അക്കാര്യത്തിൽ ഞാനും സംയുക്തയും രണ്ടു ധ്രുവങ്ങളിലാണ്; മകന്റെ വളർച്ച ആസ്വദിക്കാൻ പറ്റിയിട്ടില്ല: ബിജു മേനോൻ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. സിനിമകളിൽ ഒരുമിച്ച ഇവർ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2002 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുപത് വർഷമായി സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ദക്ഷ് എന്നൊരു മകനുണ്ട് ഇവർക്ക്.

ഓൺ സ്ക്രീൻ ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് അത് സന്തോഷമായി. എന്നാൽ വിവാഹത്തിന് ശേഷം സംയുക്ത അഭിനയം അവസാനിപ്പിച്ചത് അവരെ ഏറെ നിരാശപ്പെടുത്തി. ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് സംയുക്ത പിന്നീട് അഭിനയിച്ചത്. സംയുക്ത തിരിച്ചുവരുന്നു എന്ന വാര്‍ത്തയ്ക്കായി കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്.

വിവാഹശേഷം സിനിമ വിടാം എന്നു തീരുമാനിച്ചത് സംയുക്തയാണ്

ഇപ്പോഴിതാ, തിരിച്ചുവരവ് സംയുക്തയുടെ തീരുമാനം ആയിരിക്കുമെന്ന് പറയുകയാണ് ബിജു മേനോൻ. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം സംയുക്തയുടെ തന്നെ ആയിരുന്നു. അങ്ങനെ തീരുമാനങ്ങൾ എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സംയുക്തയ്ക്കുണ്ട് എന്നാണ് ബിജു മേനോൻ പറയുന്നത്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'എല്ലാവരും എന്നോടു ചോദിക്കും സംയുക്ത എപ്പോഴാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്ന്. അത് സംയുക്തയുടെ തീരുമാനമാണ്. വിവാഹശേഷം സിനിമ വിടാം എന്നു തീരുമാനിച്ചത് സംയുക്തയാണ്. അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം സംയുക്തയ്ക്കാണ്. ഇപ്പോൾ സംയുക്തയ്ക്ക് കുടുംബ കാര്യങ്ങളിലും മോന്റെ കാര്യങ്ങളിലും ശ്രദ്ധിക്കാനാണ് താൽപര്യം. ജീവിതം വളരെ ബാലൻസ് ആയി പോകുന്നുണ്ട്,' ബിജു മേനോൻ പറഞ്ഞു.

എന്റെ എല്ലാ സിനിമകളും അവനു മനസ്സിലാകാറില്ല

'സംയുക്ത ഫിറ്റ്നസിൽ കണിശക്കാരിയാണ്. അതിലേക്ക് എന്നെ നയിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ, നല്ല ക്ഷമ വേണം. എനിക്കതില്ല. കുറെ സമയം ഇരുന്നുള്ള പരിപാടികൾ എനിക്കു പറ്റില്ല. ശ്വസനവ്യായാമങ്ങൾ സംയുക്ത പഠിപ്പിക്കും. ബാക്കിയൊന്നും എനിക്കു പറ്റില്ല. അക്കാര്യത്തിൽ ഞങ്ങൾ രണ്ടു ധ്രുവങ്ങളിലാണ്. ക്ഷമയില്ലാത്തതുകൊണ്ടാണ്. പക്ഷേ, ശീലിച്ചാൽ വളരെ ശാന്തതയും സമാധാനവുമൊക്കെ ഉണ്ടാകും,' ബിജു മേനോൻ കൂട്ടിച്ചേർത്തു. സര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടറാണ് സംയുക്ത.

മകൻ ദക്ഷിനെ കുറിച്ചും ബിജു മേനോൻ സംസാരിക്കുന്നുണ്ട്. 'ദക്ഷ് എന്റെ ഒരുവിധം സിനിമകളെല്ലാം കാണാറുണ്ട്. പ്ലസ് വണിലാണ് അവൻ പഠിക്കുന്നത്. എന്റെ എല്ലാ സിനിമകളും അവനു മനസ്സിലാകാറില്ല. സംയുക്ത വളരെ ശ്രദ്ധയോടെ സിനിമകൾ കാണുന്ന ഒരാളാണ്. എനിക്കു ഷൂട്ടിങ് തിരക്കുകളിൽ പലപ്പോഴും സിനിമ കാണാനൊന്നും പറ്റാറില്ല. നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റ് ഉണ്ടാക്കി, എന്നെ അത് കാണാൻ പ്രേരിപ്പിക്കുന്നതു സംയുക്തയാണ്,'

അവന്റെ വളർച്ച മുഴുവനായി ആസ്വദിക്കാൻ പറ്റിയിട്ടില്ല

'സിനിമയിൽ എനിക്കു കൂടുതൽ വിവരങ്ങൾ കിട്ടുന്നതു സംയുക്തയിൽ നിന്നാണ്. സിനിമാ ഫീൽഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നെക്കാൾ കൂടുതൽ സംയുക്ത അറിയുന്നുണ്ട് എന്നു തോന്നുന്നു. കൂടുതൽ മെച്ചപ്പെടാൻ എന്നെ പ്രചോദിപ്പിക്കുന്ന ആള് സംയുക്ത ആണ്', ബിജു മേനോൻ പറഞ്ഞു.

അടുത്തകാലത്തായി ഷൂട്ടിങ് തിരക്കുകൾ കാരണം കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നുണ്ട്. '93 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു. ഇടയ്ക്ക് ഗ്യാപ് കിട്ടിയെങ്കിലും മോന് ചിക്കൻപോക്സ് വന്നതുകൊണ്ട് വീട്ടിൽ വരാൻ പറ്റിയില്ല. അതിന്റെ തൊട്ടു മുൻപത്തെ തവണ വീട്ടിൽ എല്ലാവർക്കും വൈറൽ ഫീവർ ആയിരുന്നു. അതിനു മുൻപ് കോവിഡ് സീസൺ ആയതു കൊണ്ട് ഒറ്റയ്ക്കുള്ള യാത്രകളായിരുന്നു,'

'കുടുംബത്തോടൊപ്പമുള്ള സമയം ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മോനൊപ്പമുള്ള സമയം. ഒരു ഷൂട്ട് കഴിഞ്ഞു വരുമ്പോഴേക്ക് ചിലപ്പോൾ അവനൊരു രണ്ട് ഇഞ്ച് വളർന്നിരിക്കും. ഇപ്പോ എന്നെക്കാൾ ഉയരം ഉണ്ട്. അവന്റെ വളർച്ച മുഴുവനായി ആസ്വദിക്കാൻ പറ്റിയിട്ടില്ല,' ബിജു മേനോൻ പറഞ്ഞു.

Read more about: biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X