.


Click it and Unblock the Notifications











