രേഷ്മയോട് എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ; അവരുടെ വീട്ടിൽ പോയി ഊണ് കഴിക്കണം: രജിത് കുമാർ
ബിഗ്ബോസ് സീസൺ 2 ലെ പ്രമുഖ മത്സരാർത്ഥിയായിരുന്നു രജിത് സർ എന്ന് വിളിക്കുന്ന രജിത് കുമാർ. ഏറെ വിവാദങ്ങൾ നേരിട്ട സീസണായിരുന്നു അത്. ആ സീസണിലെ രേഷ്മയുടെ മുഖത്ത് രജിത് ചില്ലി പേസ്റ്റ് തേക്കുകയും അതിനെ തുടർന്ന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആ പ്രശ്നത്തിനു ശേഷം അദ്ദേഹത്തെ ഷോയിൽ നിന്ന് പുറത്താക്കി. പിന്നീട് പലരും ഒരുമിച്ച് മീറ്റ് ചെയ്തെങ്കിലും രജിത് അതിന്റെയൊന്നും ഭാഗമായിരുന്നില്ല.
എല്ലാവർക്കും സ്വന്തം ജീവിതകഥ തുറന്നു പറയാൻ ബിഗ്ബോസിൽ അവസരം ലഭിച്ചപ്പോൾ രജിത്തിന് മാത്രം അത് നിഷേധിക്കപ്പെട്ടു. പിന്നീട് എല്ലാവരും ഒരുമിച്ച് ഇരുന്ന ഒരു സാഹചര്യത്തിലായിരുന്നു കുറച്ചെങ്കിലും കാര്യങ്ങൾ ഹൗസിലെ മറ്റ് മത്സരാർത്ഥികളുമായി പങ്കു വെക്കാൻ സാധിച്ചത്. അവിടുന്ന് പുറത്തിറങ്ങിയ ശേഷം രേഷ്മയെ കണ്ടിട്ടില്ല. രേഷ്മയുമായി ഉണ്ടായ പ്രശ്നമായിരുന്നു വലിയ പ്രതിസന്ധിയായത്. രജിത് കുമാർ കൗമുദി മൂവീസിലൂടെ സംസാരിക്കുന്നു.

"രേഷ്മയെ നേരിട്ട് കാണണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അന്ന് ബിഗ്ബോസിൽ നിന്ന് ഉണ്ടായ സംഭവങ്ങൾ ആ ഗെയിമിന്റെ ഭാഗമായി മാത്രമാണ്. എനിക്ക് ആ പെൺകുട്ടിയെ നേരിട്ട് കാണണമെന്നും അവരുടെ വീട്ടിൽ പോവണമെന്നുമുണ്ട്. പക്ഷേ രേഷ്മയുടെ വീട് എനിക്ക് അറിയില്ല. വിളിക്കാൻ ഫോൺ നമ്പറുമില്ല. അവർ ആരുടേയും നമ്പറുകൾ കൈവശമില്ല. നമ്മളെ ഒന്നും അല്ലെങ്കിലും ആരും ഒപ്പം കൂട്ടാറില്ല."
"ഞാനൊരു ഒറ്റയാൾ പട്ടാളമായാണ് പോകുന്നത്. ആരോടും ദേഷ്യമോ വിരോധമോ ഒന്നുമില്ല. അതുകൊണ്ട് രേഷ്മയോട് കൂട്ട് കൂടണമെന്നും, അവരുടെ വീട്ടിൽ പോയി ഊണ് കഴിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും രേഷ്മ എന്നെ വിളിക്കുമെന്നും അവരുടെ അമ്മയേയും അച്ഛനേയും കാണുമെന്നും മനസിലുണ്ട്. രേഷ്മയുടെ അച്ഛൻ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം പോലീസിലായിരുന്നു. അദ്ദേഹത്തിനു വേണ്ടി കൗൺസിലിംഗ് ഷോസ് ഞാൻ നടത്തിയിട്ടുണ്ട്. അപ്പോൾ ആ വീട്ടുകാരോടൊപ്പം സഹകരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്."
"അവർ എന്നെ വിളിക്കാതെ ഞാൻ അവിടെ വലിഞ്ഞു കേറിച്ചെന്നാൽ മോശമാവും എന്ന ബോധ്യമുള്ളതുകൊണ്ടാണ് അത്തരത്തിലൊരു ശ്രമം എടുക്കാത്തത്. കാരണം ഇത്രയും വലിയൊരു പ്രശ്നം നടന്നിട്ട് അവരുടെ മാനസികാവസ്ഥ ഇപ്പോഴും ദേഷ്യമാണെങ്കിൽ. മാത്രമല്ല എനിക്ക് രേഷ്മയുടെ വീടും അറിയില്ല. അല്ലാതെ സ്നേഹം ഇല്ലാത്തതു കൊണ്ടല്ല. അവരോട് എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ."

"ഇനി കരിയറിനെ കുറിച്ച് ചിന്തിക്കുമ്പോൾ സിനിമയിൽ വളരണമെന്നുണ്ടെന്നും സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ടെന്ന് രജിത് പറഞ്ഞു. "സിനിമാ സംവിധാനം പഠിച്ചു. ഈ മേഖലയിൽ വളരാൻ സാധിച്ചാൽ പിന്നീട് ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങണമെന്നും ആഗ്രഹമുണ്ട്. കഴിവുള്ള മിടുക്കരായ കുട്ടികളെ ഉന്നടികളിലേക്ക് കൈപിടിച്ച് ഉയർത്തണമെന്നുണ്ട്. ഇനി ഇതൊന്നും നടന്നില്ലെങ്കിൽ വീട്ടിലൊരു കാക്കി ഷർട്ട് ഉണ്ട്. പ്ലസ് ടു കഴിഞ്ഞപ്പോൾ വാങ്ങി വെച്ചതാ. അതുമിട്ട് ഓട്ടോ ഓടിക്കാൻ പോകും."
"എങ്ങനെ ആയാലും ഞാൻ പണി ചെയ്ത് കാശുണ്ടാക്കി ചാരിറ്റി നടത്തും. ഇനി ഒന്നും നടന്നില്ലെങ്കിൽ എന്റെ കോടികൾ വില മതിക്കുന്ന വീട് വിൽക്കും. ആ കാശിന് ചാരിറ്റി ചെയ്യും. ആരെയും ഞാൻ ദ്രോഹിക്കില്ല, വഞ്ചിക്കില്ല, ചതിക്കില്ല." രജിത് പറഞ്ഞു.


Click it and Unblock the Notifications