റിനോഷ് വിഷയമാണ്! അനാവശ്യ നാടകങ്ങളില്ല, തെറി വിളിച്ചും അലറിയും രാജാവാകാൻ ശ്രമിക്കുന്നവർക്കിടയിലെ വ്യത്യസ്തൻ!
ബിഗ് ബോസ് മലയാളം സീസൺ 5 മൂന്നാം വാരത്തിൽ എത്തി നിൽക്കുമ്പോൾ മിക്ക മത്സരാർത്ഥികളും പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞിട്ടുണ്ട്. ഗെയിം സ്പിരിറ്റിന്റെ പേരിലും ആറ്റിറ്റ്യൂഡിന്റെ പേരിലൊക്കെയാണ് പ്രേക്ഷകർ പലരേയും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേരുടെ ഇഷ്ടം കവർന്നിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ് ജോർജ്. ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ വന്ന മത്സരാത്ഥികളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനായ ഒരാൾ.
ആദ്യ ആഴ്ചയിലെ വീക്കിലി ടാസ്കിൽ തന്നെ താനിവിടെ ന്യായമായ രീതിയിൽ കളിക്കാനായി വന്ന ആളാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ആളാണ് റിനോഷ്. വീടിനുള്ളിൽ ആരുമായും കലഹിക്കാതെ എല്ലാവരോടും ഒരുപോലെ പെരുമാറി കൂൾ ആയി നടക്കുന്ന ഒരാൾ എന്ന ഇമേജാണ് ഇന്നലെ വരെ റിനോഷിന് ഉണ്ടായിരുന്നത്. എന്നാൽ ഇന്നലത്തെ വീക്കിലി ടാസ്കിൽ അന്യായമായി തന്റെയിടത് ഗെയിം ഇറക്കിയവരോട് പൊട്ടിത്തെറിച്ചിരിക്കുകയാണ് റിനോഷ്.

റിനോഷിന്റെ പൊട്ടിത്തെറിയിൽ സത്യത്തിൽ ബിഗ് ബോസ് വീടും പ്രേക്ഷകരും ഞെട്ടിത്തരിച്ചു എന്ന് പറയാം. എന്നാൽ പൊട്ടിത്തെറിച്ച ശേഷവും താൻ കാരണം മറ്റുള്ളവർക്ക് വിഷമമായി എന്ന് മനസിലാക്കിയ റിനോഷ് അവരോട് പോയി മാപ്പ് പറയുകയും ഒപ്പമിരുന്ന് സമാധാനിപ്പിക്കുകയും എല്ലാം ചെയ്തു. ഇതിനൊക്കെ പ്രേക്ഷകർ കയ്യടിക്കുകയാണ്. നിരവധി പേരാണ് റിനോഷിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
'കുറച്ചാളുകളെ അടച്ചിട്ട ഒരു വീടിന്റുള്ളിന്ന് 24 മണിക്കൂറും കണ്ടോണ്ട് നിക്കുമ്പോ, അതിലരാണ് മികച്ച ഗെയിം കളിക്കുന്നത്, ആരാണ് കൂടുതൽ ഒച്ചയുണ്ടാക്കുന്നത്, ആർക്കാണ് നല്ല നിലപാട് എന്നൊക്കെ അളന്നു മുറിച്ചൊന്നും ഇഷ്ടപ്പെടാൻ പറ്റില്ല.. ആരെയാണോ ഓരോരാൾക്കും കണക്ട് ആകുന്നത്, അവരെയാണ് ഓരോരുത്തരും ഇഷ്ടപ്പെടുക,'
'ബിഗ്‌ബോസ് മെറ്റീരിയൽ അല്ല, ഗെയിം കളിക്കാൻ അറിയില്ല എന്നൊക്കെ എല്ലാരും പറയുന്ന റിനോഷ് ബ്രോയെയാണ് എനിക്ക് ഇഷ്ടയത്. റിനോഷ് ബ്രോ തനി താങ്കമാണ്. ഇന്ന് അയാൾ അയാളുടെ ഡൈ ഹാർഡ് ഫാനാക്കി മാറ്റി,' ലിബിൻ എന്നൊരാൾ ഫേസ്‌ബുക്കിൽ കുറിച്ചത്.
'റിനോഷ് മിണ്ടുന്നില്ല മിണ്ടുന്നില്ല എന്ന് പറഞ്ഞു അവസാനം റിനോഷ് ഒന്ന് അറിഞ്ഞു മിണ്ടിയപ്പോ രണ്ടെണ്ണം മെഡിക്കൽ റൂമിൽ കേറി. അനാവശ്യ കാറികൂവലുകൾ ഇല്ലാതെ ആവശ്യത്തിന് മാത്രം വ്യക്തമായി കാര്യങ്ങൾ ചോദിക്കുന്ന ഒരാൾ. തന്റെ വാക്കുകൾ കൊണ്ട് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ അവരോട് സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്ന ഒരാൾ,'
'അനാവശ്യ നാടകങ്ങളില്ല.. സ്വന്തം തെറ്റുകളെ ന്യായീകരിക്കാതെ അതെല്ലാം അംഗീകരിക്കാൻ ശ്രമിക്കുന്ന ഒരാൾ. ടോക്സിക് ആയി തെറി വിളിച്ചും അടിക്കാൻ ചെന്നും അലറിയും രാജാവാകാൻ ശ്രമിക്കുന്നവർക്കിടയിൽ വ്യത്യസ്ഥനായൊരാൾ,'
'സമൂഹത്തിനു നേരെ തിരിച്ച് വച്ച കണ്ണാടിയാണ് ബിഗ്‌ബോസ് എന്ന് പറയുമ്പോൾ അലറലോ മാസ്സ് കാണിക്കലോ മാത്രമല്ല ഇതുപോലുള്ള കുറച്ച് ക്വാളിറ്റീസ് കൂടി ഉണ്ടാവണമെന്ന് റിനോഷ് തെളിയിക്കുന്നു. റിനോഷ് ബ്രോ വിഷയം ആണ്. ബിഗ്‌ബോസിൽ എനിക്ക് ഇത്രയും പോസിറ്റീവ് വൈബ് തന്നൊരാൾ വേറെയില്ല'
'റിനോഷ് അവസാനം പറഞ്ഞ ആ വാക്കുകൾ, 'ആ കോയിൻസ് സന്തോഷത്തേക്കാൾ എനിക്ക് വേദനയാണ് തന്നത് അതുകൊണ്ട് ഞാൻ അത് കൊടുത്തു,' എന്നായിരുന്നു സായന എന്നൊരു വ്യക്തി കുറിച്ചത്.

