ദിലീപ് അവാർഡിന് വേണ്ടി ചെയ്ത പടം! ആദ്യ സീനിൽ കയ്യടിച്ച ഫാൻസ് മൂന്നാമത്തേത് കഴിഞ്ഞതോടെ നിരാശരായി: കെ ജി ജയൻ
മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ദിലീപ്. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തി ആദ്യം സഹ സംവിധായകനായി പിന്നീട് ചെറിയ വേഷങ്ങളിലൂടെ സഹനടനായും നായക നടനുമായി മാറിയ താരമാണ് ദിലീപ്. അടുത്ത കാലത്തായി നിറം മങ്ങി നിൽക്കുകയാണെങ്കിലും പ്രേക്ഷക മനസ്സിൽ ജനപ്രിയ നായകനാണ് ദിലീപ്.
ആദ്യ കാലങ്ങളിൽ കോമഡി സിനിമകളിലൂടെയാണ് ദിലീപ് തന്റെ കരിയർ വളർത്തിയെടുത്തത്. നിരവധി ഹിറ്റുകളാണ് നടൻ അങ്ങനെ മലയാളത്തിന് സമ്മാനിച്ചത്. അങ്ങനെ സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്യുന്നതിനിടെ ദിലീപ് അതിൽ നിന്ന് വ്യത്യസ്തമായി ചെയ്തൊരു സിനിമ ആയിരുന്നു കഥാവശേഷൻ.
വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ചിത്രം സംവിധാനം ചെയ്തത് ടി വി ചന്ദ്രൻ ആയിരുന്നു. ജ്യോതിർമയി ആയിരുന്നു ദിലീപിന്റെ നായികയായത്. ദിലീപ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ, ആ ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ ഉണ്ടായ ആരാധകരുടെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ ക്യാമറാമാൻ കെ ജി ജയൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവാർഡ് പ്രതീക്ഷിച്ച് ചെയ്ത സിനിമയായിരുന്നു കഥാവശേഷൻ. ദിലീപിന് അവാർഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. അങ്ങനെ ആയിരുന്നു ആ സിനിമ പ്ലാൻ ചെയ്തത്. സാധാരണ ദിലീപ് സിനിമകളിൽ ഉണ്ടാകുന്ന പോലുള്ള തമാശകൾ ആയിരുന്നില്ല ചിത്രത്തിൽ. എല്ലാം സിറ്റുവേഷണൽ തമാശകൾ ആയിരുന്നു. പലതും രസമാണ്. എന്നാൽ ഭയങ്കര സീരിയസ് ആയ ഒരു സിനിമ ആയിരുന്നു,'
'ദിലീപ് ഫാൻസിനൊക്കെ ഭയങ്കര പ്രശ്‌നമായിരുന്നു. അതിന്റെ തുടക്കം തന്നെ വേറെ രീതിയിൽ ആയിരുന്നു. ആദ്യ ഷോട്ടിൽ ദിലീപിന്റെ കണ്ണാടിയിൽ നിന്നുള്ള ഒരു റിഫ്ലെക്ഷൻ. രണ്ടാമത്തെ ഷോട്ടിൽ ദിലീപ് പുറത്തേക്ക് നോക്കുന്നത്. മൂന്നാമത്തെ ഷോട്ടിൽ ദിലീപ് തൂങ്ങി മരിച്ചു കിടക്കുന്നതാണ്,'
'സിനിമയുടെ പ്രിവ്യു ഷോ തിയേറ്ററിൽ കാണുമ്പോൾ ആദ്യ ഷോട്ടിൽ ഫാൻസിന്റെ ഭയങ്കര കയ്യടി ആയിരുന്നു. രണ്ടാമത്തെ ഷോട്ടിലും അത് തുടർന്നു. മൂന്നാമത്തെ ഷോട്ട് ആയപ്പോൾ ഫാൻസ് ഒക്കെ നിശബ്ദം അവർക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത പോലെ. ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു. സിനിമയുടെ കഥ അയാൾ മരിച്ച ശേഷം അത് എന്തിനായിരുന്നു എന്നതിന്റെ അന്വേഷണമാണ്,'
'ഫാൻസ് ആ സീൻ കഴിഞ്ഞതോടെ നിരാശരായി. ഫാൻസിന് ഏറ്റെടുക്കാൻ പറ്റാത്ത ഒരു സിനിമയായി പോയി അത്. പരാജയപ്പെട്ടോ എന്ന് ചോദിച്ചാൽ അറിയില്ല. എന്തായാലും ഹിറ്റായി മാറിയില്ല. വളരെ സീരിയസ് കഥാപാത്രം ആയിരുന്നു. എന്നാലും ഇടയ്ക്ക് ദിലീപ് കയറി ഞാൻ ഇങ്ങനെ പറയട്ടെ എന്ന് ചോദിച്ച് വളിപ്പ് പറയും,'

'എന്നാൽ ഡയറക്ടർ ചന്ദ്രൻ അതൊന്നും നടക്കില്ലെന്ന് പറഞ്ഞു. ദിലീപിന്റെ പൊതുവെയുള്ള സിനിമകളിൽ അവരുടെ ഗാങ് ഇരുന്ന് സിറ്റുവേഷനുകൾ ഉണ്ടാക്കി ചെയ്യുന്നത് ആണ്. സ്ക്രിപ്റ്റ് ഒക്കെ ചെയ്യാതെ ചെയ്യും. പക്ഷെ ഇതിൽ അങ്ങനെ പറ്റില്ല. നല്ല ഇന്റിമസി തോന്നുന്ന സീനുകൾ ഒക്കെ സിനിമയിൽ ഉണ്ട്,'
'അവാർഡ് പ്രതീക്ഷിച്ച് ദിലീപ് തന്നെ ചെയ്യിച്ച ഒരു സിനിമ തന്നെയാണ് അതെന്നാണ് തോന്നുന്നത്. അങ്ങനെയുള്ള ആഗ്രഹങ്ങൾ ഒക്കെ ഉണ്ടാവുമല്ലോ. ആ സിനിമ കാലം തെറ്റി ഇറങ്ങിയ സിനിമയാണ്. ഗുജറാത്ത് കലാപവും മറ്റുമാണ് സിനിമ ചർച്ച ചെയ്‌തത്. എന്നാൽ ഇത് സംബന്ധിച്ച് വലിയ ചർച്ചകൾ രൂപപ്പെടുന്നതിന് മുന്നേ സിനിമ റിലീസായി,'
'സംവിധായകൻ ചന്ദ്രേട്ടന്റെ മകൻ അവിടത്തെ കലാപമൊക്കെ നേരിട്ട് കണ്ടതാണ്. അത് വെച്ചാണ് ആ സിനിമ മോൾഡ് ചെയ്തത്. എന്നാൽ അതിന്റെ ഇന്റെന്സിറ്റി മലയാളികൾക്ക് അറിയാൻ പറ്റിയില്ല. പിന്നെ പ്രതീക്ഷിക്കാത്ത ഒരു രീതിയിലുള്ള സിനിമ ആയിരുന്നു. അന്നത്തെ പ്രേക്ഷകർക്ക് അത് ദഹിച്ചില്ല. അതാകും സിനിമ വിജയിക്കാതെ പോയത്,' കെ ജി ജയൻ പറഞ്ഞു.


Click it and Unblock the Notifications