ഏഴ് ദിനരാത്രങ്ങള്‍ ഭക്ഷണം ഉപേക്ഷിച്ചു, ഉറക്കം കുറച്ചു; കിടിലിം ഫിറോസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്ക് സുപരിചിതനാണ് കിടിലം ഫിറോസ്. ആര്‍ജെയായും അവതാരകനായും കയ്യടി നേടിയിട്ടുള്ള ഫിറോസ് ബിഗ് ബോസിലൂടെയും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഫിറോസ്. ഇപ്പോഴിതാ ലഹരിയ്‌ക്കെതിരെ നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള ഫിറോസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ലഹരിയ്ക്ക് എതിരായുള്ള വന്ദേ കേരളം സീസണ്‍ 7 എന്ന പരിപാടിയെക്കുറിച്ചാണ് ഫിറോസിന്റെ കുറിപ്പ്.
''കഴിഞ്ഞ ഏഴു ദിന രാത്രങ്ങള്‍ ഭക്ഷണം ഉപേക്ഷിച്ചു, ഉറക്കം കുറച്ചു സംസാരിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു റേഡിയോയിലൂടെ. അതും സഞ്ചരിച്ചു കൊണ്ട് കൊച്ചി മുതല്‍ തിരുവനന്തപുരം വരെ നീണ്ട ഒരാഴ്ചക്കാലത്തെ സഞ്ചാരം.
അഞ്ചു ജില്ലകളില്‍ ആയി,പ്രധാന വഴികളും, ഊട് വഴികളും ഗ്രാമ വഴികളും ഒക്കെയായി 1200 ലേറെ കിലോമീറ്ററുകള്‍.
പതിനായിരക്കണക്കിന് ജനങ്ങളുമായി നേരിട്ടു സംവദിച്ച ബോധവത്കര യാത്ര'' ഫിറോസ് പറയുന്നു.

''കണ്ണുനീര് വീണ അമ്മമാരുടെ കഥകള്‍ കേട്ടു! ലഹരി ഇല്ലാതാക്കിക്കളഞ്ഞ നൂറുകണക്കിന് കുടുംബങ്ങളുടെ കഥകള്‍ കേട്ടു. ലഹരി കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ആയിരങ്ങളുടെ സങ്കടങ്ങള്‍ കേട്ടു, അവരെ ഡി അഡിക്ഷന്‍ സെന്ററുകളുമായി ബന്ധപ്പെടുത്തി. നിരോധിത ലഹരി മരുന്ന് വില്‍ക്കുന്ന കടകളുടെ വിലാസം രഹസ്യമായി പറഞ്ഞു തന്നവരില്‍ നിന്നും അന്വേഷണത്തിനുള്ള അപേക്ഷ അതാത് പോലീസ് സ്റ്റേഷനുകളില്‍ നല്‍കി, പലതും പിടിക്കപ്പെട്ടു. സഞ്ചരിക്കുന്ന ഒരു ജയിലില്‍ പൂട്ടിയിടപ്പെട്ട ഒരാഴ്ചകാലം'' ഫിറോസ് പറയുന്നു.
''150 മണിക്കൂറുകള്‍ നീണ്ട വിശപ്പ്,
ദേഹം വേദന, തലവേദന, തൊണ്ട വേദന, ഒക്കെ ലഹരി എന്ന വിപത്തിന് എതിരായിട്ടായിരുന്നു. സിന്തട്ടിക് ലഹരി സര്‍വ വ്യാപി ആകുന്ന ഈ കാലത്ത് മദ്യപിച്ചവരെ കണ്ടെത്താന്‍ ബ്രത് അനലൈസര്‍ എന്നപോലെ രാസ ലഹരി ഉപയോഗിച്ചവരെ കണ്ടെത്താന്‍ ഉള്ള ടെക്‌നോളജി, ഉപകരണങ്ങള്‍ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അടിയന്തിരമായി നടപ്പിലാക്കുക, ലഹരിയുടെ ഉറവിടം കണ്ടെത്തി ശക്തമായ നിയമ പരിപാലന നടപടികള്‍ എടുക്കുക എന്നിവ ആയിരുന്നു ആവശ്യം''.

9270 ഒപ്പുകള്‍ ലക്ഷ്യം വച്ച് തുടങ്ങിയ യാത്ര ഇന്ന് ഈ 150-ആം മണിക്കൂറില്‍ എത്തി നിന്നത് 14,500 ഒപ്പുകള്‍ക്കും മുകളിലാണ്. അധികാരികള്‍ക്ക് മുന്നിലേക്ക് ഈ ഒപ്പുകള്‍ ഉള്‍പ്പെടുന്ന നിവേദനം സമര്‍പ്പിച്ചു കഴിഞ്ഞു. മാറ്റം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഉണ്ടാകേണ്ടത് കാലത്തിന്റെ അനിവാര്യതയാണ് എന്നിരിക്കെ
നന്ദി. അമ്മമാര്‍ക്ക്, പെങ്ങന്മാര്‍ക്ക്, കൂടെപ്പിറപ്പുകള്‍ക്ക്, അനുജന്മാര്‍ക്ക്, അനുജത്തിമാര്‍ക്ക്, ജ്യേഷ്ഠ സഹോദരങ്ങള്‍ക്ക്.
ഒപ്പം നിന്ന ഓരോരുത്തര്‍ക്കും ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നു പറഞ്ഞാണ് ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബിഗ് ബോസിലെ നിറ സാന്നിധ്യമായിരുന്നു കിടിലം ഫിറോസ്. ബിഗ് ബോസിന് ശേഷവും സജീവമായി തന്നെയുണ്ട് ഫിറോസ്. പാവപ്പെട്ടവര്‍ക്കായി സനാഥാലയം നിര്‍മ്മിക്കുക എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായിട്ടായിരുന്നു ഫിറോസ് ബിഗ് ബോസിലെത്തിയത് തന്നെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫിറോസ് മോട്ടിവേഷണല്‍ വീഡിയോകളും പങ്കുവെക്കാറുണ്ട്. സിനിമാ റിവ്യുവിലൂടേയും ഫിറോസ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.


Click it and Unblock the Notifications