'ദേഷ്യപ്പെടേണ്ട സമയത്തു സ്ക്രീൻ സ്പേസ്നു വേണ്ടി അല്ലാതെയുള്ള റിയൽ പ്ലേ. തന്റെ ഭാഗം വിശദീകരിച്ചു കഴിഞ്ഞാൽ അനന്ത സാധ്യത ഉള്ള സ്ക്രീൻസ്‌പേസ് ചാൻസും വകവെക്കാതെ അനാവശ്യമായ ഒരു ഷോയും ഇറക്കാതെ താൻ ചൂടായത് ശരിയായില്ല എന്ന് സ്വയം മനസ്സിലാക്കിയില്ല ഷെഡ് ഡൗണ് മോഡ്. താൻ കാരണം ഒരാൾ വേദനിച്ചു എന്ന് തോന്നൽ ഉണ്ടായാൽ അവരുടെ ഒപ്പം നിൽക്കാൻ കാണിക്കുന്ന കംപാഷൻ. റിനോഷ് ബ്രോ നിങ്ങൾ പൊളിയാണ്,'
'നിങ്ങളൊരു വലിയ വിഷയമാണ്. ബിഗ് ബോസ് ഒരു ജന്റിൽമാൻ ഗെയിം ആയിരിക്കില്ല പക്ഷെ റിനോഷ് ഒരു ജെന്റിൽമാൻ തന്നെയാണ്,' എന്നിങ്ങനെയൊക്കെയാണ് പ്രേക്ഷകർ കുറിക്കുന്നത്.
അതേസമയം, റിനോഷിനെതിരെ വിമർശനങ്ങളും ഉണ്ട്. ബിഗ് ബോസ് മെറ്റീരിയൽ അല്ല. ഇങ്ങനെയല്ല ഗെയിം കളിക്കേണ്ടത്. മത്സര ബുദ്ധി എന്നൊന്ന് ഇല്ല. എന്നൊക്കെയാണ് പ്രധാന വിമർശനങ്ങൾ. അടുത്ത സീസണുകളിൽ ഒക്കെ റിനോഷിനെ പോലെ പച്ചയായ മനുഷ്യർ ഷോയിൽ വന്നാൽ ബിഗ് ബോസ് വീട് ആശ്രമം ആക്കാമല്ലോ എന്ന രസകരമായ കമന്റുകളും പലരും പങ്കുവയ്ക്കുന്നുണ്ട്.


Click it and Unblock the Notifications