ബിഗ് ബോസിൽ പോയതിനു ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്; പലതും നഷ്ടമായി: റോക്കി പറയുന്നു
പുതിയ സിനിമയുടെ വിശേഷങ്ങളുമായി അസി റോക്കി വീണ്ടും ചർച്ചയാവുന്നു. റോക്കി നായകനാവുന്ന പുതിയ സിനിമയുടെ പ്രസ് കോൺഫറസിനു വേണ്ടി എത്തിയതാണ് താരം. സിനിമയിൽ അഭിനയിക്കുന്നതിനാൽ താൻ വളരെ സന്തോഷത്തിലാണ് എന്നും നായകനായിട്ടാണ് വിളിച്ചിരിക്കുന്നതെന്നും റോക്കി പറഞ്ഞു. ഒരുപാട് സൈബർ ആക്രമണത്തിനൊടുവിൽ സിനിമയിലേക്ക് അവസരം ലഭിച്ചതിന്റെ ആവേശം റോക്കിയുടെ മുഖത്ത് കാണാൻ സാധിക്കുന്നുണ്ട്. സിനിമാ വിശേഷങ്ങളും ബിഗ് ബോസ് വിവാദങ്ങളെ കുറിച്ചും കൗമുദി മൂവീസിലൂടെ അസി റോക്കി സംസാരിക്കുന്നു.
ഇപ്പോൾ റോക്കിയുടെ ഈ സിനിമാ വാർത്ത പ്രചരിക്കുന്നത് സിജോയുടെ പുതിയ സർജറി വീഡിയോക്ക് ശേഷമാണ്. ബിഗ്ബോസിൽ പോയതിനു ശേഷം തന്റെ പ്രൈവസി നഷ്ടമായെന്നാണ് റോക്കി പറയുന്നത്. "ബിഗ്ബോസ്ൽ പോയതിനു ശേഷം എല്ലാവരും തിരിച്ചറിയുന്നുണ്ട്. ഒരുപാട് മീഡിയാസ് എന്റെ കൂടെ ഉണ്ടാവാറുണ്ട്. പിന്നെ എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് പേരും ഇഷ്ടപ്പെടാത്ത നിരവധി ആളുകളും ഉണ്ട്. അതിപ്പോൾ എവിടെ ആണെങ്കിലും അങ്ങനെ ഉണ്ടാവും. പിന്നെ ഏറ്റവും ബുദ്ധിമുട്ടുള്ളത് എനിക്ക് പ്രൈവസി നഷ്ടമായി."

"നേരത്തെ ചെയ്തു കൊണ്ടിരുന്ന പല കാര്യങ്ങളും ഇപ്പോൾ പബ്ലിക്കായി ചെയ്യാൻ സാധിക്കില്ല. കാരണം ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്." റോക്കി പറഞ്ഞു. പൊതുവേ റോക്കിയുടെ ഏതൊരു വീഡിയോക്ക് താഴെയും നെഗറ്റീവ് കമന്റുകളാണ് കൂടുതലും വരുന്നത്. പ്രധാനമായും സിജോയുമായി ബന്ധപ്പെട്ട വിഷയത്തെ തുടർന്നാണ് ഇത്തരത്തിൽ നെഗറ്റീവ് കമന്റുകളും ചീത്ത വിളികളും റോക്കി നേരിടുന്നത്. അതിനെ കുറിച്ച് റോക്കി പറയുന്നത് ഇങ്ങനെ.
"എന്നെ കുറിച്ച് അറിയാത്തവരാണ് എന്നെ ചീത്ത വിളിക്കുന്നത്. എന്നെ അടുത്തറിയുന്ന ആർക്കും എന്നെ കുറിച്ച് ഒരു മോശവും പറയാനില്ല എന്ന് നന്നായി അറിയാം. പിന്നെ സിജോന്റെ കാര്യം അത് പറഞ്ഞ് തീർത്തതാണ്. എന്നാൽ സിജോ ഒരു വിഡിയോയിൽ അച്ഛനില്ല അച്ഛനില്ല എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ എന്താണ് പറഞ്ഞതെന്നും അതിന്റെ അർത്ഥമെന്താണെന്ന് പോലും അറിയാതെയാണ് സിജോ ആ വീഡിയോ ചെയ്തത്. എനിക്ക് അച്ഛനും അച്ഛന്റെ അച്ഛനും എല്ലാവരും ഉണ്ട്." റോക്കി വിശദീകരിച്ചു.

"എനിക്ക് ആദ്യം 33 ഫോളോവേഴ്സായിരുന്നു ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്. എന്നാൽ ബിഗ് ബോസിൽ നിന്ന് വന്നതിനു ശേഷം നിരവധി ഫോളോവേഴ്സ് വന്നു. പക്ഷേ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. അങ്ങനെയാണ് എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമായത്. കുപ്പി വിവാദവും തൊപ്പി വിവാദവും എല്ലാം നിലനിൽക്കുന്നുണ്ട്. എങ്കിലും ഇപ്പോൾ വേറെയും ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടാവുന്നുണ്ട്. ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന്."
"ഞാൻ ഒരുപാട് ആഗ്രഹിച്ചാണ് ബിഗ് ബോസിലേക്ക് പോയത്. എന്റെ കുറേ കാലത്തെ അധ്വാനവുമായിരുന്നു ബിഗ് ബോസ്. എന്നാൽ അവസാനം ഇങ്ങനെ സംഭവിച്ചു. എന്നാൽ ഇപ്പോൾ തോന്നുന്നത് ബിഗ് ബോസിൽ നിന്നും പുറത്തായത് പുതിയ തുടക്കത്തിനുള്ള സൂചനയാവുമെന്ന്. ഇപ്പോൾ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിനിമയിലേക്ക് വന്ന അവസരം." അസി റോക്കി വിശദീകരിച്ചു.


Click it and Unblock the Notifications











