മീരയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് കാവ്യ ഭയന്നു, ആ റോൾ തനിക്ക് തന്നുകൂടേയെന്ന് ചോദിച്ചു: കമൽ പറയുന്നു
മലയാള സിനിമയിൽ എല്ലാ കാലഘട്ടങ്ങളിലും നായികാ പ്രാധാന്യമുള്ള ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട്. മറ്റു ഇൻഡസ്ട്രികളെ അപേക്ഷിച്ച്, മുൻ നിര നായികമാർ ഈഗോ പ്രശ്നങ്ങളില്ലാതെ ഒന്നിച്ച് അഭിനയിക്കാൻ തയ്യാറാവാറുള്ള ഒരിടം കൂടിയാണിത്. അങ്ങനെയെത്തി, ഏറെ പ്രശംസ നേടിയ ചിത്രമാണ് കമൽ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. ദേശീയ അവാർഡ് ജേതാവായ മീര ജാസ്മിനും, കാവ്യ മാധവനുമാണ് ഏറെ അംഗീകാരങ്ങൾ നേടിയ പെരുമഴക്കാലത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
കുറച്ചു കാലം മുൻപ് കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, കമൽ പെരുമഴക്കാലം എന്ന സിനിമയോടൊത്തുള്ള തന്റെ യാത്രയെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. ആ കഥ രൂപപ്പെട്ടു വന്നതിനെ കുറിച്ചും, പ്രധാന പുരുഷ കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനെ കാസ്റ്റ് ചെയ്യാൻ ആലോചിച്ച കാര്യവും, എന്നാൽ ചിത്രത്തിലെ ആ റോൾ താൻ ചെയ്യാമെന്ന് പറഞ്ഞ് ദിലീപ് തന്നെ സമീപിച്ചതിനെ കുറിച്ചുമൊക്കെ ആ പരിപാടിയിൽ സംവിധായകൻ വിശദമായി സംസാരിച്ചു.

ഒപ്പം, മീര ജാസ്മിൻ ചിത്രത്തിൽ റസിയ ആയിട്ട് വേഷമിടും എന്നറിഞ്ഞപ്പോൾ, ഗംഗയായി എത്തിയ കാവ്യ മാധവൻ അനുഭവിച്ച അരക്ഷിതാവസ്ഥയെക്കുറിച്ചും കമൽ വെളിപ്പെടുത്തി. ആയിടയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ മീര പ്രോജെക്ടിൽ റസിയയായി എത്തിയാൽ അവർക്കല്ലേ കൂടുതൽ പ്രാധാന്യം ലഭിക്കുക, അവരുടെ കഥാപാത്രത്തിനാണോ കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ളത്, എന്നൊക്കെ അന്ന് കാവ്യ ഭയന്നിരുന്നുവെന്നാണ് അദ്ദേഹം ഓർത്തെടുത്തത്.
"പെരുമഴക്കാലത്തിന്റെ സ്ക്രീൻ പ്ലേ റെഡി ആയി. ഈ റോളുകൾ - മീര ജാസ്മിനെ നമുക്ക് അറിയാം, അന്ന് അവർ വളരെ പ്രോമിസിംഗ് ആയിട്ട് നിൽക്കുകയാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്താണ് പാഠം ഒന്ന് ഒരു വിലാപം എന്ന പടത്തിന് മീര ജാസ്മിന് നാഷണൽ അവാർഡ് കിട്ടുന്നത്. മീര അപ്പോൾ സ്വയം പ്രൂവ് ചെയ്തിട്ടുള്ളതാണ്. പക്ഷെ കാവ്യയെ സംബന്ധിച്ചിടത്തോളം, അവർക്ക് ആകെ ആശയക്കുഴപ്പമായിരുന്നു, ഞാൻ ഈ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ - റസിയ ആണോ നല്ലത്, ഗംഗ ആണോ നല്ലത്, എന്ന്," കമൽ ഒരു ചിരിയോടെ വെളിപ്പെടുത്തി.

കാവ്യയെ കാണാൻ ഓടിയെത്തി, പക്ഷെ കുഞ്ഞു മാധവ് സുരേഷ് തിരിച്ചു പോയത് ചമ്മലോടെ
"അപ്പോൾ ഇടയ്ക്ക് കാവ്യ മാധവൻ എന്നെ വിളിച്ചിട്ട് ചോദിച്ചു, "അങ്കിൾ, ഞാൻ ഗംഗ ആയിട്ട് തന്നെയാണോ വേണ്ടത്? മറ്റേ റോൾ എനിക്ക് ചെയ്തു കൂടെ? എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, "ഇല്ല, എന്റെ മനസ്സിൽ നീയാണ് ഗംഗ. ഇന്നലെ അത് ശരിയാവുകയുള്ളു," എന്ന്. നമുക്ക് അങ്ങനെ തോന്നുമല്ലോ. പിന്നെ സ്ക്രീൻ സ്പേസ് നോക്കുകയാണെങ്കിൽ, ചിലപ്പോൾ ഒരുപാട് സീൻസ് ഉള്ളത് റസിയയ്ക്കാണ് (മീര ജാസ്മിൻ അവതരിപ്പിച്ച കഥാപാത്രം). അതിന്റെ ഒരു കോൺഫിഡൻസ് ഇല്ലായ്മ കാവ്യയ്ക്ക് ഉണ്ടായിരുന്നു. കാരണം, മീരയ്ക്ക് ആയിരിക്കുമല്ലോ പ്രാധാന്യം എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ടാവാം," സംവിധായകൻ ഓർത്തെടുത്തു.
"കാവ്യ ആദ്യമായി അഭിനയിക്കാൻ വന്ന ദിവസം ഞാൻ സ്ക്രീൻ പ്ലേ വച്ചിട്ട് ഞാൻ മുഴുവനായി കഥ പറഞ്ഞു. അപ്പൊ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: "സത്യത്തിൽ ഈ ക്ഷമിക്കുന്ന പെൺകുട്ടിയാണ് ആൾക്കാരുടെ മനസ്സിലേക്ക് കയറുക. റസിയ വന്ന് കരയുകയൊക്കെ ചെയ്യുന്നുണ്ടെങ്കിലും, അവസാനം ഈ മാപ്പ് കൊടുക്കുന്ന പെൺകുട്ടി എന്ന് പറയുന്നത് വേറെയാണ്." ആ സിനിമയിൽ വളരെ കുറച്ചു ഡയലോഗ് മാത്രമേ കാവ്യയ്ക്ക് ഉള്ളു എന്നുള്ളതാണ്. പക്ഷെ ഹൃദയസ്പർശിയായി ആ സിനിമയിൽ കാവ്യ ആ സിനിമയിൽ അഭിനയിച്ചു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കാവ്യയ്ക്കാണ് കിട്ടിയത്," കമൽ പറഞ്ഞു നിർത്തി.


Click it and Unblock the Notifications











