'ഒരുപാട് ഓഡിഷനുകൾക്ക് പോയി റിജെക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്; ബിഗ് ബോസിലെ പ്രകടനം കണ്ടാണ് അമൽ നീരദ് വിളിച്ചത്!'
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് റംസാൻ മുഹമ്മദ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയ റംസാൻ ആ സീസണിലെ ശക്തനായ മത്സരാർത്ഥി ആയിരുന്നു. അവസാന അഞ്ചിൽ ഇടംനേടാൻ റംസാന് കഴിഞ്ഞിരുന്നു.
ചെറുപ്പത്തിൽ സിനിമകളിലും സീരിയലുകളിലും ബാല താരമായി എത്തിയിട്ടുള്ള റംസാൻ ഭീഷ്മപർവം എന്ന ചിത്രത്തിൽ ഡാൻസറായി അഭിനയിച്ചിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് ഭീഷ്മപർവ്വത്തിലെ വേഷമെന്ന് പറയുകയാണ് റംസാൻ ഇപ്പോൾ. അതിലേക്ക് എത്താൻ കാരണമായത് ബിഗ് ബോസ് ആണെന്നും താരം പറയുന്നു. മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് റംസാൻ ഇത് പറഞ്ഞത്.

'എൽ.കെ.ജിയിൽ പഠിക്കുമ്പോൾ ആന്വൽ ഡേക്ക് പെർഫോം ചെയ്താണ് തുടക്കം. മൂന്നാം ക്ലാസിലായപ്പോഴേക്കും ശാസ്ത്രീയ നൃത്തത്തിൽ അരങ്ങേറ്റം കഴിഞ്ഞു. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും വെച്ച് ചാനലുകളിൽ ഡാൻസ് റിയാലിറ്റി ഷോ ചെയ്തു. അങ്കിൾ സമീറാണ് എന്നെ ഡാൻസിന്‍റെ ലോകത്തേക്ക് കൊണ്ടുവരുന്നത്. ഇന്ന് എന്നെ എല്ലാരും അറിയുന്നത് ഡാൻസർ എന്ന രീതിയിലാണ്,'
'ഒമ്പതിൽ പഠിക്കുമ്പോഴാണ് ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ വിജയിയായത്. അതിന് മുൻപ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നെങ്കിൽ വിജയി ആയില്ല. ഡി4 ഡാൻസ് ചെയ്തപ്പോഴാണ് കൂടുതലായി ഡാൻസിനെപ്പറ്റി പഠിക്കാൻ കഴിഞ്ഞത്. അഞ്ചുവർഷത്തോളം സമയമെടുത്ത് ഡാൻസ് പഠിക്കുന്നത്ര സഹായകരമാണ് ഒരു റിയാലിറ്റി ഷോയിലൂടെ പരിശീലിക്കപ്പെടുന്നത്,'

'റിയാലിറ്റി ഷോകൾ വളരെ സഹായകരമായിരുന്നു. നമ്മൾ അറിയാതെതന്നെ നൃത്തത്തെക്കുറിച്ചുള്ള കൂടുതൽ അറിവ് നമ്മിലേക്ക് എത്തും. ഒരുപാട് സമയമെടുത്ത് പഠിക്കേണ്ടവ പെട്ടെന്നുതന്നെ സ്വായത്തമാക്കാൻ കഴിഞ്ഞതിന് റിയാലിറ്റി ഷോകളുടെ സ്വാധീനം വലുതാണ്,'
'സിനിമയിൽ ഭീഷ്മപർവം തന്നെയാണ് എനിക്ക് ലഭിച്ച വലിയ ബ്രേക്ത്രൂ. ബാലതാരമായി ചില സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമ ആരും നമ്മളെ വിളിച്ചുതരില്ല. ഒരുപാട് ഓഡിഷൻസ് അറ്റൻഡ് ചെയ്തിട്ടുണ്ട്. റിജക്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബിഗ്ബോസിലെ പ്രകടനം കണ്ടിട്ടാണ് അൻവർ റഷീദിക്ക വഴി അമൽ നീരദ് സാർ ഭീഷ്മപർവത്തിനായി വിളിക്കുന്നത്.

'അവരൊക്കെ ബിഗ്ബോസിലെ എന്‍റെ പ്രകടനം കണ്ടിട്ടുണ്ട് എന്നതുതന്നെ വലിയ ഭാഗ്യം. സ്റ്റേജ് ഷോകളും സിനിമ അഭിനയവുമായി അങ്ങനെ മുന്നോട്ടുപോകുന്നു. ഭീഷ്മപർവം കഴിഞ്ഞതിൽ പിന്നെ കാര്യമായി സ്ക്രിപ്റ്റ് കേൾക്കുന്നുണ്ട്. പല മേഖലകളിൽനിന്നായി ഓഫറുകളും വരുന്നുണ്ട്. ഇനി അടുത്ത ചിത്രം എനിക്ക് ഇങ്ങനെയും അഭിനയിക്കാൻ പറ്റുമെന്ന് പറയാനാകുന്ന ഒരു കഥാപാത്രം വേണം. അത്തരം ഒരു ചിത്രത്തിനായി പരിശ്രമിക്കുകയാണ് ഇപ്പോൾ,'

'പെട്ടെന്ന് ഒരു സിനിമയിൽ നായകനാകാനൊക്കെ പേടിയാണ് എനിക്ക്. രണ്ടര മണിക്കൂർ എന്നെ തിയേറ്ററിൽ കാണാൻ ഓഡിയൻസ് കയറുന്ന തരത്തിലേക്ക് ഞാൻ എത്തിയിട്ടില്ല. അങ്ങനെയാകാൻ ഇനിയും ഒരുപാട് വർക്ക് ചെയ്യണം. അതിനായാണ് ശ്രമം തുടരുന്നത്,' റംസാൻ പറഞ്ഞു.

ഫിറ്റ്നസിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം പങ്കുവച്ചു. 18 വയസ്സ് മുതൽ ഫിറ്റ്നസിൽ ശ്രദ്ധിക്കണം. ദിവസത്തിൽ ഒരുമണിക്കൂർ അല്ലെങ്കിൽ അരമണിക്കൂർ ഫിറ്റ്നസിനായി ചെലവഴിക്കണം. എല്ലാ ദിവസവും പറ്റിയില്ലെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും മുടക്കാതെ വേണം.
ഇതിലൂടെ ഒരുപാട് രോഗങ്ങൾ, പരിക്കുകൾ എന്നിവയിൽനിന്ന് നമുക്ക് രക്ഷപ്പെടാം. ഒപ്പം പ്രായം കുറെ കഴിഞ്ഞാലും മമ്മുക്കയെ പോലെ ഗ്ലാമറായി നടക്കാനും പറ്റുമെന്നും റംസാൻ പറഞ്ഞു.


Click it and Unblock the Notifications











