'മമ്മൂക്ക വെറും സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു; ഇപ്പോഴും അത് ഓർക്കുമ്പോൾ ഭയമാണ്': സുമിത് നവാൽ
മലയാള സിനിമാപ്രേമികൾക്കിടയിൽ കൾട്ട് സ്റ്റാറ്റസ് നേടിയെടുത്തിട്ടുള്ള സിനിമകളിലൊന്നാണ് മമ്മൂട്ടി നായകനായ ബിഗ് ബി. 2007 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും ടെലിവിഷനിൽ എത്തിയതോടെ വലിയ ശ്രദ്ധനേടി. അമൽ നീരദ് സംവിധാനം ചെയ്ത സിനിമയിലെ മിക്ക സീനുകളുടെയും പെർഫെക്ഷൻ ഇന്ന് പ്രേക്ഷകർ എടുത്ത് പറയുന്നതാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ അമല്‍ നീരദ് മമ്മൂട്ടിയെ അവതരിപ്പിച്ചത്.
വർഷങ്ങളായി ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2017 ലാണ് രണ്ടാം ഭാഗം വരുമെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ 2023 ലും മറ്റൊരു അപ്‌ഡേറ്റിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. ഇതിനിടെ മമ്മൂട്ടിയെ നായകനാക്കി ഭീഷ്മപർവ്വം എന്ന ചിത്രം അമൽ നീരദ് സംവിധാനം ചെയ്യുകയും അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടിക്ക് പുറമെ ബാല, മംമ്ത മോഹൻദാസ്, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും ബിഗ് ബിയിൽ തിളങ്ങിയിരുന്നു.

ബിഗ് ബിയിലൂടെ ശ്രദ്ധനേടിയ മറ്റൊരു നടനാണ് സുമിത് നവാൽ. സുമിത് എന്ന പേരിനേക്കാൾ ബിജോ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിന്റെ പേരിലാകും പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ബിഗ് ബിയ്ക്ക് ശേഷം അധികം സിനിമകളിൽ സുമിത്തിനെ കണ്ടിട്ടില്ല. ഇപ്പോഴിതാ സുമിത്തിന്റെ പുതിയൊരു അഭിമുഖവും അതിൽ പറഞ്ഞ കാര്യങ്ങളും പ്രേക്ഷക ശ്രദ്ധനേടുകയാണ്.
ബിഗ് ബിയിലെ ശ്രദ്ധേയ രംഗങ്ങളിൽ ഒന്നായിരുന്നു കാർ പൊട്ടിത്തെറിക്കുന്നത്. സിനിമ കണ്ടിട്ടുള്ള പ്രേക്ഷകരുടെയെല്ലാം മനസിൽനിന്ന് മായാതെ കിടക്കുന്ന ഒന്നാണ് ആ ഷോട്ട്. കാരണം അത്രത്തോളം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് മമ്മൂട്ടി ആ സീൻ കൈകാര്യം ചെയ്തിരിക്കുന്നത്.
ആ രംഗത്തിൽ കാർ പൊട്ടിത്തെറിച്ചപ്പോൾ ഒരു ഇരുമ്പ് കഷ്ണം മമ്മൂട്ടിയുടെ നേർക്ക് തെറിച്ച് വീണെന്നും അദ്ദേഹം ഒഴിഞ്ഞുമാറിയതുകൊണ്ട് കഴുത്തിൽ കൊണ്ടില്ലെന്നും സുമിത് പറയുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അപകടമുണ്ടായേനെയെന്നും മമ്മൂട്ടിയുടേത് അവസരോചിതമായ പ്രവർത്തിയായിരുന്നെന്നും നടൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുമിത് നവാൽ.
'ചിത്രത്തിൽ കാറിന് തീയിടുന്ന രംഗം ഒരിക്കലും മറക്കാനാകില്ല. പൊട്ടിത്തെറിച്ചപ്പോൾ വളരെ മൂർച്ചയുള്ള ഒരു വസ്തു തെറിച്ച് വീഴുന്നുണ്ടായിരുന്നു. മമ്മൂക്കയുടെ റിഫ്ലെക്സ് വളരെ വേഗത്തിൽ ആയിരുന്നു. അദ്ദേഹം പെട്ടെന്ന് തല തിരിച്ചു. മമ്മുക്ക അതിൽനിന്നും ഒഴിവായത് വെറും അര ഇഞ്ച് വ്യത്യാസത്തിലാണ്. വെറും സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു',

'അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്റെ കഴുത്തിൽ കൊണ്ടേനെ. ക്യാമറക്ക് വരെ അനക്കം ഉണ്ടായി. ഞാൻ അത് ഒരിക്കലും മറക്കില്ല. ഷൂട്ട് കഴിഞ്ഞപ്പോൾ ടേക്ക് നന്നായിരുന്നെന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴും അതിനെപ്പറ്റി ഓർക്കുമ്പോൾ ഭയമാണ്. കാരണം വളരെ മൂർച്ചയേറിയ ഒരു വസ്തുവായിരുന്നു അത്', സുമിത് നവാൽ പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് സുമിത്തിന്റെ പുതിയ ചിത്രം. ബസൂക്കയിലേക്ക് താൻ എത്താൻ കാരണം മമ്മൂട്ടി ആണെന്നും തനിക്കേറ്റവും ഇഷ്ടമുള്ള നടൻ മമ്മൂട്ടി ആണെന്നും സുമിത് പറഞ്ഞു. ലാലേട്ടനെയും, ദുൽഖറിനെയും ഒക്കെ വളരെ ഇഷ്ടമാണ്. പക്ഷെ മമ്മൂക്ക ആയിരിക്കും ഫസ്റ്റ് പൊസിഷനിൽ. അദ്ദേഹത്തിന്റെ സ്ഥാനം ആർക്കും മാറ്റാൻ പറ്റില്ലെന്ന് സുമിത് വ്യക്തമാക്കി. ബസൂക്ക വലിയ വിജയമാകുമെന്നും ചിത്രത്തിലെ മമ്മൂട്ടിയെ എല്ലാവർക്കും ഇഷ്ടമാകുമെന്നും സുമിത് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











