ആ ക്യാരക്ടര്‍ ചെയ്തത് കൊണ്ട് പലരും വിളിക്കാതിരുന്നിട്ടുണ്ട്; എന്റെ സന്തോഷത്തേക്കാൾ എനിക്ക് പ്രധാനം അതാണ്: ആര്യ
തന്റെ കരിയർ, പുതിയ സംരംഭം, അനിയത്തിയുടെ വിവാഹം എന്നതിനെ കുറിച്ചൊക്കെ സംസാരിക്കുകയാണ് ആര്യ
അവതാരക, നടി, മോഡൽ, സംരംഭക എന്നിങ്ങനെ എന്നിങ്ങനെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുന്ന താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയുടെയാണ് ആര്യ ജനപ്രീതി നേടുന്നത്. പിന്നീട് അങ്ങോട്ട് അവതാരകയായും നടിയായുമെല്ലാം ആര്യ തിളങ്ങുകയായിരുന്നു.
അതിനിടെ സ്വന്തമായൊരു ബിസിനസും ആര്യ ആരംഭിച്ചിരുന്നു. പ്രണയബന്ധം തകർന്നത് ഉൾപ്പെടെ ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടായെങ്കിലും അതൊന്നും ബാധിക്കാതെ ശക്തയായ സ്ത്രീയായി മുന്നേറുകയാണ് ആര്യ. അതിനിടെ ആര്യ അഭിനയിക്കുന്ന 90 മിനിറ്റ്സ് എന്ന ചിത്രവും റിലീസിന് എത്തുകയാണ്. അതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ആര്യ ഇപ്പോൾ.

ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. തന്റെ കരിയറിനെ കുറിച്ചും ബിസിനസിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ആര്യ സംസാരിക്കുന്നുണ്ട്. മൂവിമാന്‍ ബ്രോഡ്കാസ്റ്റിംഗിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യങ്ങൾ പറയുന്നത്.

ആര്യ ബഡായി എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് ആര്യ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ പേര് പോലും അങ്ങനെയാണ് ഇട്ടേക്കുന്നത്. ആര്യ ബഡായി എന്നാണ് ആളുകൾ വിളിക്കാറ്. അതുകൊണ്ട് അതിനോടൊരു ഇഷ്ടക്കൂടുതലുണ്ട്. ബഡായി ബംഗ്ലാവ് ഇനി എപ്പോഴാണ്. വീണ്ടും വരുന്നുണ്ടോ എന്നാണ് എന്നെ കാണുമ്പോള്‍ പലരും ചോദിക്കാറുള്ളതെന്നും ആര്യ പറയുന്നുണ്ട്.
ഒരുപാട് പരിശ്രമിച്ചിട്ടാണ് താൻ അതിലേക്ക് എല്ലാം എത്തിയതെന്ന് ആര്യ പറയുന്നുണ്ട്. ഒരുപാട് പേരുടെ സഹായങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ട്. അതിനൊപ്പം തന്റെ എഫോർട്ട് കൂടിയാണെന്ന് താരം പറഞ്ഞു. സ്‌ക്രിപ്റ്റാണ് ബഡായി ബംഗ്ലാവിന്റെ പ്രധാന ഘടകം. പിഷുവും മുകേഷേട്ടനുമെല്ലാം നല്ല കമ്പനിയാണ്. ധൈര്യമായിട്ട് കൗണ്ടറടിക്കാനുള്ള ഫ്രീഡമുണ്ടെന്നും ആര്യ പറഞ്ഞു.

സന്തോഷത്തോടെയാണ് ഇപ്പോൾ ബിസിനസ് ചെയ്യുന്നത്. അതിലൊരു സംതൃപ്തിയുമുണ്ട്. ബിസിനസിനെക്കുറിച്ച് പഠിച്ചിട്ട് ചെയ്യുന്നതല്ല. എനിക്ക് അപ്പപ്പോള്‍ ഉണ്ടാകുന്ന ചിന്തകളിൽ നിന്നാണ് ഞാൻ ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അതിനെല്ലാം പോസിറ്റീവായ റിസല്‍ട്ടും കിട്ടുന്നുണ്ട്.
സാരിയോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. കംഫര്‍ട്ടായിട്ടുള്ള എല്ലാ സാധനവും ഉപയോഗിക്കുന്ന ആളാണ് ഞാന്‍. കാഞ്ചീവരം പട്ടുകളോട് പ്രത്യേകമായൊരു താല്‍പര്യമുണ്ട്. അങ്ങനെയാണ് ബ്രാന്‍ഡ് തുടങ്ങുന്നത്. തുടങ്ങിയപ്പോള്‍ മനസിലായി അത്യാവശ്യം മാര്‍ക്കറ്റുള്ള സംഭവമാണെന്ന്. അങ്ങനെയാണ് ബിസിനസുമായി മുന്നോട്ട് പോകുന്നതെന്നും ആര്യ പറഞ്ഞു.

പുതിയ സിനിമയിൽ എല്ലാം സീരിയസായ കഥാപാത്രങ്ങളാണ് താൻ ചെയ്യുന്നത്. ബഡായി ബംഗ്ലാവ് ചെയ്യുമ്പോള്‍ കോമഡി റോളുകളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് തോന്നിയിട്ടില്ലെന്നും ആര്യ പറഞ്ഞു. എന്നാൽ ആ ക്യാരക്ടര്‍ ചെയ്തത് കൊണ്ട് പലരും വിളിക്കാതിരുന്നിട്ടുണ്ട്. ബഡായി ബംഗ്ലാവില്‍ കോമഡി ചെയ്യുന്ന പെണ്ണല്ലേ എന്ന് പറഞ്ഞ് മാറ്റിയിട്ടുണ്ടെന്നും ആര്യ പറയുന്നു.

അങ്ങനെയൊക്കെ കേട്ടപ്പോള്‍ സങ്കടം വന്നിരുന്നു. മറ്റൊരു കഥാപാത്രവും വരുന്നില്ലല്ലോ എന്നോർത്ത് സങ്കടമായി. ഇതല്ലാതെ മറിച്ച് ചിന്തിക്കുന്നവരുമുണ്ട്. അങ്ങനെ വരുന്ന കഥാപാത്രങ്ങൾ ഉണ്ടെന്നും നടി പറഞ്ഞു.
ജീവിതത്തിലെ നേട്ടങ്ങൾ നൽകുന്ന സംതൃപ്തി വലുതാണെന്നും ആര്യ പറഞ്ഞു. അനിയത്തിയുടെ കല്യാണം അച്ഛനും അമ്മയും കണ്ടിരുന്ന പോലെ, അവള്‍ ആഗ്രഹിച്ച പോലെ നല്ല രീതിയില്‍ നടത്തി കൊടുക്കുക എന്നതൊക്കെ എന്റെ ആഗ്രഹമായിരുന്നു. അതിനൊക്കെ വേണ്ടിയാണല്ലോ നമ്മൾ ജീവിക്കുന്നത്. എന്റെ സന്തോഷത്തേക്കാൾ എനിക്ക് പ്രധാനം അവർ സന്തോഷമായി കാണുക എന്നതാണെന്നും ആര്യ പറഞ്ഞു.


Click it and Unblock the Notifications