'വലിയൊരു വേദനയുണ്ടായെന്ന് കരുതി ജീവിതം അവിടെ തീരുന്നില്ല; അവിടെയാണ് നമ്മുക്ക് തെറ്റ് പറ്റുന്നത്!': ആര്യ
പ്രണയം തകരുമ്പോൾ തന്നെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരോട് ആര്യക്ക് പറയാനുള്ളത്..
അവതാരകയായും നടിയായും സംരംഭകയായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. പിന്നീട് അങ്ങോട്ട് അവതാരകയായും നടിയായുമെല്ലാം ആര്യ തിളങ്ങുകയായിരുന്നു. ഒരുപിടി സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.
അതേസമയം, ആര്യയെ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത് ബിഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർഥിയായി എത്തിയപ്പോഴാണ്. സീസണിലെ ശക്തായ മത്സരാർത്ഥിയായ ആര്യയ്ക്ക് നിരവധി ആരാധകരെ അതിലൂടെ ലഭിച്ചിരുന്നു.
എന്നാൽ കോവിഡിനെ തുടർന്ന് ആ സീസൺ പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് ഷോയിൽ നിന്ന് തിരിച്ചെത്തിയ ആര്യയ്ക്ക് സഹിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു പുറത്ത് നടന്നത്. ആര്യ ഏറെ സ്നേഹിച്ചിരുന്ന താരത്തിന്റെ കാമുകൻ ആര്യ തിരികെ വന്നപ്പോഴേക്കും ആര്യയുടെ ഉറ്റ സുഹൃത്തുമായി പ്രണയത്തിലാവുകയും ആര്യ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു.

ബിഗ് ബോസിൽ വെച്ച് താൻ പ്രണയത്തിലാണെന്നും ജാൻ എന്നാണ് അദ്ദേഹത്തെ താൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു. അതിനു ശേഷമായിരുന്നു ഈ സംഭവങ്ങളൊക്കെ. അടുത്തിടെയാണ് ആര്യ ഇതേകുറിച്ചെല്ലാം തുറന്ന് പറഞ്ഞത്. താൻ ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നെന്നും തനിക്ക് പാനിക് അറ്റാക്കുകളൊക്കെ വന്നിരുന്നെന്നും ആര്യ പറയുകയുണ്ടായി.
ഇപ്പോഴിതാ, അങ്ങനെ ഒരു ഘട്ടം കഴിഞ്ഞു വന്ന ആളെന്ന നിലയിൽ പ്രണയം തകരുമ്പോൾ തന്നെ ആത്മഹത്യയെ കുറിച്ചും മറ്റും ചിന്തിക്കുന്ന പുതിയ തലമുറയോട് ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് പറയുകയാണ് ആര്യ. ബി ഇറ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'ആത്മഹത്യ ചെയ്താൽ നിങ്ങൾക്ക് കിട്ടിയ ഒരു ജീവിതം പോയി. നിങ്ങളെ സ്നേഹിച്ച ആളുകൾക്ക് അതെ വേദന കൊടുത്തിട്ട് നിങ്ങൾ പോകും. അതിൽ എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടോ. അത്രെയേ ഉള്ളു. ആ ഒരൊറ്റ കാര്യം ആലോചിച്ചാൽ മതി. ജീവിതത്തിൽ ഒരു കാര്യം നമ്മളെ വലിയ രീതിയിൽ വേദനിപ്പിച്ചാൽ അതുകൊണ്ട് നമ്മുടെ ജീവിതം തീരുന്നില്ല. നമ്മളെ ചുറ്റുമുള്ള ആളുകൾ സ്നേഹിക്കുന്നത് നിർത്തുന്നുണ്ടോ. ഇല്ല,'
'ഒരാൾ മരിച്ചെന്ന് കേട്ടാൽ നമ്മുക്ക് സന്തോഷം തോന്നുമോ! ഒരു പ്രണയം നഷ്ടമായതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്താൽ അവരുടെ അച്ഛനും അമ്മയും ആ വേദനയിൽ എങ്ങനെ പിന്നീട് ജീവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അവരെ ഇഷ്ടപ്പെടുന്നവർ സുഹൃത്തുക്കൾ സഹോദരങ്ങൾ ഇവരൊക്കെ എങ്ങനെ ജീവിക്കും,'
'ജീവിതത്തിലെ ഏറ്റവും വലിയ വേദന കൊടുത്തിട്ട് അല്ലേ അവർ പോകുന്നത്. അത് ശരിയായ കാര്യമാണോ അല്ല. ഡിപ്രെഷനിലൊക്കെ നമ്മൾ സ്റ്റാക്കായി പോകുന്ന ഒരു പോയിന്റ് ഉണ്ട്. അതിൽ നിന്ന് എങ്ങനെ പുറത്തുവരാം എന്നാണ് ചിന്തിക്കേണ്ടത്. എങ്ങനെ ഒറ്റയടിക്ക് മേളിലേക്ക് പോകാം എന്നത് ഒരു സൊല്യൂഷനെ അല്ല. അതിന് ഏറ്റവും നല്ലത് നിങ്ങളെ മനസിലാക്കിയിട്ടുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്ന ആളോട് സംസാരിക്കുക,'

'ചിലർക്ക് അത് പറയാനൊക്കെ ഒരു ഈഗോയാണ്. എനിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ഞാൻ എങ്ങനെ പറയും എന്നൊക്കെയുള്ള ചിന്ത. അവിടെയാണ് നമ്മുക്ക് തെറ്റ് പറ്റുന്നത്. ചിലപ്പോൾ അങ്ങനെ ഒരാളോട് സംസാരിച്ചിട്ട് കിട്ടുന്ന ഒരു ചെറിയ വാക്ക് മതിയാകും ജീവിതത്തിലേക്ക് തിരിച്ചുവരാൻ,' ആര്യ പറഞ്ഞു.
'എന്നെ ജീവിതത്തിൽ എല്ലാ ഘട്ടത്തിലും സഹായിച്ചിട്ടുള്ളത് എന്റെ സൗഹൃദങ്ങളാണ്. അതിൽ കുടുംബവുമുണ്ട്. എന്റെ മകളും സഹോദരിയും അമ്മയുമെല്ലാം നല്ല സുഹൃത്തുക്കളാണ്. എന്റെ സുഹൃത്തുക്കളുടെ ഒരു വലയവും എന്റെ കുടുംബം തന്നെയാണ്. അവരാണ് എന്റെ സപ്പോർട്ട് സിസ്റ്റം. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഇഷ്ടപോലെ ആളുകൾ ഉണ്ട്,' എന്നും ആര്യ പറഞ്ഞു.


Click it and Unblock the Notifications