ബിജുവും സംയുക്തയും കണ്ണടച്ച് പാല് കുടിക്കുകയായിരുന്നു, സമ്മതിച്ചു തരാൻ മടിയായിരുന്നു: കമൽ
മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമ സെറ്റിൽ വച്ച് പ്രണയത്തിലായ ഇരുവരും, 2002ലാണ് വിവാഹിതരായത്. ഇന്ന് ഇരുവർക്കും ദക്ഷ് ധാർമിക് എന്നൊരു മകനും ഉണ്ട്. ആദ്യമായി ബിജുവിനെ ശ്രദ്ധിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണെന്ന് ഒരിക്കൽ സംയുക്ത വെളിപ്പെടുത്തിയിരുന്നു. അന്ന് തന്നെക്കുറിച്ചു സിനിമ മാഗസിനിൽ വന്ന വാർത്ത ഉറക്കെ വായിച്ച കനത്ത ശബ്ദമുള്ള ചെറുപ്പക്കാരനിൽ, യുവ നടിയുടെ മനസ്സ് ഉടക്കി. എന്നാൽ, ഇരുവരും പ്രണയത്തിലായത് മധുരനൊമ്പരക്കാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്.
കുറച്ചു കാലം മുൻപ് കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സീനിയർ സംവിധായകൻ കമൽ ബിജു മേനോനും സംയുക്ത വർമ്മയും തമ്മിലുള്ള പ്രണയത്തിന്റെ അറിയാത്ത ചില കഥകൾ വെളിപ്പെടിത്തിയിരുന്നു. പ്രശസ്ത താരങ്ങൾ പ്രണയം വളരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എന്നും, സത്യത്തിൽ അവർ കണ്ണടച്ച് പാല് കുടിക്കുകയായിരുന്നു എന്നും, അദ്ദേഹം പറഞ്ഞു.

മേഘമൽഹാർ എന്ന സിനിമയിലേക്ക് ആദ്യം നായകനായി ആലോചിച്ച ജയറാം എത്തില്ല എന്നറിഞ്ഞപ്പോൾ, പകരം ബിജു മേനോൻ മതിയെന്ന് കമൽ തീരുമാനിക്കുകയായിരുന്നു. നടനും നായികയായ സംയുക്ത വർമ്മയും തമ്മിലുള്ള പ്രണയം കണ്ടെത്തിയതോടെയാണ് ആ തീരുമാനം ഉറപ്പിക്കുന്നത്. "ഒരു മുഴുനീള പ്രണയചിത്രം ഒരുക്കുകയാണ് (മേഘമൽഹാർ). അതിൽ അഭിനയിക്കുന്നതാവട്ടെ ബിജുവും സംയുക്തയും. അതിന്റെ തമാശ, ഇതിന് തൊട്ടു മുൻപ് ഇറങ്ങിയ സിനിമയാണ് മധുരനൊമ്പരക്കാറ്റ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്," സംവിധായകൻ ഓർത്തെടുത്തു.
"ഞാനും ക്യാമറാമാൻ പി സുകുമാറും കൂടി ലൊക്കേഷനിൽ വച്ച് കണ്ടു പിടിക്കുകയായിരുന്നു - ഇവര് തമ്മിൽ എന്തോ ചുറ്റിക്കളി ഉണ്ടല്ലോ എന്ന്. പക്ഷെ ബിജു മേനോനും സംയുക്ത വർമ്മയും യാതൊരു കാരണവശാലും ഇത് സമ്മതിച്ചു തരികയുമില്ല. ആ പടത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴും അംഗീകരിച്ചിട്ടില്ല. അപ്പോൾ അവരാണ് മേഘമൽഹാറിൽ വീണ്ടും ഒന്നിക്കുന്നത്. അപ്പോൾ ഞാൻ സുകുമാറിനോട് ഫോൺ വിളിച്ചു പറഞ്ഞു, "ഈ രണ്ടു കക്ഷികളാണ് വരുന്നത്. ഇവരെ ഈ സിനിമയിലൂടെ ഒരു വഴിക്ക് ആക്കിയെടുക്കണം," എന്ന്," ഒരു ചിരിയോടെ കമൽ വെളിപ്പെടുത്തി.

"ലൊക്കേഷനിൽ വന്നപ്പോഴാണ് ബിജു സ്ക്രിപ്റ്റ് കേൾക്കുന്നത്. ബിജു ആകെ വല്ലാതെയായി. എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചപ്പോൾ, "ഒന്നുമില്ല... ഇത് ഒരു ലവ് സ്റ്റോറി ആണല്ലോ. ഈ കാരക്ടർ ചെയ്യാൻ കുഴപ്പം ഉണ്ടായിട്ടല്ല... എനിക്ക് ആകെക്കൂടി ഒരു വല്ലായ്ക," അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു, "കാര്യങ്ങളൊക്കെ എനിക്കറിയാം... എനിക്ക് മനസ്സിലായി, കണ്ണടച്ചു പാല് കുടിക്കുന്നത് ആരും കാണുന്നില്ല, മനസ്സിലാക്കുന്നില്ല, എന്നൊന്നും കരുതണ്ട. അത് അവിടെയിരിക്കട്ടെ," എന്ന്. അപ്പോൾ ആൾക്കാരൊക്കെ അറിഞ്ഞ് ഈ വിഷയം ഒരു സംസാരമാകുമോ എന്ന ടെൻഷൻ തനിക്കുണ്ടെന്നാണ് ബിജു പറഞ്ഞത്," കമൽ കൂട്ടിച്ചേർത്തു.
എന്തായാലും, ബിജുവിനെയും സംയുക്തയെയും പറഞ്ഞു സമാധാനിപ്പിച്ച് കമൽ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിച്ചു. അങ്ങനെ പിറവിയെടുത്തതാണ് മേഘമൽഹാർ എന്ന ക്ലാസിക് റൊമാന്റിക് ചിത്രം. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു അധികം വൈകാതെ തന്നെ, പ്രശസ്ത താരങ്ങൾ ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചു. അതിന് ശേഷം വെറും രണ്ട് ചിത്രങ്ങൾ കൂടി അഭിനയിച്ച സംയുക്ത, ബിജുവിനെ വിവാഹം ചെയ്ത് അഭിനയത്തോട് വിടപറഞ്ഞു.


Click it and Unblock the Notifications











