എനിക്ക് ഒരൊറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളു, അതോടെ മതിയായി; പ്രണയം അഞ്ച് മിനിറ്റിൽ അവസാനിച്ചാൽ സുഖം: ഷൈൻ
മലയാളത്തിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഷൈൻ ഇതുവരെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടനാണ് ഷൈൻ. ക്രിസ്റ്റഫറാണ് ഷൈനിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സിനിമകളുടെ പ്രമോഷനുകളിലും പ്രസ് മീറ്റിങ്ങുകളിലുമെല്ലാം സജീവമായി പങ്കെടുക്കാറുള്ള താരം കൂടിയാണ് ഷൈൻ ടോം ചാക്കോ. തന്റെ പുതിയ സിനിമകളുടെ എല്ലാം പ്രൊമോഷനുകളിൽ ഷൈൻ മുന്നിൽ തന്നെയുണ്ടാകാറുണ്ട്. ഇങ്ങനെയുള്ള പല അഭിമുഖങ്ങളിലും ഷൈൻ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളും പരാമർശങ്ങളുമൊക്കെ വിവാദമായിട്ടുണ്ടെങ്കിലും ഇന്നും അതിനെല്ലാം മുൻപതിയിൽ നടനുണ്ട്.

ബൂമറാംഗ് ആണ് ഷൈനിന്റെ റിലീസിന് എത്തുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഷൈൻ ഇപ്പോൾ. പ്രണയം ഇതിവൃത്തമാക്കിയിട്ടുള്ള ചിത്രമാണ് ബൂമറാംഗ്. പ്രസ് മീറ്റിൽ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ തന്റെ പ്രണയങ്ങളെ കുറിച്ചും ഷൈൻ സംസാരിച്ചിരുന്നു. ഷൈനിന്റെ ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

ജീവിതത്തിൽ താൻ ഇതുവരെ ഒരു പെൺകുട്ടിയുടെയും പിന്നാലെ നടന്നിട്ടില്ലെന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. തനിക്ക് ആകെ ഒരു പ്രണമെ ഉണ്ടായിട്ടുള്ളു എന്നും എന്നാൽ തന്നോട് പലരും പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും ഷൈൻ പറഞ്ഞു. താൻ പ്രണയിക്കാത്തതിന്റെ കാരണവും ഷൈൻ വ്യക്തമാക്കി. കഥാപാത്രത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള നടന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

ഒരുപാട് പെൺകുട്ടികളുടെ പിന്നാലെ നടക്കുന്ന കഥാപാത്രങ്ങളുണ്ടാകുമല്ലോ അങ്ങനെയൊരു കഥാപാത്രമാണിത്. ഉദാഹരണത്തിന് ബോയിങ് ബോയിങ് പോലെയൊക്കെയുള്ള ഒന്നെന്ന് ഷൈൻ പറഞ്ഞു. ഒരു കാലത്ത് ആണുങ്ങൾക്ക് എത്രവേണെങ്കിലും പ്രേമിക്കാം പിന്നാലെ നടക്കാം എന്നൊക്കെ ആയിരുന്നല്ലോ. സ്ത്രീകൾക്ക് അത് പറ്റില്ലല്ലോ. ഏറ്റവും കൂടുതൽ പെൺകുട്ടികളെ വളക്കുന്നവനെയല്ലേ കേമൻ എന്ന് പറഞ്ഞിരുന്നത്. തെറ്റായ ധാരണയാണ് അതെന്ന് ഷൈൻ പറയുന്നു.

എന്റെ ജീവിതത്തിൽ ഞാൻ ആരെയും വളച്ചിട്ടില്ല, എന്നെ വളച്ചിട്ടുണ്ട്. വളച്ചെട്ടില്ല, വളഞ്ഞിട്ടേയുള്ളു. ആകെ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളു. അതോടെ എനിക്ക് മതിയായി. 24 മണിക്കൂറും ഒരുത്തിയെ കൺവിൻസ് ചെയ്ത് മുന്നോട്ട് പോകുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് നടക്കുന്ന കാര്യമല്ല.
എന്നെ തന്നെ എനിക്ക് കൺവിൻസ് ചെയ്യാൻ പറ്റില്ല. പിന്നെ എന്തിനാണ് വേറെ ഒരാളെ കൂടെ കൺവിൻസ് ചെയ്ത് വഴി തെറ്റിക്കുന്നത്. അവിടെയും ഇവിടെയും ഒരു സമാധാനം കിട്ടില്ല. പ്രണയം അഞ്ച് മിനിറ്റിൽ അവസാനിക്കുകയാണെങ്കിൽ സുഖമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

സംയുക്തയാണ് ബൂമറാംഗിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനിൽ നടിയുടെ അസാന്നിധ്യം ചർച്ചയായി മാറിയിരുന്നു. നടിയെ വിമർശിച്ച് ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. ഇരുവർക്കും പുറമെ ബൈജു സന്തോഷ്, ചെമ്പൻ വിനോദ് ജോസ്, ഡെയിൻ ഡേവിസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
മനു സുധാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ഫെബ്രുവരി 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications