വിമലിനെ ഫ്ലാറ്റിൽ കയറ്റിയതിന് പൊലീസ് സ്റ്റേഷൻ വരെ കയറേണ്ടി വന്നു; ആദ്യം ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി!: ജിസ്മ
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള സെലിബ്രിറ്റികളാണ് ജിസ്‍മയും വിമലും. ടെലിവിഷനിൽ അവതാരകരായിരുന്ന ഇരുവരും വെബ് സീരീസുകളിലൂടെയാണ് പ്രേക്ഷർക്ക് പ്രിയപ്പെട്ടവരായത്. ജിസ്‍മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്ന വെബ് സീരീസുകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നേരത്തെ മിനിസ്‌ക്രീനിൽ വിവിധ ഷോകളിൽ അവതാരകരായി എത്തിയിട്ടുള്ള ഇരുവരും അത് നിർത്തി യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ആദ്യം ഫിറ്റ്നസ്സ് വീഡിയോകളാണ് ഇവർ പങ്കുവച്ചിരുന്നത്. പിൽക്കാലത്ത് വെബ് സീരീസുകളിലേക്ക് കടക്കുകയായിരുന്നു. വെബ് സീരീസുകൾ ഹിറ്റായതോടെ ഇവർക്ക് വലിയ ആരാധക പിന്തുണയും ലഭിച്ചു.

ഇവരുടെ വീഡിയോകൾ വൈറലായി തുടങ്ങിയതോടെ ഇവർ സുഹൃത്തുക്കൾ മാത്രമാണോ അതോ വിവാഹിതരാണോ എന്നതടക്കമുള്ള സംശയങ്ങളുമായി ആരാധകരും എത്തിയിരുന്നു. അടുത്തിടെ തങ്ങൾ കപ്പിൾസ് ആണെന്നും വിവാഹിതരല്ലെന്നും ഇവർ വെളിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ വിവാഹം ഉടനുണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം, ഇവരുടെ വെബ് സീരീസായ ആദ്യം ജോലി പിന്നെ കല്യണത്തിലെ സതീശനെയും രേവതിയെയും പോലെ കല്യാണം കഴിക്കാന്‍ ഒരു സ്ഥിര ജോലിക്കായി കാത്തിരിക്കുകയാണ് തങ്ങളെന്ന് പറയുകയാണ് ജിസ്മയും വിമലും. മൈല്‍സ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇവർക്ക് ഇക്കാര്യം പറഞ്ഞത്.

പ്രണയത്തെ കുറിച്ചും യൂട്യൂബ് വെബ്‌സീരിസിലേക്ക് കടന്നു വന്നതിനെക്കുറിച്ചുമെല്ലാം താരങ്ങൾ സംസാരിക്കുന്നുണ്ട്. സൂര്യ ടിവിയില്‍ അവതാരകരായിരിക്കുന്ന സമയത്താണ് വിമലും ജിസ്മയും പരിചയപ്പെടുന്നത്. ആദ്യം നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. പിന്നീട് 2020 ഡിസംബറിലാണ് ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.
അവതാരകരായിരിക്കുന്ന സമയത്ത് തന്നെ സിനിമയിലും മറ്റും ഒരുപാട് അവസരങ്ങള്‍ അന്വേഷിച്ച് നടന്നിട്ടുണ്ട്, ഒഡിഷനുകളിൽ ഒക്കെ പങ്കെടുത്തിരുന്നു. എന്നിട്ടും ഒന്നും ആവാതെ വന്നതോടെയാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ആദ്യം ഞങ്ങള്‍ രണ്ട് പേരും മാത്രമായി തുടങ്ങിയ ടീമിലേക്ക് പിന്നീട് ഓരോ ഘട്ടത്തിലും ഓരോരുത്തര്‍ വരികയായിരുന്നു. അങ്ങനെയാണ് ഇപ്പോഴുള്ള നിലയിലേക്ക് എത്തിയതെന്ന് ഇരുവരും പറയുന്നു.

എല്ലാം ആയിട്ട് ചെയ്ത് തുടങ്ങാം എന്ന് കരുതിയവരല്ല. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നാണ് ഞങ്ങള്‍ വീഡിയോ ചെയ്തു തുടങ്ങിയത്. ആദ്യം ജിസ്മയുടെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു ചെയ്തത്. പെൺകുട്ടികൾ മാത്രമുള്ള എന്റെ ഫ്‌ളാറ്റിലേക്ക് സ്ഥിരമായി ഒരു പുരുഷന്‍ വരുന്നത് വലിയ പ്രശ്‌നമായി പൊലീസ് സ്റ്റേഷന്‍ വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്.
ആ സമയത്ത് ഞങ്ങൾ 90 ഡെയ്‌സ് ലൈവ് ചാലഞ്ച് നടത്തുന്നുകയായിരുന്നു. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിക്ക് ലൈവില്‍ വരണം. എവിടെ പോയാലും ആ സമയമാകുമ്പോൾ ഫ്ലാറ്റിൽ വരും. അങ്ങനെ ഒരിക്കല്‍ ലൈവ് ചെയ്യാനായി ഫ്‌ളാറ്റിലേക്ക് എത്തിയപ്പോള്‍ സെക്യൂരിറ്റി ഞങ്ങളെ തടഞ്ഞുവച്ചു. ഒരു വിധത്തിലും രണ്ട് പേരെയും അകത്തേക്ക് വിടില്ല എന്ന് പറഞ്ഞു.

ജിസ്മയോട് പൊയ്ക്കോളൂ എന്ന് പറഞ്ഞു. പക്ഷെ രണ്ടുപേരും ഇല്ലാതെ ഷൂട്ട് നടക്കില്ല. ഒടുവിൽ ജിസ്മ പൊലീസിനെ വിളിച്ചു പൊലീസ് നൽകിയ നിർദേശ പ്രകാരമാണ് ഫ്‌ളാറ്റിലേക്ക് കടന്നത്. ആ സമയത്ത് ഞങ്ങള്‍ റിലേഷന്‍ഷിപ്പിലാണ് എന്ന് രണ്ട് വീട്ടുകാര്‍ക്കും അറിയുന്നത് കൊണ്ട് പ്രശ്‌നമായില്ല. വീട്ടുകാർ പറഞ്ഞിട്ടും കേട്ടില്ല.

പൈസ ഇല്ലാത്തത് കൊണ്ട് വിമലിന്റെയും സുഹുത്തുക്കളുടെയും വീടുകൾ ആയിരുന്നു ലൊക്കേഷൻ. ഫുഡ് ഒക്കെ അമ്മയും. അങ്ങനെയാണ് വെബ് സീരീസ് തുടങ്ങിയതെന്ന് ഇവർ പറഞ്ഞു.
രണ്ട് പേര്‍ക്കും സ്വപ്‌നങ്ങളുണ്ട്. ഇൻഡസ്ട്രിയിൽ എന്തെങ്കിലും ആവണം എന്ന് ആഗ്രഹത്തോടെയാണ് വന്നത്. ജിസ്മ ആഗ്രഹിക്കുന്ന രീതിയില്‍ വളരണം എന്ന് ഞാനും, ഞാന്‍ സ്വപ്‌നം കാണുന്നത് എനിക്ക് കിട്ടണം എന്ന് ജിസ്മയും ആഗ്രഹിക്കുന്നുണ്ട്. രണ്ടു പേരും പരസ്‌പരം പിന്തുണച്ചാണ് മുന്നോട്ട് പോകുന്നതെന്നും താരങ്ങൾ പറഞ്ഞു.


Click it and Unblock the Notifications











